ഇന്ത്യയുടെ നാനാത്വം വമ്പിച്ചതാണ്. അത് പ്രത്യക്ഷമാണ്. അത് ഉപരിതലത്തിൽ പൊന്തിനിൽക്കുന്നു. ആർക്കും കാണാൻ വിരോധമില്ല. ദേഹപ്രകൃതികളെയും മാനസികങ്ങളായ ചില സമ്പ്രദായങ്ങളെയും സവിശേഷതകളെയുമാണ് അതു കുറിക്കുന്നത്. വടക്കുപടിഞ്ഞാറുള്ള പഠാണിയും അങ്ങ് ദൂരെ തെക്കുള്ള തമിഴനും തമ്മിൽ, പുറമെ കാണാൻ പൊതുവായി വളരെയൊന്നുമില്ല. അവരുടെ വംശപാരമ്പര്യങ്ങളിൽ ചില പൊതുതന്തുക്കളെ കണ്ടേക്കാമെങ്കിലും, അവ ഒന്നല്ല, മുഖത്തിലും ആകൃതിയിലും ഭക്ഷണത്തിലും വസ്ത്രത്തിലും, അവർ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാഷയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. വടക്കുപടിഞ്ഞാറൻ അതിർത്തി സംസ്ഥാനമാകുമ്പോഴേക്കും മധ്യേഷ്യ മണത്തുതുടങ്ങുകയായി. കാശ്മീരിലെന്നപോലെ അവിടത്തെയും പല ആചാരങ്ങളും നമ്മെ ഹിമാലയത്തിനപ്പുറത്തുള്ള രാജ്യങ്ങളെക്കുറിച്ചോർമിപ്പിക്കുന്നു. പഠാണികളുടെ ജനകീയ നൃത്തങ്ങൾ റഷ്യൻ കോസ്സാക് നൃത്തത്തോട് അത്ഭുതകരമാം വണ്ണം സാദൃശ്യമുള്ളതാണ്. ഇങ്ങനെയുള്ള വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും, പഠാണിയിൽ ഇന്ത്യയുടെ മുദ്രപതിഞ്ഞിരിക്കുന്നത് തെറ്റിദ്ധരിക്കാൻ ഇടയില്ല. തമിഴ്നാട്ടിലാകട്ടെ അത് പ്രത്യക്ഷവുമാണ്. ഇതിലൊന്നും അത്ഭുതപ്പെടാനില്ല. എന്തുകൊണ്ടെന്നാൽ ഈ അതിർത്തിദേശങ്ങളും, എന്തിന് അഫ്ഘാനിസ്ഥാൻ കൂടിയും അനേകായിരം കൊല്ലങ്ങളോളം ഇന്ത്യയോട് ചേർന്നുനിന്നിട്ടുള്ളവയാണ്. ഇസ്‌ലാം വരുന്നതിനു മുമ്പ് അഫ്ഘാനിസ്ഥാനിലേയും മധ്യേഷ്യയുടെ ചില ഭാഗങ്ങളിലേയും നിവാസികളായിരുന്ന പണ്ടത്തെ തുർക്കികളും ഇതര വംശ്യരും മിക്കവാറും ബുദ്ധമതക്കാരായിരുന്നു. അതിനുമുമ്പ്, ഇതിഹാസങ്ങളുടെ കാലത്ത് ഹിന്ദുക്കളും. അതിർത്തി പ്രദേശങ്ങൾ പുരാതനേന്ത്യൻ സംസ്കാരത്തിന്റെ മുഖ്യകേന്ദ്രങ്ങളിൽ ഒന്നായിരുന്നു. സ്മാരകങ്ങളുടെയും ഭിക്ഷമന്ദിരങ്ങളുടെയും, വിശേഷിച്ച് തക്ഷശിലയിലെ മഹാസർവകലാശാലയുടെയും നഷ്ടാവശിഷ്ടങ്ങൾ ഇന്നും അവിടെ സുലഭമാണ്. രണ്ടായിരം കൊല്ലം മുമ്പ് തക്ഷശില കേൾവിയുടെ കൊടുമുടിയിൽ എത്തിയിരുന്നു. ഇന്ത്യയിൽ നിന്നും ഏഷ്യയുടെ നാനാഭാഗങ്ങളിൽനിന്നും വിദ്യാർഥികൾ അവിടേക്കാകർഷിക്കപ്പെട്ടിരുന്നു. മതത്തിൽ വന്ന മാറ്റങ്ങൾ ഒരു വ്യത്യാസം വത്തിത്തീർത്തു. എന്നാൽ ആ പ്രദേശങ്ങളിലെ ജനതയിൽ വികസിച്ചുവന്നിരുന്ന മാനസികമായ പശ്ചാത്തലങ്ങളെ പാടെ മാറ്റാൻ കഴിഞ്ഞില്ല.
