What is done cannot be undone എന്ന ഒരു ചൊല്ലുണ്ട്. ചെയ്തു കഴിഞ്ഞ ഒരു സംഗതി ഇല്ലാതാക്കാന്‍ പറ്റില്ല എന്നര്‍ഥം. അതുപോലെ യാഥാര്‍ഥ്യങ്ങളെ (reality) മറച്ചു വെച്ചുകൊണ്ടല്ലാതെ അയഥാര്‍ഥമാക്കാന്‍ കഴിയില്ല. ദ ഹിന്ദു പത്രത്തില്‍ വന്ന വാര്‍ത്തയാണ് എന്‍റെ മുന്നിലുള്ളത്. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ലിയാർ ഉള്‍പ്പടെ 387 സ്വാതന്ത്ര്യസമര രക്തസാക്ഷികളെ സ്വാതന്ത്ര്യത്തിന്‍റെ രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാന്‍ ICHR കേന്ദ്രസര്‍ക്കാറിലേക്കു ശിപാര്‍ശ നല്കിയിരിക്കുന്നു എന്നതാണ് ആ വാര്‍ത്ത. കേന്ദ്രവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസേര്‍ച്ചിലെ മൂന്നംഗ സമിതിയാണ് തികച്ചും രാഷ്ട്രീയ പ്രേരിതമായ ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭ ചരിത്രകാരന്‍മാരില്‍ അഗ്രഗണ്യരായ എം.ജി.എസ് നാരായണന്‍, പ്രൊഫ: ഇര്‍ഫാന്‍ ഹബീബ് തുടങ്ങിയവര്‍ ചെയര്‍മാന്‍മാരായി നിലകൊണ്ട ചരിത്ര കൗണ്‍സിലാണ് ഇപ്പോള്‍ തികച്ചും യാഥാര്‍ഥ്യവിരുദ്ധമായ ഈ നിലപാട് എടുത്തത്. കേന്ദ്രഭരണ കക്ഷിയില്‍പ്പെട്ട ചില ആളുകളല്ലാത്ത കേരളീയരെ മുഴുവന്‍ ഞെട്ടിക്കുന്നതായിപ്പോയി മേല്‍പറഞ്ഞ നിര്‍ദേശങ്ങള്‍. കാരണം കേരളത്തെയാണല്ലൊ ഇത് നേരിട്ട് ബാധിക്കുക.
താലിബാന്‍റെ കേരളപ്പതിപ്പാണ് വാരിയന്‍ കുന്നന്‍ എന്നു പറഞ്ഞ് ആക്ഷേപിക്കുന്നത് താലിബാന്‍ മനസ്സുള്ള ചില കേരളീയര്‍ തന്നെയാണ്. ICHR അംഗമായ സി.ഐ ഐസക് ഒരു ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ കേന്ദ്രഭരണ കക്ഷിയുടെ വക്താവിനെപ്പോലെ നെറികെട്ട ഭാഷയില്‍ 1921 ലെ മലബാര്‍ സമരത്തെ ആക്ഷേപിക്കുന്നത് കേള്‍ക്കാനിടയായി. ചരിത്രം പഠിച്ചവരോ ചരിത്രകാരന്‍മാരോ ഇങ്ങനെ പറയുകയില്ല. ഡോ: എം.ജി.എസ്, ഡോ: ഗംഗാധരന്‍, ഡോ: കെ.കെ.എന്‍ കുറുപ്പ് തുടങ്ങി നിരവധി ചരിത്രകാരന്‍മാര്‍ സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമാണ് എന്നു കണ്ടെത്തിയ 1921ലെ പൂക്കോട്ടൂര്‍ യൂദ്ധവും തിരൂരങ്ങാടി സംഭവങ്ങളുമെല്ലാം വര്‍ഗീയ കലാപമായിരുന്നു എന്ന് ചിലര്‍ പറയുന്നത് തെളിവുകള്‍ അടിസ്ഥാനമാക്കിയിട്ടല്ല. അവര്‍ക്കുള്ളിലെ വര്‍ഗീയതയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്.
