ദേശീയ തലത്തില്‍ വിപുലമായി ആചരിക്കപ്പെടുന്ന അധ്യാപക ദിനത്തോടനുബന്ധിച്ച് ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഒരു വിദ്യാഭ്യാസ വിചിന്തനം ഉചിതമായിരിക്കുമല്ലൊ.
ഇസ്‌ലാം, വിദ്യാഭ്യാസത്തിന് അത്യധികം പ്രോത്സാഹനവും പരിഗണനയും നല്‍കുന്നു. ഖുര്‍ആനിന്റെ പ്രഥമ ബോധനത്തില്‍ തന്നെ വായനയും എഴുത്തും ഊന്നിപ്പറയുന്നുണ്ട് . അത് മുഖേന അജ്ഞതയകറ്റി വിജ്ഞാനം കരഗതമാക്കാന്‍ ഇസ്‌ലാം പ്രേരണ ചെലുത്തുന്നു. മനുഷ്യന്റെ സവിശേഷതയെപ്പറ്റി മനുഷ്യസൃഷ്ടിപ്പുമായി ബന്ധപ്പെട്ട പ്രഥമ പരാമര്‍ശത്തില്‍ തന്നെ വ്യക്തമായി സൂചിപ്പിക്കുന്നു.
മനുഷ്യന്റെ സവിശേഷതകളില്‍ സുപ്രധാനമായ കാര്യമായി ഖുര്‍ആന്‍ എടുത്തു പറയുന്ന കാര്യം ഇപ്രകാരമാണ് ''ആദമിന് വസ്തുക്കളുടെ നാമങ്ങളെക്കുറിച്ച് ബോധനം നല്‍കി. എന്നിട്ട് മലക്കുകള്‍ക്ക് മുമ്പില്‍ അവ പ്രദര്‍ശിപ്പിച്ചുകൊണ്ട് പറഞ്ഞു നിങ്ങള്‍ സത്യവാദികളാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ പറയുവീന്‍. അവര്‍ പറഞ്ഞു നീ പരിശുദ്ധന്‍, നീ പഠിപ്പിച്ചുതന്നതല്ലാതെ ഒന്നും ഞങ്ങള്‍ക്കറിയില്ല. നിശ്ചയം നീ മാത്രമാണ് സര്‍വജ്ഞനും അഗാധജ്ഞാനിയുംജ്ഞ (വി.ഖു 2:31,32).
ഈ വിവരണത്തില്‍ വിദ്യാഭ്യാസത്തിന്റെ രണ്ട് മൗലിക ധാരകളെ സംബന്ധിച്ച പരാമര്‍ശം അടങ്ങുന്നു. ഒന്ന്, കാര്യങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപനം. രണ്ട്, പഠിച്ച കാര്യങ്ങള്‍ പ്രകടിപ്പിക്കുന്ന ആവിഷ്ക്കാരം.
വിദ്യാഭ്യാസ പ്രക്രിയയുടെ രണ്ട് അടിസ്ഥാന ശിലകളാണ് അധ്യാപനവും അധ്യാപനത്തിന്റെ ഉപോത്പന്നമാകുന്ന ആവിഷ്ക്കാര ശേഷി രൂപപ്പെടലും. പഠനത്തിന്റെ അനന്തരഫലമായി രൂപംകൊള്ളേണ്ട ആവിഷ്ക്കാര ശേഷികളാണ് ഭാഷണ നൈപുണിയും ആലേഖന സിദ്ധിയും. വിശുദ്ധ ഖുര്‍ആനിന്റെ പ്രഥമ വചനങ്ങളില്‍ സുറതുല്‍ അലഖില്‍ തൂലികയും വായനയും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. 2:31,32 വചനങ്ങളില്‍ അധ്യാപനവും ആവിഷ്ക്കാരവും പരാമര്‍ശിച്ചിരിക്കുന്നു. 55:4 ല്‍ ഭാഷണശേഷി പഠിപ്പിച്ചതിനെപ്പറ്റിയും 68:1 ല്‍ തൂലിക ശേഷിയെപ്പറ്റിയും സൂചിപ്പിക്കുന്നു. മനുഷ്യാസ്തിത്വത്തിന്റെ സവിശേഷതകള്‍ ഖുര്‍ആന്‍ ഈ വാക്യഖണ്ഡങ്ങളില്‍ വിശകലനം ചെയ്തിരിക്കുന്നു.
''പടച്ചവന്‍ അവനുദ്ദേശിച്ചവര്‍ക്ക് ജ്ഞാനം നല്‍കുന്നു. ജ്ഞാനം ലഭിച്ചവര്‍ക്ക് അളവറ്റ ഐശ്വര്യം ലഭിച്ചുകഴിഞ്ഞു. ബുദ്ധിയുള്ളവരേ ഇത് ഗ്രഹിക്കുന്നുള്ളൂ (2:29). ''ചോദിക്കുക, അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാാര്‍ മാത്രമേ ചിന്തിക്കുകയുള്ളൂ'' (39:9).
ജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ നിരന്തരം പ്രാര്‍ഥിക്കണമെന്ന് ഖുര്‍ആന്‍ ആജ്ഞാപിക്കുന്നു. ''എനിക്ക് നീ ജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് പ്രാര്‍ഥിക്കുക'' (20:14).
ജ്ഞാനാര്‍ജനത്തിന്റെ മുഖ്യോപാധികളായ ദര്‍ശനവും ശ്രവണവും മനനവും വേണ്ടവിധം ഉപയോഗിക്കാത്തവരെ ഖുര്‍ആന്‍ മൃഗതുല്യരായാണ് വിശേഷിപ്പിച്ചത്. ''അവര്‍ക്ക് മനസ്സുകളുണ്ട്. അവകൊണ്ട് അവര്‍ സത്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അവയാല്‍ അവര്‍ സത്യം കാണുന്നില്ല. അവര്‍ക്ക് കാതുകളുണ്ട്. അവയിലൂടെ അവര്‍ സത്യം കേള്‍ക്കുന്നില്ല. അവര്‍ മാടുകളെപ്പോലെയാകുന്നു. അല്ല അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍'' (7:179).
ജ്ഞാനത്തിന്റെയും സംസ്കൃതിയുടെയും അനന്യവും അമൂല്യവുമായ ആധാര സ്രോതസ്സാണ് ഖുര്‍ആന്‍. മനുഷ്യന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാന ധാരകളെ സംബന്ധിച്ച അവബോധം ആര്‍ജിക്കലും അവ പ്രയോഗവത്കരിക്കലുമാണ് ശരിയായ വിദ്യാഭ്യാസം. ഈ വിദ്യാഭ്യാസത്തിന്റെ ആധാര കലവറയായ ഖുര്‍ആന്‍ ഒരു ചലനാത്മക ഗ്രന്ഥം (Dynamic Text) ആണ്. ഈ ടെക്സ്റ്റിന്റെ പാഠങ്ങളെ പ്രയോഗവത്ക്കരിക്കാനുള്ള മാതൃകായോഗ്യനായ ഗുരുനാഥനും പരിശീലകനുമാണ് പ്രവാചകന്‍. നബി(സ്വ) പറയുന്നു. ''എന്നെ അധ്യാപകനും ജനങ്ങള്‍ക്ക് കാര്യങ്ങള്‍ സുഗമമാക്കിക്കൊടുക്കുന്നവനുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത്'' (മുസ്ലിം ).
നബിയെപ്പറ്റി അല്ലാഹു പരിചയപ്പെടുത്തുന്നു: ''എപ്രകാരമെന്നാല്‍, നിങ്ങള്‍ക്ക് നാം നിങ്ങളില്‍ നിന്നൊരു ദൂതനെ അയച്ചുതന്നു. അദ്ദേഹം നിങ്ങള്‍ക്ക് നമ്മുടെ സന്ദേശങ്ങള്‍ ഓതിത്തരുന്നു. നിങ്ങളെ സംസ്കരിക്കുന്നു. നിങ്ങള്‍ക്ക് വേദവും ജ്ഞാനവും പഠിപ്പിക്കുന്നു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങളെല്ലാം അദ്ദേഹം നിങ്ങളെ പഠിപ്പിക്കുന്നു'' (2:181).
ഒരു യഥാര്‍ഥ അധ്യാപകന്റെ മാതൃകകള്‍ പ്രവാചകന്റെ അധ്യാപനരീതികള്‍ പഠനവിധേയമാക്കിയാല്‍ സുതരാം വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ മേഖലയിലുള്ള അധ്വാനം സ്വര്‍ഗപ്രവേശനത്തിനുള്ള സരണിയാണെന്ന് പ്രവാചക അധ്യാപനത്തില്‍ കാണാം.
ഇസ്ലാമിക വിദ്യാഭ്യാസ ദര്‍ശനം
മനുഷ്യന്‍ ഭൂമിയിലെ കേന്ദ്രസ്ഥാനീയനാണ്. ''ഭൂമിയെ അവന്‍ മനുഷ്യര്‍ക്കുവേണ്ടി സ്ഥാപിച്ചിരിക്കുന്നു'' (55:10). ''ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു'' (2:30). ''ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി സൃഷ്ടിച്ചവന്‍'' (2:29).
