Skip to main content
sdfe

ജനാധിപത്യം രക്ത പങ്കിലമാക്കരുത്- ഡോ: എ.ഐ.അബ്ദുല്‍ മജീദ്   

 ചോര കൊണ്ട് രാഷ്ട്രീയ മൈലേജ് ഉണ്ടാക്കുന്ന അറപ്പുളവാക്കുന്ന വാക്കുകള്‍ നമ്മുടെ സാസ്ഥ്യവും സമാധാനവും കെടുത്തുകയാണ്. ഒരു ചെറുപ്പക്കാരന്‍ കൂടി രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായിരിക്കുന്നു. കുറച്ചു ദിവസം കൂടി ഈ രാഷ്ട്രീയ കൊലപാതകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ചാലനുകളിലും സമൂഹിക മാധ്യമങ്ങളിലും നടന്നേക്കാം. 

അരുംകൊലകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ആര്‍ത്തട്ടഹസിക്കുന്ന ചെകുത്താന്‍മാര്‍ പ്രത്യക്ഷപ്പെടുന്നു, കൊലയെ ന്യായീകരിക്കുന്നു. പലതരത്തിലുള്ള ന്യായങ്ങള്‍ ചമച്ച് അടുത്ത ഇരയെ തേടിയിറങ്ങുന്നു. കുറേ കാലമായി കേരളത്തിലും ഇതാവര്‍ത്തിക്കുകയാണ്. ഹിന്ദുത്വ ഫാസിസ്റ്റുകളും കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളുമാണ് രാഷ്ട്രീയ എതിരാളികളെ നിഷ്ക്കരുണം അരിഞ്ഞുവീഴ്ത്തുന്നതില്‍ മുമ്പില്‍ നില്ക്കുന്നത്. മറ്റു പാര്‍ട്ടികളൊന്നും ഈ നിലയ്ക്കു ചിന്തിക്കുന്നില്ല എന്നതല്ല ഇതിന്‍റെ അര്‍ഥം. എതിരാളുടെ തലയ്ക്ക് വില പറഞ്ഞ് ആസൂത്രിതമായി അത് നടപ്പിലാക്കാന്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തെ നിയോഗിക്കുന്നതില്‍ സംഘുപരിവാറുകളും കമ്യൂണിസ്റ്റ് ഫാസിസ്റ്റുകളും ഏറെയൊന്നും വ്യത്യാസമില്ല. പാര്‍ട്ടി ക്വട്ടേഷന്‍ അംഗങ്ങളുടെ കുടുംബത്തിന് സംരക്ഷണമൊരുക്കി അരുംകൊലകള്‍ക്ക് പ്രചോദനം നല്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. വെട്ടാനും മരിക്കാനും വേണ്ടി മാത്രം വളര്‍ത്തിയെടുക്കുന്ന ഈ അണികളുടെ മുദ്രാവക്യങ്ങളാണ്, പിന്നില്‍ കരുക്കള്‍ നീക്കുന്ന നേതാക്കളുടെ ആവേശം.
 
കൊലപാതക രാഷ്ട്രീയത്തിന് കൊടി പിടിക്കുന്ന നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രതികളുടെ ലിസ്റ്റ് പാര്‍ട്ടി ഓഫീസുകളില്‍ നിന്നാണ് കൊടുത്തു വിടുന്നത്. അതിനപ്പുറം ഒരന്വേഷണവും നടക്കുന്നില്ല. നേതാക്കളിലേക്ക് അന്വേഷണം എത്തുമ്പോഴേക്കും കോംപ്രമൈസ് രാഷ്ട്രീയം പൊങ്ങിവരുന്നു.  കേരളം ഭരിച്ച ഇടത്, വലത് സര്‍ക്കാരുടെ കാലത്തെല്ലാം ഇത്തരം ഒത്തുതീര്‍പ്പു രാഷ്ട്രീയം സജീവമായിട്ടുണ്ട്. ഇവിടെ വിഢ്ഢികളാക്കപ്പെടുന്നത് വെട്ടാനും മരിക്കാനും തയ്യാറാവുന്ന അണികളും ഇരകളും അവരുടെ കുടുംബവുമാണ്.
 
ഈയിടെയായി കേരളത്തില്‍ കൊല്ലപ്പെട്ടത് എത്ര ചെറുപ്പക്കാരാണ്? ചില കൊലകള്‍ തികച്ചും പ്രാദേശികമായ കാരണങ്ങള്‍ കൊണ്ടാവാം. എന്നാല്‍ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളെയും പ്രാദേശികമായ രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്‍റെ ഗണത്തില്‍ ഉള്‍പ്പെടുത്തി ന്യായീകരിക്കാന്‍ കഴിയില്ല. ഉയര്‍ന്ന നേതാക്കളുടെ കൃത്യമായ ഇടപെടലുകള്‍ ഒട്ടുമിക്ക രാഷ്ട്രീയ കൊലപാതകങ്ങളിലും കാണാനാവും പക്ഷേ, അധികാരത്തിന്‍റെ ബലത്തില്‍ അതൊന്നും നിയമത്തിന്‍റെ മുമ്പിലെത്തുന്നില്ല. പ്രതികളെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്നും പണം മുടക്കാന്‍ പോലും മടിയില്ലാത്ത അവസ്ഥയിലേക്കു സര്‍ക്കാരുകള്‍ തരം താഴുന്നു.
 