ഇന്ത്യയിലെ മുസ്‌ലിംകളെപ്പറ്റി പഠിച്ചവരെല്ലാം ഈ ഫാസിസ്റ്റ് വീക്ഷാഗതിക്കെതിരാണ്. പ്രസിദ്ധ പണ്ഡിതന്‍ ഖുശ്വന്ത്സിംഗ് ഇന്ത്യന്‍ മുസ്‌ലിംകളെ വിലയിരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. സ്വരാജ്യസ്നേഹം രക്തത്തില്‍ ഊട്ടപ്പെട്ടവരാണ് ഇന്ത്യന്‍ മുസ്‌ലിംകൾ. അവര്‍ക്കു ലഭിച്ച ധാര്‍മിക പാഠങ്ങളാണ് അതിനു കാരണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതല്ല. ബ്രിട്ടീഷുകാര്‍ ആധിപത്യം സ്ഥാപിച്ചുവന്ന ഓരോ പ്രസിഡന്‍സിയിലും അവിടുത്തെ സാഹചര്യമനുസരിച്ച് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. അവിടെയെല്ലാം മുസ്‌ലിംകൾ സ്വരാജ്യത്തിനു വേണ്ടി പൊരുതിയിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടാനായി ജീവത്യാഗം ചെയ്ത രക്തസാക്ഷികളില്‍ ഒരു ലക്ഷത്തോളം പേരുടെ നാമങ്ങള്‍ കേന്ദ്രഭരണ സിരാകേന്ദ്രത്തിലെ ഇന്ത്യാ ഗേറ്റില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതില്‍ 61945 പേര്‍ മുസ്‌ലിംകളാണ്. ഇത് യാദൃഛിക സംഭവമല്ലല്ലോ. ആ പരമ്പരയില്‍ ഒന്നാണ് മലബാറിലെ ബ്രിട്ടീഷ് പട്ടാളത്തിനെതിരെ നടന്ന പൂക്കോട്ടൂര്‍ യുദ്ധം.
മലബാറില്‍ നടന്നത് ലഹളയല്ല; ബ്രിട്ടീഷ് വിരുദ്ധ പോരാട്ടമാണ്. ഇന്ത്യന്‍ നാഷല്‍ കോണ്‍ഗ്രസും ബ്രിട്ടണെതിരെ അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന ഇന്ത്യന്‍ സമൂഹവും ഒരുമിച്ചു നീങ്ങിയതാണ് 1921ല്‍ മലബാറില്‍ കണ്ടത്. എന്നാല്‍ ചിട്ടയായ പട്ടാളമോ വ്യവസ്ഥാപിതാമായ ഭരണക്രമമോ അല്ലാത്തതിനാല്‍ യുദ്ധത്തിന് അനുബന്ധമായി ചില അരുതായ്മകള്‍ സംഭവിച്ചിട്ടുണ്ട്. അത് ആരും നിഷേധിക്കുന്നില്ല. പക്ഷേ, സ്വാതന്ത്ര്യത്തിനു വേണ്ടി നീങ്ങിയ വലിയൊരു മുന്നേറ്റത്തെ കണ്ടില്ലെന്നു നടിക്കുക, അതിലെ ഒറ്റപ്പെട്ട കറുത്ത പാടുകളെ പര്‍വതീകരിക്കുക, അതുവഴി യാഥാര്‍ഥ്യത്തെ തമസ്കരിക്കുക. ഇതാണിവിടെ നടക്കുന്നത്. ഈ തമസ്കരണം '1921'ല്‍ മാത്രം ഒതുങ്ങുന്നതല്ല. ഇതൊരു ഗൂഢനീക്ക പരമ്പരയുടെ കേരളപര്‍വം മാത്രം. ഭാരതത്തിന്‍റെ തിരുനെറ്റിയിലെ ലോകത്തര തിലകം താജ്മഹലിനെപ്പോലും പേരും പൊരുളും മാറ്റാന്‍ ഒരുങ്ങിനില്ക്കുന്നവരാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയില്‍ നിന്ന് 387 പേരെ വെട്ടിമാറ്റാന്‍ ശ്രമിക്കുന്നത്. ഇതിലപ്പുറം നീചകൃത്യം വേറെയുണ്ടോ? ഒരു രാജ്യത്തിന്‍റെ പൈതൃകത്തെ പരിഹസിക്കുക എന്നത് രാഷ്ട്രനിന്ദയല്ലാതെ മറ്റൊന്നുമല്ല.
