ഡോ. അബ്ദുല്‍ ഫതാഹ് സൈദ് മുഹമ്മദ് & അഫീഫ് ദിഫല്ലാഹ്
പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങളെ നേരിടാന്‍ മാനുഷ്യസ്‌നേഹികള്‍ നീട്ടുന്ന സഹായഹസ്തങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വ്യത്യസ്ത മത, സാംസ്‌കാരിക പശ്ചാത്തലത്തലമുള്ള സംഘടനകള്‍ ദുരിതാശ്വാസ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളരെ വ്യാപകമായി മാറിയിരിക്കുന്നു.
മുമ്പ് പാശ്ചാത്യര്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ആഗോള ജീവകാരുണ്യ മേഖലയില്‍, സമീപകാല ദശകങ്ങളില്‍ മുസ്‌ലിംകള്‍ അതിവേഗം വളര്‍ന്നു വന്നതായി കാണാം. ഒരുപാടു മുസ്‌ലിം എന്‍.ജി.ഒ കള്‍(സന്നദ്ധ സംഘടനകള്‍), അന്താരാഷ്ട്ര സഹായ സംരംഭങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സുപ്രധാനമായ പങ്കു വഹിക്കുകയും ആഗോള ജീവകാരുണ്യ മേഖലയില്‍ നിര്‍ണായകമായ സംഭാവനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, വികസനം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ ആഗോളതലത്തില്‍ മുസ്‌ലിം എന്‍.ജി.ഒകള്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ധനസമാഹരണത്തിലൂടെയും ഇസ്‌ലാമിക ലോകത്തെ ബാധിക്കുന്ന പ്രതിസന്ധികളോടുള്ള പ്രതികണത്തിലൂടെയും ഒരുപാടു മുസ്‌ലിം എന്‍.ജി.ഒകള്‍ സമീപകാലത്ത് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാശ്ചാത്യ സന്നദ്ധ സംഘടനകള്‍ ഫണ്ടിംഗ് വെല്ലുവിളി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, അന്താരാഷ്ട്ര തലത്തില്‍ മുസ്‌ലിം സന്നദ്ധ സംഘടനകള്‍ക്കുള്ള പ്രസക്തിയും പ്രാധാന്യവും വര്‍ധിക്കുകയാണ്.
വിശ്വാസാധിഷ്ഠിതമായ സംഘടനാ സംവിധാനമെന്ന നിലയില്‍ ഇസ്‌ലാമിക ദര്‍ശനങ്ങളില്‍ നിന്ന് പ്രചോദനവും മാര്‍ഗനിര്‍ദേശവും സ്വീകരിക്കുന്നവയാണ് മുസ്‌ലിം എന്‍.ജി.ഒകള്‍. തങ്ങളുടെ ദൗത്യനിര്‍വഹണത്തിലും സേവനങ്ങളിലുമൊക്കെ ആത്മീയ തത്വങ്ങള്‍ സമന്വയിപ്പിച്ചാണ് മുസ്‌ലിം എന്‍.ജി.ഒകള്‍ പ്രവര്‍ത്തിക്കുന്നത്. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള വിശ്വാസമാണ് ഇത്തരം സംഘടനകളുടെ ധാര്‍മിക കാഴ്ച്ചപ്പാടുകളുടെ ഉറവിടം. പ്രസ്തുത വിശ്വാസം അവരുടെ പ്രവര്‍ത്തനങ്ങളെ ആഴത്തില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. തങ്ങള്‍ ചെയ്യുന്ന ദാനധര്‍മങ്ങളെല്ലാം, മരണാനന്തര ജീവിതത്തില്‍ ആത്മാവിന്റെ മോക്ഷത്തിനു വേണ്ടി നിര്‍വ്വഹിക്കപ്പെടുന്ന പുണ്യപ്രവര്‍ത്തികളായാണ് മുസ്‌ലിംകള്‍ വിശ്വസിച്ചു പോരുന്നത്.
സല്‍കര്‍മ്മങ്ങള്‍ അനുവര്‍ത്തിക്കുന്നതിലൂടെ അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാമെന്നും സ്വര്‍ഗീയാനുഗ്രഹങ്ങള്‍ നേടാമെന്നുമുള്ള വിശ്വാസത്തില്‍ പ്രചോദിതരായാണ് മുസ്‌ലിംകള്‍ തങ്ങളുടെ സമ്പത്തിന്റെ വലിയൊരു ഭാഗവും ആവശ്യക്കാര്‍ക്ക് ദാനം ചെയ്യുന്നത്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സല്‍കര്‍മങ്ങള്‍ രണ്ട് തരമാണ്: ഒന്ന്: ദൈവത്തെ സേവിക്കുക. അല്ലാഹുവിന്റെ കല്‍പ്പനകളെ അനുസരിക്കുന്നതിലൂടെയാണ് അതു സാധ്യമാകുന്നത്. രണ്ട്: അല്ലാഹുവിന്റെ സൃഷ്ടികളോട് കരുണ കാണിക്കുക.
