ചികിത്സാര്‍ത്ഥം രക്തദാനം ചെയ്യലും അത് സ്വീകരിക്കലും ഇന്ന് സാര്‍വ്വത്രികമാണ്. അത്പോലെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കപ്പെടുന്ന പ്ലാസ്മ, പ്ലൈറ്റ് ലെറ്റ് അരുണ രക്താണുക്കള്‍ തുടങ്ങിയവയും ഉപയോഗിക്കപ്പെട്ടു വരുന്നുണ്ട്. എങ്കിലും പ്ലാസ്മ ദാനം എന്നത് ചര്‍ച്ചയാവുന്നത് ഈ കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപകമാവുകയും ലോകം അതിന്‍റെ ഭീഷണി അഭിമുഖീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്.
കോവിഡ് രോഗം ഭേദമായവരുടെ രക്തത്തില്‍ വൈറസിനെതിരെ ശരീര സംരക്ഷണത്തിന് ആവശ്യമായ പ്രതിരോധ ഘടകങ്ങള്‍ (ആന്‍റിബോഡികള്‍) രൂപപ്പെട്ടിട്ടുണ്ടാകും. ഇത്തരക്കാരുടെ രക്തം എടുത്ത് അതില്‍ നിന്ന് പ്ലാസ്മ വേര്‍തിരിക്കുന്നു. അത് കോവിഡ് ബാധിച്ച രോഗികളില്‍ പ്രവര്‍ത്തിക്കുമോ എന്ന പരീക്ഷണമാണ് പ്ലാസ്മ തെറാപ്പി എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.
ചികിത്സാവശ്യാര്‍ത്ഥം രക്തം ദാനം ചെയ്യുന്നത് ഇസ്‌ലാമിക ദൃഷ്ട്യാ അനുവദനീയമാണ് എന്നതില്‍ ഇന്നാര്‍ക്കും സംശയമില്ല. മാത്രമല്ല അത് പുണ്യകര്‍മ്മവും കൂടിയാവുന്നതാണ്. കാരണം രക്തദാനത്തിലൂടെ രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ദാനം ചെയ്യുന്നവരും ചികിത്സിക്കുന്നവരും പരിശ്രമിക്കുന്നത്. അതില്‍ മാനുഷികതയും നന്മയും സേവനവുമുണ്ട്. മറ്റുള്ളവരുടെ പ്രയാസം ലഘൂകരിക്കലും സഹായിക്കലും അതിലുണ്ട്. രക്തദാനം പോലെത്തന്നെയാണ് പ്ലാസ്മ ദാനവും എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കാരണം അതില്‍ രോഗശമനവും ആരോഗ്യവും തിരിച്ചുകിട്ടിയതിലുള്ള നന്ദി പ്രകടിപ്പിക്കലുമുണ്ട്. നഷ്ടപ്പെട്ട രക്തം ദാതാവിന് വീണ്ടുമുണ്ടാവുകയും ചെയ്യും. അതിനാല്‍ ധനം ദാനം ചെയ്യുന്നത് പുണ്യമാണെന്നത് പോലെ പ്ലാസ്മ ദാനവും പ്രതിഫലമര്‍ഹമാകുന്നതാണല്ലോ.
നബി(സ്വ)യുടെ കാലത്തില്ലാത്ത പുതിയ പ്രശ്നങ്ങളാവുമ്പോള്‍ ഇത്തരം കാര്യങ്ങളില്‍ വിശ്വാസികള്‍ക്ക് സംശയവും ആശങ്കയും ഉണ്ടാവുക സ്വാഭാവികമാണ്. വിശുദ്ധ ഖുര്‍ആനിലും നബിചര്യയിലും ഉള്ള പൊതു തത്ത്വങ്ങളെ മാനദണ്ഡമാക്കിക്കൊണ്ടാണ് പുതിയ പ്രശ്നങ്ങള്‍ വിലയിരുത്തപ്പെടുന്നത്.
അല്ലാഹു പറയുന്നു: ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത് മുഴുവന്‍ മനുഷ്യരുടെയും ജീവന്‍ രക്ഷിച്ചതിന് സമാനമാണ് (5:23)
ഏതാനും നബിവചനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നു.
"ആര്‍ക്കെങ്കിലും തന്‍റെ സഹോദരനെ സഹായിക്കാന്‍ സാധിച്ചാല്‍ അതവന്‍ ചെയ്യട്ടെ" (മുസ്‌ലിം).
"ജനങ്ങളിലേറ്റവും ഉത്തമന്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരം ചെയ്യുന്നവനാണ്"
"നിശ്ചയം വിഷമിക്കുന്നവര്‍ക്ക് സഹായം നല്‍കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു" (അബൂ യഅ്ലാ).