സ്വന്തം പാര്‍ട്ടിയിലെ അരുംകൊലകകള്‍ ചോദ്യംചെയ്യുന്നതു പോലും അംഗീകരിക്കാന്‍ കഴിയാത്ത പാര്‍ട്ടി സംവിധാനമാണ് ഇന്നുള്ളത്. ചോദ്യം ചെയ്യുന്നവരെ വെട്ടിനുറുക്കി കുലംകുത്തികള്‍ എന്നു വിശേഷിപ്പിച്ച് ന്യായീകരിക്കുന്നതിലും ആരും അനീതി കാണുന്നില്ല.
 
കൊലപാതക രാഷ്ട്രീയം കൂടുതല്‍ പാര്‍ട്ടി ഗ്രാമങ്ങളെ സൃഷ്ടിക്കുകയാണ്. എതിരാളികളെ കൊന്നുതള്ളുന്നവര്‍ക്ക് ഭദ്രമായ മതിലുകള്‍ ഉള്ളിടത്തേക്ക് ഉള്‍വലിയേണ്ടി വരുന്നു. എതിരാളികളുടെ പോസ്റ്ററുകള്‍ക്കോ മുദ്രാവാക്യത്തിന്നോ പൊതുനിരത്തിലൂടെയുള്ള നടത്തത്തിന്നോ സ്വാതന്ത്ര്യമില്ല. പാര്‍ട്ടിഗ്രാമങ്ങള്‍ക്കപ്പുറത്തു നിന്ന് വരുന്ന ഈച്ചകളെ പ്പോലും ഭയപ്പെടുന്ന ഭീരുക്കളായി അവര്‍ കാലം കഴിക്കുന്നു. ഇത്തരം ഇരുമ്പുമറകളില്‍ ബോംബുനിര്‍മാണവും വടിവാള്‍ പരിശീലനവും നിര്‍ബാധം നടക്കുന്നു. സംഘ്, കമ്യൂണിസ്റ്റ് ഫാസിസത്തിന്‍റെ ഭയപ്പെടുത്തുന്ന ഗ്രാമങ്ങളാണ് കേരളത്തിന്‍റെ ശാപം. ആരു ഭരിച്ചാലും കേരളം ഈ ആര്‍മികളുടെ കരങ്ങളിലാണ്. അവരുടെ ലിസ്റ്റില്‍ പ്പെട്ടാല്‍ വെട്ടിയിരിക്കും. അതിനു പ്രായമോ പ്രദേശമോ പ്രശ്നമില്ല. അതിന്‍റെ ഏറ്റവും ഭീകരമായ ഒരു കൊലയാണ് പാനൂരിലെ മന്‍സൂര്‍ എന്ന ചെറുപ്പക്കാരന്‍റേത്. 

വോട്ടെടുപ്പ് തീരുന്നതു വരെ എങ്ങനെയാണ് കമ്യൂണിസ്റ്റ് ആര്‍മികള്‍ ക്ഷമിച്ചത്. അതുതന്നെ വല്ലാത്ത അദ്ഭുതമാണ്. പോളിംഗ് ദിനത്തിലെ അഭിപ്രായ വ്യത്യാസം മാത്രമാണോ കൊലക്കു കാരണം?     അനീതി ചോദ്യം ചെയ്യുന്ന പാര്‍ട്ടി ഗ്രാമങ്ങളുടെ കാപട്യം തുറന്നു കാണിക്കുന്ന തന്‍റേടമുള്ള ചെറുപ്പക്കാരെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിജ്ഞയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. കമ്യൂണിസം കയറി പുകപിടിച്ച മനസ്സിലേക്ക് വര്‍ഗീയത കൂടി കയറിയാല്‍ എത്രമേല്‍ ഭയങ്കരമായിരിക്കും. അപൂര്‍വം ചില കൊലപാതകങ്ങളില്‍ കമ്യൂണിസ്റ്റ് ഫാസിസവും സംഘ് വര്‍ഗീയതയും ഒന്നിച്ചു നില്ക്കുന്നതായി കാണാനാവും. 

വിദ്വേഷരാഷ്ട്രീയത്തിന് അറുതി വരുത്താതെ നാട്ടില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവില്ല. ഉപരിപ്ലവമായ സമാധാന യോഗങ്ങള്‍ കൊണ്ട് കാര്യമില്ല. മനുഷ്യസേവനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കൊലപാതക രാഷ്ട്രീയത്തിന് ഒരു പ്രസക്തിയുമില്ലല്ലോ. രാഷ്ട്രീയം പറയാനും അത് പ്രാവര്‍ത്തികമാക്കാനും ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കാതിരുന്നാല്‍ അരുംകൊലകള്‍ ഇനിയും ആവര്‍ത്തിക്കും. കൊലപാതകത്തില്‍ നിന്നും ഊജം സ്വീകരിച്ചു കൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തന് ഒരിക്കലും ഇവിടെ വളരാനാവില്ല. 

 
 

Feedback