ജനുവരി 4
ലോക ബ്രെയിൽ ദിനം.
ലൂയിസ് ബ്രെയിലിന്റെ ജന്മദിനമായ ജനുവരി 4 ലോക ബ്രെയിൽ ദിനമായി ആചരിച്ചു വരുന്നു.
കാഴ്ച പരിമിതർക്ക് അക്ഷരങ്ങൾ സ്പർശിച്ചറിയുവാൻ സഹായിക്കുന്ന ലിപിയാണ് ബ്രെയിൽ ലിപി. 6 കുത്തുകളാണ് ബ്രെയിൽ ലിപിയുടെ അടിസ്ഥാനം. അക്കങ്ങളും അക്ഷരങ്ങളും മാത്രമല്ല കുത്തും കോമയും വരയും കണക്കുകളിലെ ചിഹ്നങ്ങളും എഴുതുവാൻ ഈ ആറ് കുത്തുകൾ മതിയാകും.
കാഴ്ച പരിമിതർക്ക് എഴുത്തും വായനയും സാധ്യമാക്കുന്ന ബ്രെയിൽ ലിപിയുടെ ഉപജ്ഞാതാവാണ് ലൂയി ബ്രെയിൽ. പാരീസിൽ നിന്നും 40 കിലോമീറ്റർ കിഴക്കുമാറിയുള്ള കുർ ഗ്രാമത്തിലാണ് 1809 ജനുവരി 4ന് ലൂയി ബ്രെയിൽ ജനിച്ചത്. അച്ഛൻ ഒരു തുകൽ ഉൽപ്പന്ന നിർമ്മാതാവ് ആയിരുന്നു. മൂന്നു വയസ്സായ ലൂയിക്ക് തുകൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന സൂചി കണ്ണിൽ തുളച്ചു കയറി. ചികിത്സ തുടർന്നുവെങ്കിലും അഞ്ച് വയസ്സായപ്പോൾ രണ്ട് കണ്ണുകളുടെയും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടു. 1819 ഫെബ്രുവരി 15 ന് റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബ്ലൈൻഡ് ചിൽഡ്രൻ ഇൻ പാരീസ് എന്ന വിദ്യാലയത്തിൽ പ്രവേശനം നേടി. ലോകത്തിലെ കാഴ്ച പരിമിതർക്കായുള്ള ആദ്യ വിദ്യാലയമാണിത്.
ഇരുട്ടത്ത് പരസ്പരം സംസാരിക്കാതെ രഹസ്യങ്ങൾ എഴുതി കൈമാറുവാനും ഇരുട്ടിൽ വിരൽ സ്പർശനം കൊണ്ട് വായിക്കുവാനുമുള്ള ഒരു രീതി ഫ്രഞ്ച് പട്ടാളത്തിൽ ഉണ്ടായിരുന്നു. ഇത് കുറെ കൂടി പരിഷ്കരിച്ചാണ് ബ്രെയിൽ ലിപി രൂപപ്പെടുത്തുന്നത്. 1854 ൽ ബ്രെയിൽ ലിപിയെ കാഴ്ച പരിമിതരുടെ ഔദ്യോഗിക ലിപിയായി ഫ്രാൻസ് അംഗീകരിച്ചു. 1878 ല്‍ പാരീസിൽ വച്ച് നടന്ന യൂറോപ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിൽ ബ്രെയിൽ ലിപിയെ കാഴ്ച പരിമിതരുടെ ഔദ്യോഗിക ലിപിയായി യൂറോപ്യൻ രാജ്യങ്ങളും അംഗീകരിക്കുകയുണ്ടായി.
1917 ലാണ് അമേരിക്ക ബ്രെയിൽ ലിപിക്ക് അംഗീകാരം കൊടുത്തത്. ബ്രെയിൽ ലിപി പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ ഇതിനിടെ ലോകമെങ്ങും നടക്കുന്നുണ്ടായിരുന്നു. പുതിയ ഭാഷകളിലും ദേശങ്ങളിലും കാഴ്ച പരിമിതർക്ക് വെളിച്ചം പകർന്നു കൊണ്ട് ബെയിൽ ലിപി എത്തുകയുണ്ടായി. 1932 ൽ ബ്രെയിൽ ലിപിയുടെ പുതിയൊരു പരിഷ്കരിച്ച രീതി ബ്രിട്ടനിൽ നിലവിൽ വന്നു. ഈ ബ്രെയിൽ ലിപി നൂറിലധികം രാജ്യങ്ങളിൽ സ്വീകരിക്കപ്പെട്ടു. നൂറിലധികം ഭാഷകൾ ഇന്ന് ബ്രെയിൽ ലിപി ഉപയോഗിച്ച് എഴുതുവാൻ സാധിക്കും. ഇന്ന് ബ്രെയിൽ ലിപിയിൽ ധാരാളം പുസ്തകങ്ങൾ അച്ചടിക്കുന്നുണ്ട്. കോടിക്കണക്കിന് കാഴ്ച പരിമിതർക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നു കൊണ്ട് ഇന്നും നിലനിൽക്കുകയാണ് ബ്രെയിൽ ലിപി.
(ബ്രെയിലി ലിപിയില്‍ എഴുതിയ ലേഖനത്തിന്റെ ലിപ്യന്തരണമാണിത്)
Ibrahim TP,
Academic Director,
Ability Foundation for Disabled, Pulikkal.
9744899274