ഈ രണ്ടു കാര്യങ്ങളും നിര്‍ധനരോടും അധഃസ്ഥിതരോടും ഉദാരമനോഭാവം പുലര്‍ത്തുന്നതിനും സഹജീവികളോടു സൗമ്യമായി സഹവര്‍ത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നു. അല്ലാഹു പറയുന്നു: 'നന്മ ചെയ്യുക, തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരെ ഇഷ്ടപ്പെടുന്നവനാകുന്നു.' ഇസ്‌ലാമിക കാഴ്ച്ചപ്പാടിലെ ജീവകാരുണ്യ സങ്കല്‍പ്പത്തെ നിര്‍വചിക്കുന്ന ഈ സൂക്തം, കേവലം ഒരാചാരം എന്നതിലുപരിയായി പരോപകാര കര്‍മ്മങ്ങളെ വിശാലമായ അര്‍ഥത്തില്‍ കാണാന്‍ പ്രേരിപ്പിക്കുന്നതായി കാണാം. വിശ്വാസം, ധാര്‍മികത, സമൂഹിക ക്ഷേമം എന്നിവ തമ്മിലെ ബന്ധത്തിലേക്കും അതു വിരല്‍ ചൂണ്ടുന്നു.
മതപരമായ കല്‍പ്പനകളെ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലേക്ക് സമന്വയിപ്പിക്കുന്ന മുസ്‌ലിം എന്‍.ജി.ഒകളുടെ പ്രത്യയശാസ്ത്രം ഇസ്‌ലാമിക തത്വങ്ങളെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നത്. റഹ്‌മഃ (അനുകമ്പ), ബിര്‍റ് (നീതി), അദ്ല്‍ (നീതി), അമാനഃ (വിശ്വാസ്യത, സത്യസന്ധത), സഹായസന്നദ്ധത തുടങ്ങിയ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമഗ്രമായ സമീപനമാണ് മുസ്‌ലിം എന്‍.ജി.ഒകളുടേത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിലും അതില്‍ പങ്കാളികളാകുന്ന എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നീതിയും ന്യായവും ഉറപ്പാക്കുന്നതിലും മേല്‍പറഞ്ഞ മൂല്യങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്ന് പറയേണ്ടതില്ലല്ലോ.
മുസ്‌ലിം എന്‍.ജി.ഒകള്‍ നടത്തുന്ന ധനസമാഹരണവും ഇസ്‌ലാമിക സാമൂഹ്യ സാമ്പത്തിക തത്വങ്ങളില്‍ വേരൂന്നിയാണ് നിലനില്‍ക്കുന്നത്. ദാനധര്‍മങ്ങള്‍ ചെയ്യുന്നതും അവ സ്വീകരിക്കുന്നതും ഐഹിക ലോകത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും, പാരത്രിക ജീവിതത്തെ അതു ഓര്‍മിപ്പിക്കുന്നുവെന്നും വിശ്വസിക്കുന്ന മതവിശ്വാസികളാണ് ധനസമാഹരണത്തിലേക്ക് സംഭാവന നല്‍കുന്നവരില്‍ ഭൂരിഭാഗവും. ഇസ്‌ലാമിക കാഴ്ച്ചപ്പാടിലെ ദാനധര്‍മം രണ്ട് തരമുണ്ട്. നിര്‍ബന്ധിത ദാനവും ഐച്ഛിക ദാനവും. സ്വദഖഃ, വഖ്ഫ് തുടങ്ങി ദൈവിക പ്രതിഫലം കാംക്ഷിച്ചു ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും ഐച്ഛിക ദാനത്തില്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിക വിശ്വാസത്തിലെ പ്രധാന കര്‍മങ്ങളിലൊന്നായ സകാത്ത് നിര്‍ബന്ധിത ദാനത്തിന്റെ ഉദാഹരണമാണ്. സമ്പത്ത് ശുദ്ധീകരിക്കാനായി മതപരമായ കടമയെന്ന നിലക്ക് ദാനം ചെയ്യുക എന്നതാണ് സകാത്തിന്റെ വിവക്ഷ.
