കാലവും തലമുറകളും മാറിക്കൊണ്ടിരിക്കുന്നതിനനുസരിച്ച് നമ്മുടെ മദ്‌റസാ സംവിധാനങ്ങളും സിലബസുകളും മാറ്റം വരുത്തുന്നുണ്ടോ എന്ന് പരിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളത്തില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന ദര്‍സ്, ഓത്തുപള്ളി സമ്പ്രദായങ്ങളില്‍ നിന്ന് മദ്‌റസാ സംവിധാനങ്ങള്‍ പുരോഗമിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. കാലം മുന്നോട്ടു നീങ്ങിയപ്പോള്‍ വീണ്ടും നിരവധി മാറ്റങ്ങള്‍ ഈ രംഗത്ത് വന്നിട്ടുണ്ട് എന്നതും അനിഷേധ്യണ്. അതേസമയം എല്ലാ അറിവുകളും വിരല്‍ തുമ്പില്‍ അന്വേഷിച്ചറിയുന്ന ഇന്നത്തെ തലമുറയുടെ സ്മാര്‍ട്ടായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ നിലവിലെ സംവിധാനങ്ങള്‍ എത്രത്തോളം പര്യാപ്തമാണ് എന്നത് ആലോചിക്കേണ്ടതാണ്.
വ്യവസ്ഥാപിതവും മൂല്യാധിഷ്ഠിതവുമായ മദ്‌റസാ സംവിധാനത്തിന്റെ കീഴില്‍ പഠനം നടന്നിട്ടും കുറ്റകൃത്യങ്ങളുടെയും മറ്റു ജീര്‍ണതകളുടെയും കാര്യത്തില്‍ നമ്മുടെ സമൂഹത്തിന്റെ സ്ഥിതി അത്ര ആശാവഹമല്ല എന്നത് ഏറെ ചിന്തനീയമാണ്.
സയന്‍സും ടെക്‌നോളജിയും എന്ന പോലെ കുറ്റകൃത്യങ്ങളുടെ രൂപവും ഭാവവും അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് നമ്മള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. പഴയകാലത്തെ സാഹചര്യങ്ങളില്‍ നിന്ന് വിഭിന്നമായി മയക്കു മരുന്ന്, സ്വര്‍ണക്കടത്ത്, സാമൂഹിക മാധ്യമങ്ങളുടെ അമിതോപയോഗം, നിയോ ലിബറല്‍ വാദങ്ങള്‍ തുടങ്ങിയ പുതിയകാലത്തെ സാമൂഹിക പ്രശ്‌നങ്ങള്‍ കൂടി അഭിമുഖീകരിക്കാന്‍ ഉതകുന്ന വിധമാകണം പ്രൈമറിതലമുതല്‍ തന്നെ മദ്‌റസകളിലെ കരിക്കുലവും സിലബസുകളും രൂപീകരിക്കേണ്ടത്.
സ്വഹാബി വനിതകള്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വളരെ സക്രിയമായി ഇടപെട്ടവരും ഉത്തമ സംഭാവനകള്‍ നല്കിയവരുമായിരുന്നു. എന്നാല്‍ ഇവരുടെ സംഭാവനകള്‍ മദ്‌റസകളില്‍ പൊതുവെ ഉയര്‍ന്നു കാണാറില്ല. സാമ്പത്തിക വിദഗ്ധയായ ഖദീജ(റ), പണ്ഡിതയായ ആഇശ(റ) പോലെയുള്ള സ്വഹാബി വനിതകളുടെ ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ മാത്രമേ മുസ്‌ലിം സ്ത്രീകളുടെ ഉന്നമനം സാധ്യമാവുകയുള്ളു. ലിംഗ സമത്വത്തിന്റെയും ലിംഗ നീതിയുടെയും ആധുനിക ചര്‍ച്ചകള്‍ക്കിടയില്‍ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സാമൂഹിക സങ്കല്‍പങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട്.
ഭയപ്പെടുത്തി നന്നാക്കാന്‍ പറ്റാത്ത തലമുറയാണ് ഇന്നുള്ളത്. കാര്യകാരണ സഹിതം വിലയിരുത്തിയാണ് അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്. ഖുര്‍ആന്‍ പാരായണം നന്നാക്കാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെത്തന്നെ ഖുര്‍ആന്‍ കാലികമായ സാമൂഹിക വിഷയങ്ങളോടും ശാസ്ത്ര സത്യങ്ങളോടും എത്രത്തോളം ചേര്‍ന്ന് നില്‍ക്കുന്നു എന്നുള്ളതും അവരെ ബോധ്യപ്പെടുത്തണം. അല്ലാഹുവിന്റെ സ്‌നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചും കുഞ്ഞുന്നാളില്‍ തന്നെ അവരുടെ ഹൃദയങ്ങളില്‍ ബോധ്യമുണ്ടാകണം. ഇസ്‌ലാമോഫോബിയ ദിനം പ്രതി വളര്‍ന്നു വരുന്ന ഇന്നത്തെ സമൂഹത്തില്‍, ആത്മീയമായ ഉണര്‍വിലൂടെ മാത്രമേ മുസ്‌ലിമായി ജീവിക്കാന്‍ സാധിക്കുകയുള്ളു. നബി(സ്വ)യുടെ ജീവിതത്തെ ഒരു മതപ്രബോധകന്‍ എന്നതുപോലെ തന്നെ കുടുംബനാഥന്‍, സാമ്പത്തിക വിദഗ്ധന്‍, സാമൂഹിക പരിഷ്‌കര്‍ത്താവ്, രാഷ്ട്ര തന്ത്രജ്ഞന്‍ തുടങ്ങിയ വിവിധ തലങ്ങളിലും കുട്ടികള്‍ക്ക് പരിചയപ്പെടുത്തണം. മറ്റു മതങ്ങളോടുള്ള നബി(സ്വ)യുടെ മാത്യകാപരമായ നിലപാട് എല്ലാവരാലും അംഗീകരിക്കപ്പെട്ടതാണ്. ഇന്ത്യ പോലെയുള്ള ഒരു മതനിരപേക്ഷ ജനാധിപത്യ രാജ്യത്ത് എല്ലാവരെയും ഉള്‍ക്കൊണ്ട് ജീവിക്കാന്‍ പ്രവാചകന്റ മാതൃക വരും തലമുറയെ സഹായിക്കും.
സാമ്പ്രദായികമായി പഠിപ്പിച്ചു വരുന്ന വിഷയങ്ങള്‍ മുതിര്‍ന്ന ക്ലാസ്സുകളിലും ആവര്‍ത്തിച്ചു പഠിപ്പിക്കുന്നതിന് പകരം അറബിക് ലിറ്ററേച്ചര്‍, സ്‌പോക്കണ്‍ അറബിക്, ഇസ്‌ലാമിക് സൈക്കോളജി, ഇസ്‌ലാമിക സാമ്പത്തിക ശാസ്ത്രം, ലൈഫ് സ്‌കില്‍ സെഷനുകള്‍ എന്നിവകൂടി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഗൗരവപൂര്‍വം ആലോചിക്കേണ്ടതുണ്ട്. മുതിര്‍ന്ന ക്ലാസ്സുകളില്‍ ഇത്തരം വിഷയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ സമൂഹത്തിനു ഗുണം ചെയ്യുന്ന പൗരബോധവും നീതിബോധവുമുള്ള ഉത്കൃഷ്ട മുസ്‌ലിം സമൂഹത്തെ വാര്‍ത്തെടുക്കാന്‍ മദ്‌റസകള്‍ക്ക് സാധിക്കും.