പഠാണിയും തമിഴനും അങ്ങേയറ്റത്തും ഇങ്ങേയറ്റത്തുമുള്ള രണ്ടുദാഹരണങ്ങളാണ്. മറ്റുള്ളവർ ഇവയുടെ നടുവിൽ അങ്ങിങ്ങു കിടക്കുന്നു. അവർക്കെല്ലാം അവരെ വെവ്വേറെ ചൂണ്ടിക്കാണിക്കുന്ന പ്രകൃതികളുണ്ട്. അതിലുമേറെയായി ഇന്ത്യയുടെ സവിശേഷചിഹ്നവുമുണ്ട്. ബംഗാളികൾ, മഹാരാഷ്ട്രർ, ഗുജറാത്തികൾ, തമിഴർ, ആന്ധ്രദേശക്കാർ, ഒറിയക്കാർ, ആസ്സാംകാർ, കർണാടകക്കാർ, മലയാളികൾ, സിന്ധികൾ, പഞ്ചാബികൾ പഠാണികൾ, കാശ്മീരികൾ, രജപുത്രർ, ഹിന്ദുസ്ഥാനി ഭാഷക്കാരായ വമ്പിച്ച മധ്യദേശക്കാർ ഇവരെല്ലാം അനേകം നൂറ്റാണ്ടുകളായി തങ്ങളുടെ പ്രത്യേകമായ വ്യതിരേകധർമങ്ങൾ പുലർത്തിപ്പോന്നിട്ടുണ്ട്. പരമ്പരാപ്രാപ്തങ്ങളായ പഴങ്കഥകളിലും രേഖകളിലും പറഞ്ഞിട്ടുള്ള അതേ ഗുണദോഷങ്ങൾ ഇന്നും അവരിലുണ്ട്. എന്നിട്ടും ഈ യുഗയുഗാന്തരങ്ങളിൽ അവർ, ദേശീയമായി ഒരേ പെതൃകത്തോടും മാനസികവും ധാർമികവുമായി ഒരേ തരതത്തിൽപ്പെടുന്ന ഗുണവിശേഷങ്ങളോടും കൂടി, സവിശേഷം ഭാരതീയരായിത്തന്നെയിരുന്നു. ജീവത്തും ചെതന്യപൂർണവുമായ എന്തോ ഒന്ന് ഈ പെതൃകത്തിലുണ്ടായിരുന്നു. ജീവിതത്തെയും ജീവിതത്തിന്റെ പ്രശ്നങ്ങളെയും സംബന്ധിച്ചു കൈക്കൊണ്ട തത്ത്വശാസ്ത്രപരമായ മനോഗതിയിലും ജീവിതരീതികളിലും അത് പ്രത്യക്ഷപ്പെട്ടു. പുരാതന ചീനയെപ്പോലെ പുരാതനേന്ത്യയും സ്വയമേവ ഒരു പ്രപഞ്ചമായിരുന്നു. എല്ലാ കാര്യങ്ങൾക്കും ആകൃതി നൽകിയ ഒരു സംസ്കാരവും പരിഷ്കാരവും, വിദേശീയങ്ങളായ സ്വാധീനതകൾ അടിഞ്ഞു കേറി ആ സംസ്കാരത്തെ ബാധിച്ചു. അതിൽ ലയിക്കുകയും ചെയ്തു. ഭിന്നിച്ചകലാനുള്ള വാസനകൾ ഉടൻ തന്നെ ഒരു സുഭഗമേളനം സാധിക്കാനുള്ള യത്നത്തെ പൊക്കിക്കൊണ്ടുവന്നു. ഏതോ തരത്തിലുള്ള ഒരു ഏകത്വത്തിന്റെ സ്വപ്നമാണ് പരിഷ്കാരത്തിന്റെ പ്രഭാതം മുതൽക്കിങ്ങോട്ട് ഇന്ത്യയുടെ മനസ്സിൽ സ്ഥലം പിടിച്ചിട്ടുള്ളത്. പുറമേനിന്നു വെച്ചുകെട്ടിയ എന്തോ ഒന്നായോ, ബാഹ്യ കാര്യങ്ങളിൽ, എന്തിന്, വിശ്വാസങ്ങളിൽപ്പോലും ഒരു സാമാന്യത്വം സാധിക്കലായോ അല്ലാത്ത ഏകത്വം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. അത് കൂടുതൽ അഗാധ തരമായ ഒന്നാണ്. അതിന്റെ പരിധിക്കുള്ളിൽ വിശ്വാസത്തേയോ ആചാരത്തേയോ സംബന്ധിച്ച ഏറ്റവും വിപുലമായ സഹിഷ്ണുത പാലിക്കപ്പെട്ടു പോന്നു. ഓരോ തരത്തിലുള്ള വെവിധ്യത്തെയും അംഗീകരിക്കുക മാത്രമല്ല പ്രാത്സാഹിപ്പിക്കുക പോലും ചെയ്തുവന്നു.