ഐച്ഛികവും നിര്‍ബന്ധിതവുമായ ധര്‍മങ്ങളില്‍ നിന്ന് ദാനധര്‍മങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം വ്യക്തമാണ്. ദാനധര്‍മം ചെയ്യുന്നവര്‍ക്ക് മഹത്തായ പ്രതിഫലവും അതു ചെയ്യാത്തവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന ദൈവിക പ്രസ്താവനകള്‍ സുവിദിതമാണല്ലോ. ഇസ്‌ലാമിക കാഴ്ച്ചപ്പാടില്‍ ധനസമാഹരണത്തിനുള്ള പ്രധാന സ്രോതസ്സാണ് സകാത്ത്. ഏറ്റവും ആവശ്യമുള്ളവരിലേക്ക് സമ്പത്ത് എത്തുന്നുവെന്ന് ഉറപ്പാക്കുന്ന സകാത്ത് ശരീഅഃ നിയമ പ്രകാരം ആത്യന്തികമായി മുസ്‌ലിം സമുദായ പുരോഗതിയെയാണ് ലക്ഷ്യം വെക്കുന്നത്. വികസനപരമായ ശ്രമങ്ങള്‍ക്ക് സമഗ്രമായ അര്‍ത്ഥത്തില്‍ പിന്തുണ നല്‍കുക എന്നതാണ് ഐച്ഛിക കര്‍മമായ സ്വദഖഃയുടെ ദൗത്യം. സ്വദഖഃയുടെ കീഴില്‍ വരുന്ന വഖ്ഫ് മുസ്‌ലിം സാമൂഹിക പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നു. വാടക സ്വത്തിലൂടെയും ബിസിനസിലൂടെയുമെല്ലാം സ്ഥായിയായ വരുമാനം ലഭിക്കുന്നതിന് വഖ്ഫ് കാരണമാകുന്നു.
വഖ്ഫ് സംവിധാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ സാമ്പത്തിക അസ്തിവാരം ഉറപ്പു നല്‍കുന്നു. ഒറ്റത്തവണകളായി ലഭിക്കുന്ന സംഭാവനകളെയോ ഗ്രാന്റുകളെയോ ആശ്രയിക്കുന്നതിനു പകരം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഫണ്ട് ലഭ്യത ഉറപ്പു വരുത്താന്‍ വഖ്ഫിലൂടെ സാധിക്കുന്നു. വിഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സഹായം എത്തിക്കുന്നതിനും മുസ്‌ലിം എന്‍.ജി.ഒകള്‍ ആശ്രയിക്കുന്ന ഒരു രീതി കൂടിയാണിത്. ഇസ്‌ലാമിക തത്വങ്ങളോടുള്ള മുസ്‌ലിം എന്‍.ജി.ഒകളുടെ പ്രതിബദ്ധത, തങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കി മാറ്റുകയും, ദാതാക്കള്‍ക്കും ഗുണഭോക്താക്കള്‍ക്കും ആത്മീയമായ സംതൃപ്തി നല്‍കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്.
ഇസ്‌ലാമിക സാമ്പത്തിക തത്വങ്ങള്‍ സമന്വയിപ്പിക്കുന്നതിലൂടെ ആഗോള ജീവകാരുണ്യ മേഖലയില്‍ സവിശേഷവും ശ്രദ്ധേയവുമായ പങ്കുവഹിക്കുന്ന സംഘടനകളാണ് മുസ്‌ലിം എന്‍.ജി.ഒകള്‍. അസാധാരണമായ കാര്യക്ഷമത ഉള്‍വഹിക്കുന്ന ഇസ്‌ലാമിക സാമൂഹിക സാമ്പത്തിക തത്വങ്ങള്‍ ഇക്കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നുവെന്ന വസ്തുത വിസ്മരിക്കാവുന്നതല്ല.
ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഹൈക്കമ്മീഷണര്‍ (യു.എന്‍.എച്ച്.സി.ആര്‍) പോലുള്ള പ്രമുഖ ആഗോള സ്ഥാപനങ്ങളില്‍ നിന്ന് ഇസ്‌ലാമിക് സോഷ്യല്‍ ഫൈനാന്‍സ് അംഗീകാരം നേടിയത് ഇവിടെ എടുത്തു പറയേണ്ടതാണ്. മതപണ്ഡിതരുമായി നടത്തിയ സമഗ്രമായ കൂടിയാലോചനകള്‍ക്ക് ശേഷം യു.എന്‍.എച്ച്.സി.ആര്‍ അഭയാര്‍ഥി സകാത്ത് ഫണ്ടിന് രൂപം നല്‍കിയത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരം തന്നെയാണ്.
മുസ്‌ലിം എന്‍.ജി.ഒകളുടെ വ്യത്യസ്തമായ സമീപനങ്ങള്‍ മനസ്സിലാക്കുന്നത്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രധാന്യവും ആഗോള തലത്തില്‍ അവ ചെലുത്തുന്ന സ്വാധീനവും തിരിച്ചറിയുന്നതിന് സഹായിക്കുന്നു. ഫലപ്രദവും സമഗ്രവുമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍.ജി.ഒകള്‍ തമ്മിലുള്ള സഹകരണവും സഹവര്‍ത്തിത്വവും മെച്ചപ്പെടുത്തുവാനും അതു വഴിവെക്കുകയും ചെയ്യുന്നു.