ഇന്നത്തെ താലിബാന്‍റെ മുന്‍പതിപ്പായിരുന്നു വാരിയന്‍കുന്നന്‍ എന്നു പറയാന്‍ മാത്രം ധാര്‍ഷ്ട്യം കാണിക്കുന്നവര്‍ ഓര്‍ക്കേണ്ട ചില ചരിത്ര യാഥാര്‍ഥ്യങ്ങളുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനകത്ത് ഒരു ചെറുപ്രദേശത്ത് അല്പകാലത്തേക്കാണെങ്കിലും ഒരു സ്വതന്ത്ര രാജ്യം സ്ഥാപിച്ചവരാണ് വാരിയം കുന്നനും സംഘവും. അത് ഇസ്‌ലാമിക രാജ്യമോ മുസ്‌ലിം രാഷ്ട്രമോ ആയിരുന്നില്ല. മുസ്‌ലിമിനും ഹിന്ദുവിനും അല്ലാത്തവര്‍ക്കും തുല്യപങ്കാളിത്തമുള്ള 'മലയാള രാജ്യം' ആണിതെന്ന് പ്രഖ്യാപിച്ചത് വാരിയം കുന്നനാണ്. ബ്രിട്ടീഷ് നരനായാട്ടിനെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോട് ബ്രിട്ടീഷുകാര്‍ നല്കിയ അവസാനത്തെ ഓഫര്‍ ഇതായിരുന്നു. 'മാപ്പെഴുതിത്തന്നാല്‍ മക്കയിലെത്തിക്കാം'. ഏതൊരു മുസ്‌ലിമും വീണുപോകാവുന്ന ഓഫറിന് ആ രാജ്യസ്നേഹിയുടെ മറുപടി തങ്കലിപികളാല്‍ എഴുതണം. 'മക്ക എനിക്കിഷ്ടമാണ്. എന്നാല്‍ ജന്‍മദേശത്ത് ആറടി മണ്ണില്‍ അന്തിയുറങ്ങണമെന്നാണെന്‍റെ ആഗ്രഹം'. തന്‍റെ കണ്ണുകെട്ടാതെ മുന്നില്‍ നിന്ന് വെടി വെക്കണം എന്ന് ബ്രിട്ടീഷ് കോടതിയോട് ഉച്ചത്തില്‍ പറഞ്ഞ ആ രാജ്യസ്നേഹി താലിബാനാണത്രേ!
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയം സ്വതന്ത്ര ഇന്ത്യയില്‍ ഭരണം നടത്തുന്നവരും ശ്രമിക്കുന്നതിന്‍റെ ബാക്കിപത്രമാണ് സാമുദായിക ധ്രുവീകരണവും പരമതനിന്ദയും കൊണ്ട് ശരാശരി ഭാരതീയ മനസ്സുകളെ മലീമസമാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ 'ജെയിംസ് മിൽ' കൊണ്ടു വന്ന വക്രീകൃത ചരിത്രവും അതിനെ ഉപജീവിച്ച് പില്ക്കാലത്ത് രചിക്കപ്പെട്ട മിക്ക ചരിത്രഗ്രന്ഥങ്ങളും reality യെ unreal ആക്കുന്ന തമസ്കരണത്തിന്‍റെ പ്രതീകങ്ങളാണ്. നാം കേട്ടു പഠിച്ച ചില അക്കാഡമിക് പാഠങ്ങള്‍ പോലും എത്ര വക്രീകൃതമാണെന്നു നോക്കൂ. Ancient India കാലഘട്ടത്തെ സുവര്‍ണ്ണകാലഘട്ടമാക്കി Medieval കാലഘട്ടത്തെ അനൈക്യത്തിന്‍റെ, വര്‍ഗ്ഗീയതയുടെ, മതപരിവര്‍ത്തനത്തിന്‍റെ കാലഘട്ടമാക്കി. അതുപോലെ Ancient India യെ ഹിന്ദു കാലഘട്ടമെന്നും Medieval India യെ മുസ്‌ലിം കാലഘട്ടമെന്നും Modern India യെ ക്രിസ്റ്റ്യന്‍ കാലഘട്ടമെന്നു പറയാതെ ബ്രിട്ടീഷ് കാലഘട്ടമെന്നും പേരിട്ടു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് കടന്നു കയറിയ രണ്ടു വിഭാഗങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. ആര്യനോംകാ ആഗമൻ' , 'മുഗളോംകാ ആക്രമണ്‍'. ഒന്ന് കടന്നു വരവും മറ്റേത് ആക്രമണവും!. സംജ്ഞകള്‍ പോലും വിഷലിപ്തമാക്കിയ ചരിത്രരചനകളിലേക്കിതാ ഉള്ളത് കൂടി വെട്ടി മാറ്റുന്ന നയം തുടരുന്നു. ചരിത്രബോധമുള്ള മുഴുവന്‍ ഭാരതീയരും ഈ നീക്കത്തെ എതിര്‍ക്കുകയാണ്.