ഒരു ദേശീയ വിഭാഗത്തിന്റെ ഉള്ളിൽത്തന്നെയും വലുതോ ചെറുതോ ആയ വ്യത്യാസങ്ങൾ എന്നും കണ്ടെത്താൻ കഴിയും. ആ വിഭാഗം എത്ര അടുത്തു ബന്ധപ്പെട്ടതായാലും ശരി ആ വിഭാഗത്തിന്റെ കാതലായ ഐക്യം വെളിവാകുന്നത് അതിനെ മറ്റൊരു ദേശീയവിഭാഗവുമായി താരതമ്യപ്പെടുത്തുമ്പോഴാണ്. പക്ഷേ, ഒന്നോർക്കേണ്ടതുണ്ട്. തൊട്ടുനിൽക്കുന്ന രണ്ടുവിഭാഗങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ, അതിർവരമ്പിനടുത്തെത്തുമ്പോൾ മങ്ങിമറഞ്ഞുപോവുകയോ കൂടിക്കലരുകയോ ചെയ്യുന്നുവെന്നും, സർവത ഒരുതരം തുല്യത ഉത്പാദിപ്പിക്കുന്നതിനനുകൂലമാണ് ആധുനിക വികാസങ്ങളെന്നും പുരാതന മധ്യകാലങ്ങളിൽ ഇന്ന ആശയം തന്നെ നിലവിലില്ലായിരുന്നു. നാടുവാഴി പ്രഭുത്വം, മതം, വംശം, സംസ്കാരം എന്നിവയെ സംബന്ധിച്ച ബന്ധങ്ങൾക്കായിരുന്നു കൂടുതൽ പ്രാധാന്യം. എങ്കിലും അറിയപ്പെട്ടിട്ടുള്ള ചരിത്രത്തിന്റെ ഏതു കാലഘട്ടത്തിലുമെന്നുതന്നെ പറയാം. ഒരിന്ത്യക്കാരന് ഇന്ത്യയുടെ ഏതുഭാഗത്തും ഏറെക്കുറെ സ്വവാസസ്ഥാനത്തിന്റെ ഒരു ബോധം അനുഭവപ്പെടുമായിരുന്നുവെന്നും, മറ്റേതു രാജ്യങ്ങളിലും ഒരന്യന്റെയും അപരിചിതന്റെയും ബോധമാണ് അവനുഭവപ്പെടുമായിരുന്നതെന്നും ഞാൻ വിചാരിക്കുന്നു. തന്റെ സംസ്കാരവും മതവും കുറെയൊക്കെ അംഗീകരിച്ചിട്ടുള്ള രാജ്യങ്ങളിൽ അവനത്രതന്നെ അന്യത്വം അനുഭവപ്പെടുമായിരുന്നില്ല. ക്രിസ്ത്യാനികൾ, ജൂതർ, പാർസികൾ, മുസ്‌ലിംകൾ എന്നിവരെപ്പോലെ ഇന്ത്യയിൽ ഉത്ഭവിച്ചതല്ലാത്ത ഒരു മതത്തിന്റെ അനുയായികൾ ഇന്ത്യയിൽ വന്നു കുടിപാർത്തപ്പോൾ ഏതാനും തലമുറയ്ക്കുള്ളിൽ അവർ സവിശേഷം ഭാരതീയരായിത്തീർന്നു. ഈ മതങ്ങളിൽ ചിലതിലേക്കു പരിവർത്തനം ചെയ്ത ഇന്ത്യക്കാർ, മതം മാറിയിട്ടും ഇന്ത്യക്കാരല്ലാതായില്ല. ഇവരെല്ലാം മറ്റു രാജ്യങ്ങളിൽ ഇവരും ആ രാജ്യക്കാരും തമ്മിൽ മതപരമായ സമാനത്വം ഉണ്ടായിരുന്നാലും ഇന്ത്യക്കാരായും അന്യനാട്ടുകാരായും കരുതപ്പെട്ടുപോന്നു.
ദേശീയത്വമെന്ന സങ്കല്പത്തിനു വളരെയേറെ വികാസം സിദ്ധിച്ചിട്ടുള്ള ഇന്ന് മറുനാട്ടിലെ ഇന്ത്യക്കാർ, അവർ തമ്മിൽ ആഭ്യന്തര വ്യത്യാസങ്ങൾ എത്രയൊക്കെ ഉണ്ടായാലും, ഒരു ദേശീയവിഭാഗമായി രൂപപ്പെടുക എന്നത് അനിവാര്യമായിട്ടുണ്ട്. ഒരിന്ത്യൻ ക്രിസ്ത്യാനി എവിടെപ്പോയാലും ഇന്ത്യക്കാരനായേ അദ്ദേഹത്തെ ഗണിക്കുന്നുള്ളൂ. ഒരിന്ത്യൻ മുസ്‌ലിം തുർക്കിയിലോ, അറേബ്യയിലോ, ഇറാനിലോ ഇസ്‌ലാം ആധിപത്യമാളുന്ന മറ്റേതെങ്കിലും രാജ്യത്തിലോ പോയാലും ഇന്ത്യക്കാരനായേ കരുതപ്പെടുന്നുള്ളൂ.
കടപ്പാട്: ഇന്ത്യയെ കണ്ടെത്തൽ, ജവഹർലാൽ നെഹ്റു, മാതൃഭൂമി ബുക്സ്, പേജ്: 68-71