Skip to main content
hh

പുകയില മുക്തം, പ്രതിജ്ഞാബദ്ധം - ഡോ. അഹ്മദ് ശബീര്‍ എം.കെ

'പുക വലിക്കരുത്. വലിക്കാനനുവദിക്കരുത്' ഒരുപക്ഷേ കേട്ടു പഴകിയ, നമ്മില്‍ വേരോടിയ പുകയില വിരുദ്ധ മുദ്രാവാക്യമാണിത്. എന്നാല്‍ പുകയില ഉപഭോഗം നമ്മുടെ സമൂഹത്തില്‍ അതിലും ആഴത്തിലാണ് വേരോടിയിട്ടുള്ളത് എന്നുള്ളതാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലോകത്ത് ഒന്നര കോടിയിലധികം ആളുകള്‍ ഒരു ആസക്തിയെന്നോണം ഈ വിപത്തിന്‍റെ പിടിയിലാണ്. അതില്‍ തന്നെ പ്രതിവര്‍ഷം 80 ലക്ഷത്തിലധികം ആളുകള്‍ ഇതുമൂലമുള്ള കെടുതികളാല്‍ മരണമടയുന്നു. ഇതില്‍ പക്ഷേ 65000 കുട്ടികളടങ്ങുന്ന പന്ത്രണ്ട് ലക്ഷത്തോളം പേര്‍ പാസ്സീവ് സ്മോക്കിംഗിന്‍റെ ഇരകളാണ് എന്നുള്ളതാണ് സങ്കടകരമായ വസ്തുത.

നാം സാധാരണയായി മനസ്സിലാക്കിയിട്ടുള്ള ശ്വാസകോശ രോഗങ്ങള്‍ക്കപ്പുറത്ത് പുകയില സമ്മാനിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്. ഇരുപതിലധികം കാന്‍സറുകള്‍, ഹൃദ്രോഗം, ലൈംഗിക ശേഷിക്കുറവ്, ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ട്, ഗര്‍ഭസ്ഥ ശിശുവിനുണ്ടാകുന്ന അംഗവൈകല്യങ്ങള്‍, ഗര്‍ഭം അലസല്‍, തലച്ചോറിലുണ്ടാവുന്ന രാസവ്യതിയാനങ്ങള്‍ കാരണമുള്ള ഉന്മേഷക്കുറവ്, വിഷാദം എന്നിവക്കും പുകയില ഉപയോഗം കാരണമാകുന്നു.

kk

ആരോഗ്യപ്രശ്നങ്ങള്‍ക്കുപരിയായി സാമൂഹിക ജീവിതത്തില്‍ ഈ ദുശ്ശീലം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ നിരവധിയാണ്. പുകയില ഉപഭോഗത്തില്‍ 80% ആളുകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനവിഭാഗത്തില്‍ നിന്നുള്ളതാണ് എന്നത് ഇവ തമ്മിലുള്ള ബന്ധത്തിന്‍റെ നേര്‍ചിത്രമാണ്.

ഇത്തരം കുടുംബങ്ങളിലെ അരക്ഷിതാവസ്ഥയും അന്യതാബോധവും സമൂഹത്തെ കാര്‍ന്നു തിന്നുന്ന കാന്‍സറുകളായി നില നില്‍ക്കുന്നു.

E Cigarette, IQOS, PAX VAPORISERS തുടങ്ങിയ ന്യൂജന്‍ പുകവലി രീതികളും ഇന്ന് പ്രചാരത്തിലുണ്ട്. ശരീരത്തിന് ഹാനികരമായ പലതരത്തിലുള്ള രാസപദാര്‍ത്ഥങ്ങളടങ്ങിയ ദ്രാവകങ്ങള്‍, ബാഷ്പീകരണം വഴി ശ്വാസകോശത്തിലേക്ക് വലിച്ചെടുക്കുന്ന വിധമാണ് അവയുടെ നിര്‍മ്മാണരീതി. ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ പഠനം നടന്നു വരികയാണ്.

പുകവലി മുക്തമാകുന്നതോടെ ഒരാളുടെ ശരീരം വളരെ പെട്ടെന്നു തന്നെ അതിന്‍റെ ഗുണഫലങ്ങള്‍ കാണിച്ചു തുടങ്ങുന്നു. ഇരുപത് മിനിട്ടിനുള്ളില്‍ തന്നെ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം എന്നിവ സാധാരണ അവസ്ഥയിലെത്തുന്നു. പന്ത്രണ്ട് മണിക്കൂറില്‍ രക്തത്തിലെ കാര്‍ബണ്‍ മോണോക്സൈഡിന്‍റെ (CO) അളവ്, അതുപോലെ അഞ്ച് വര്‍ഷത്തിനുള്ളില്‍ പക്ഷാഘാത സാധ്യത, പത്ത് വര്‍ഷത്തിനുള്ളില്‍ ശ്വാസകോശ അര്‍ബുദ സാധ്യത എന്നിവ പുകവലിക്കാത്ത ഒരാളുമായി സമാസമമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ബഹുരാഷ്ട്ര കുത്തകകള്‍ വികസ്വര രാജ്യങ്ങളിലെ വിശാലമായ കമ്പോളം ലക്ഷ്യമാക്കി നടത്തുന്ന കച്ചവട താല്‍പര്യങ്ങള്‍ക്കു മുന്നില്‍ പലപ്പോഴും സര്‍ക്കാറുകള്‍ നിസ്സഹായരായി നോക്കുകുത്തിയായി നില്‍ക്കേണ്ടി വരുന്നു. അധിക നികുതിയും, പരസ്യങ്ങളുടെ നിരോധനവും ബോധവല്‍ക്കരണ പ്രക്രിയയും ഒരു പരിധി വരെ ഇതിന് തടയിടാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായ ഈ വിപത്തിനെതിരെയുള്ള ധാര്‍മിക ബോധമാണ് സമൂഹ മനഃസാക്ഷിയില്‍ നിന്നും ഉണ്ടാകേണ്ടത്.

പുകയില മുക്തനാവുക എന്നത് വളരെ ശ്രമകരമായ ദൃഢനിശ്ചയം ആവശ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെയാണ് ഈ ആസക്തിയില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരില്‍ വെറും 4% ആളുകള്‍ മാത്രമാണ് അതില്‍ വിജയിക്കുന്നത്. മറ്റേതൊരു ആസക്തിയും പോലെ പൂര്‍ണ്ണമുക്തി നേടാന്‍ കൃത്യമായ പ്രചോദനം നല്‍കുന്ന ഒരു ചാലകശക്തി അത്യാവശ്യമായി വരുന്നു. വ്യക്തിയുടെയും സമൂഹത്തിന്‍റെയും ഗുണപരമായ മാറ്റങ്ങള്‍ക്കെന്നും നിദാനമാകുന്ന ഉന്നത ധാര്‍മികാവബോധത്തിന്‍റെ സ്ഫുടം ചെയ്യല്‍ മാത്രമാണതിന്‍റെ ഒറ്റമൂലി. അതിന് പ്രതിജ്ഞയെടുക്കാം. ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ മുദ്രാവാക്യം പുകയില മുക്തം, പ്രതിജ്ഞാബദ്ധം എന്നതിന്‍റെ കൂടെ നില്‍ക്കാം.

 

 ഡോ. അഹ്മദ് ശബീര്‍ എം.കെ (അസി.സര്‍ജന്‍, താലൂക്ക് ഹോസ്പ്പിറ്റല്‍,പൊന്നാനി) ആണ് ലേഖകൻ 

Feedback