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ എന്നും മുസ്‌ലിംകളും മുസ്‌ലിം ഭരണാധികാരികളും പോരാടിയിരുന്നു. 1686 ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ഈസ്റ്റിന്ത്യാ കമ്പനിയോട് സൂറത്തില്‍ നിന്നും ഇന്ത്യ വിടാനുള്ള കല്പന നല്കി. അതിനു മുമ്പ് 1498ല്‍ പോര്‍ച്ചുഗീസീകാരുടെ വരവിനു ശേഷം അവരുടെ അതിക്രമത്തിനെതിരെ മുസ്‌ലിംകള്‍ പോരാടുകയുണ്ടായി. കൊച്ചിയിലും ചാലിയത്തും അവര്‍ കോട്ട കെട്ടിയത് അവിടങ്ങളില്‍ ഉണ്ടായിരുന്ന മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് അതിന്‍റെ കല്ലും മരവും ഉപയോഗിച്ചായിരുന്നുവെന്നത് ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വെച്ചു പുലര്‍ത്തിയ വിദ്വേഷത്തെ അടയാളപ്പെടുത്തുന്ന വസ്തുതകളാണ്.
അക്രമവും അനീതിയും ഒരു നിലക്കും പൊറുപ്പിച്ച പാരമ്പര്യമില്ലാത്ത മുസ്‌ലിംകളില്‍ നിന്ന് ഇതിന്നെതിരെ പ്രതികരണം ഉയര്‍ന്നുവരിക സ്വാഭാവികമാണ്. സ്വാഭാവികമായ പ്രതികരണം വളര്‍ന്നു വികസിച്ചാണ് കേരളചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായി അടയാളപ്പെടുത്തപ്പെട്ട മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമായി രൂപാന്തരപ്പെട്ടത്. കേരളത്തിലെ ഒന്നാമത്തെ സ്വാതന്ത്രസമര പോരാട്ടമായാണ് സാമൂതിരിയുടെ സഹായത്തോടെ മലബാറില്‍ മുസ്‌ലിംകള്‍ നടത്തിയ ഈ അധിനിവേശ വിരുദ്ധ പോരാട്ടത്തെ സാമ്പ്രദായിക ചരിത്രകാരന്‍മാരില്‍ പലരും അടയാളപ്പെടുത്തിയത്.
അതുപോലെ 1757ല്‍ സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഏതാണ്ട് 200 വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ബംഗാള്‍ നവാബ് സിറാജുദ്ദൗല ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി. പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ ഹൈദരലിയും ടിപ്പുവും ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടുകയുണ്ടായി. 1857ല്‍ മുഗള്‍ ചക്രവര്‍ത്തി ബഹദൂഷാ സഫര്‍ ഒന്നാം സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്കി.
ഇതില്‍പ്പെട്ട ഒരു കണ്ണി മാത്രമാണ് 1921 ലെ മലബാര്‍ റബല്യന്‍.