മനുഷ്യന് മാത്രം അവകാശപ്പെടാവുന്ന ഇച്ഛാശക്തിയുപയോഗിച്ച് ജീവിതത്തില്‍ ത്യാജ്യഗ്രാഹ്യ ബോധമുപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ പ്രാപ്തനാക്കുക എന്നതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന വിദ്യാഭ്യാസ ദര്‍ശനത്തിന്റെ അടിത്തറ. ഈ വീക്ഷണകോണില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസ ലക്ഷ്യങ്ങളില്‍ ഒന്ന് വ്യക്തിയുടെ സര്‍വതോന്മുഖമായ വികാസം ആണ്. വ്യക്തിയുടെ പ്രവര്‍ത്തനമേഖലകള്‍ ബൗദ്ധികം (Cognitive domain), വൈകാരികം (Affective domain), ഇന്ദ്രിയശ്ചാലകം (Psychomotor domain) എന്നിവയായി തരം തിരിക്കാവുന്നതാണ്. ഈ മൂന്ന് മേഖലകളുടെയും സമഗ്രമായ വളര്‍ച്ച ഉറപ്പുവരുത്തല്‍. ഒരു ആശയം വിവിധ പഠനപ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യന്റെ ബൗദ്ധികമേഖലയില്‍ ഇടം നേടുകയും ആ അറിവ് അവന്റെ വികാരവും മനോഭാവവും ആയിത്തീരണം. അതോടൊപ്പം ആ അറിവ് അവന്റെ മസ്തിഷ്ക്കത്തില്‍ അഥവാ ഇന്ദ്രിയശ്ചാലക മേഖലയില്‍ പതിയണം. സത്യം പറയണം എന്ന ആശയം നാവിലൂടെ സാക്ഷാല്‍ക്കരിക്കപ്പെടണം. ശരീരം, മനസ്സ്, ആത്മീയതലം എന്നിവയുടെ വികാസം സാധ്യമാകണം.
(രണ്ട്) വ്യക്തിത്വത്തിന്റെ ഉദ്ഗ്രന്ഥിതവും സന്തുലിതവുമായ വികാസം മനുഷ്യജീവിതത്തിന്റെ എല്ലാ തുറകളിലും അനുവര്‍ത്തിക്കേണ്ട നയനിലപാടുകളെ സൂക്ഷ്മമായും സമഗ്രമായും പ്രതിപാദിക്കുന്ന ദര്‍ശനമാണ് ഇത്. മനുഷ്യജീവിത വ്യവഹാര മേഖലകളെ പരസ്പര പൂരകങ്ങളായും സന്തുലിതമായും ഏകോപനത്തോടെയും വളര്‍ത്തിയെടുക്കുക എന്നതാണ്.
(മൂന്ന്) കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കല്‍ ജീവിതത്തെപ്പറ്റിയുള്ള അനിവാര്യമായ തിരിച്ചറിവിലൂടെ കരുത്തും സ്ഥൈര്യവുമുള്ള വ്യക്തിത്വങ്ങളെ വളര്‍ത്തിയെടുക്കലാണ്. ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ശരിയായ വീക്ഷണം രൂപവത്ക്കരിക്കുന്നതിലൂടെ വ്യക്തിയെ കരുത്തനാക്കിത്തീര്‍ക്കാന്‍ പറ്റും. ഇതോടൊപ്പം നാഗരികതയുടെയും സംസ്കാരത്തിന്റെയും വളര്‍ച്ചയും സംസ്ഥാപനവും വളര്‍ച്ച കൈവരിക്കുക എന്നിവക്കെല്ലാം ഉപയുക്തമാകണമെന്നതാണ് വിദ്യാഭ്യാസത്തിന്റെ മൗലിക ലക്ഷ്യങ്ങള്‍.
അധ്യാപകന് വേണ്ട ഗുണങ്ങള്‍
അധ്യാപകന്‍ പഠനബോധന പ്രക്രിയയിലെ മൗലിക ഘടകമാകുന്നു. അധ്യാപകന് ഉത്കൃഷ്ടമായ സവിശേഷതകള്‍ ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം നിഷ്ക്കര്‍ഷിക്കുന്നു.
ആത്മവിശ്വാസം: വിഷയത്തിലുള്ള വ്യക്തവും കൃത്യവുമായ ധാരണയും അത് പകര്‍ന്നുകൊടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ടായിരിക്കണം.
വ്യക്തവും ആഴത്തിലുള്ളതുമായ അറിവ്: താന്‍ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെയും അനുബന്ധ വിഷയങ്ങളുടെയും പരിണാമ വികസനങ്ങളും ആനുകാലിക വളര്‍ച്ചയും അധ്യാപകന്‍ നിരന്തരം മനസ്സിലാക്കിക്കൊണ്ടിരിക്കണം.
സംവദിക്കാന്‍ സ്വാതന്ത്ര്യം അനുവദിക്കല്‍
അധ്യാപകന്‍ ശിശു സൗഹൃദനിലപാടുകാരനാകണം
പഠിതാക്കള്‍ക്ക് അംഗീകാരവും ആദരവും നല്‍കല്‍
അധ്യാപകന്‍ തികഞ്ഞ മാതൃകയായിരിക്കണം: വിദ്യാര്‍ഥികള്‍ക്ക് ജീവിതം ക്രമപ്പെടുത്താനുള്ള മാതൃകയായിരിക്കണം അധ്യാപകന്‍. വിവിധ വിജ്ഞാന ശാഖകളുടെ ഉദ്ഗ്രഥനത്തിലൂടെയാണ് നല്ല ഒരു അധ്യാപകന്‍ രൂപംകൊള്ളുന്നത്