വീടുകളില്‍ തളച്ചിടപ്പെടേണ്ടി വന്ന, സ്വപ്നങ്ങളും ആഗ്രഹങ്ങളും അടുക്കളയുടെ നാലു ചുവരുകള്‍ക്കുള്ളില്‍ ഹോമിക്കപ്പെട്ട, കിടപ്പറയില്‍ ലൈംഗിക സതൃപ്തി ലഭിക്കാത്ത സ്ത്രീകളുടെ അനുഭവങ്ങള്‍ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുകയാണ്. കുടുംബ വ്യവസ്ഥിതിയിലെ സ്ത്രീ പുരുഷ പങ്കാളിത്ത ചര്‍ച്ചകള്‍ വഴിതിരിഞ്ഞ് മതത്തെ ഉന്നം വെക്കുന്ന രൂപത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
ഇത്തരം ചര്‍ച്ചകളിലേക്ക് ഇസ്‌ലാമും വലിച്ചിഴക്കപ്പെടുമ്പോള്‍ കുടുംബത്തിലെ സ്ത്രീ പുരുഷ പങ്കാളിത്തം, സ്ത്രീയുടെ തൊഴില്‍, ആര്‍ത്തവം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെ ഇസ്‌ലാമിക നിര്‍ദേശങ്ങള്‍ പരിശോധിക്കുകയാണ് ഇവിടെ.
അടുക്കള സ്ത്രീക്ക് മാത്രമോ?
പുരുഷന്‍ പുറത്തു പോയി അധ്വാനിക്കുകയും അത് വഴി കുടുംബം പോറ്റുകയും ചെയ്യുക എന്ന സമ്പ്രദായമായിരുന്നു നമ്മുടെ നാടുകളില്‍ നില നിന്നിരുന്നത്. സ്ത്രീകള്‍ വീടിന്‍റെ ഭരണം ഏറ്റെടുക്കുകയും വീട്ടു ജോലികള്‍ നിര്‍വഹിക്കുകയും ചെയ്തു പോന്നിരുന്നു. പരസ്പര സഹകരണമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത് എന്നതിലൂന്നിയായിരുന്നു ഈ നീക്കുപോക്ക്. എന്നാല്‍ സ്ത്രീ ജോലി ചെയ്യുന്നതും പുരുഷന്‍ അടുക്കളയില്‍ കയറുന്നതും അപമാനമായി കാണുന്ന ആളുകളും ഉണ്ട് എന്ന യാഥാര്‍ഥ്യം തള്ളിക്കളയാവുന്നതല്ല.
ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ അടുക്കള ജോലി വനിതാ സംവരണമായി കാണുന്നില്ല. ആണും പെണ്ണും പരസ്പരം സഹകരണാടിസ്ഥാനത്തില്‍ ചെയ്ത് തീര്‍ക്കേണ്ട ഒരു ജോലിയാണ് അടുക്കളപ്പണി. അതൊട്ട് നിസ്സാരവല്‍ക്കരിക്കപ്പെടുന്നുമില്ല. സ്ത്രീയുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ഒന്നുമല്ല അടുക്കളപ്പണി. അവളത് നിര്‍വ്വഹിക്കല്‍ ഒരു പുണ്യകര്‍മ്മമാണെന്ന് മാത്രം. പ്രസിദ്ധ മുസ്‌ലിം പണ്ഡിതനായ ഇമാം നവവി(റ) ശറഹ് മുസ്‌ലിം എന്ന തന്‍റെ ഗ്രന്ഥത്തില്‍ അത് വ്യക്തമാക്കുന്നുണ്ട്. "അടുക്കള ജോലി നിര്‍വ്വഹിക്കാന്‍ സ്ത്രീ വിസമ്മതം പ്രകടിപ്പിച്ചാല്‍ സ്ത്രീ അതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുകയില്ല".
അന്തിമപ്രവാചകന്‍ മുഹമ്മദ് നബി(സ്വ) സൃഷ്ടികളില്‍ അത്യുത്തമനാണ്. ഇസ്‌ലാമിക രാഷ്ട്രത്തിന്‍റെ ഭരണാധികാരിയും. എന്നിട്ടും മനുഷ്യരാശി ആദരിക്കുന്ന ആ വ്യക്തിത്വം ഭാര്യമാരെ അടുക്കള ജോലിയില്‍ സഹായിക്കാറുണ്ടായിരുന്നു. പ്രവാചകപത്നി ആഇശ(റ) ഇതേപറ്റി പറയുന്നു. "നബി(സ്വ) വീട്ടില്‍ പ്രവേശിച്ചാല്‍ അടുക്കള ജോലിയില്‍ ഏര്‍പ്പെടാറുണ്ടായിരുന്നു" (ബുഖാരി).
സ്ത്രീകള്‍ക്കും സമ്പാദിക്കാം
വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതില്‍ ഇന്ന് ധാരാളം സ്ത്രീകളുണ്ട്. ജോലി ചെയ്യുവാനും സമ്പാദിക്കുവാനും ഇസ്‌ലാം സ്ത്രീക്ക് അനുവാദം നല്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു. 'നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്. പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു'(4:32). ഇബ്നു ഹസം(റ) പറയുന്നു: വീടും സ്ഥലവും ഉടമപ്പെടുത്താനും കച്ചവടം ചെയ്യാനും വിവാഹമൂല്യം ദാനം ചെയ്യാനുമൊക്കെ സ്ത്രീക്ക് അധികാരമുണ്ട്. പിതാവിനോ ഭര്‍ത്താവിനോ അതിനെ എതിര്‍ക്കാന്‍ അവകാശമില്ല (മുഹല്ലാ 9/507).
രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ ഇപ്പോള്‍ പെണ്‍കുട്ടികളാണ് മുന്‍പന്തിയിലുള്ളത്. വിവാഹം കഴിയുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ജോലി ചെയ്യാന്‍ അനുവാദം കൊടുക്കാത്ത അവസ്ഥ ഇപ്പോഴും സമൂഹത്തിലുണ്ട്. മികച്ച വിദ്യാഭ്യാസവും കഴിവുമുള്ള സ്ത്രീകള്‍ വീടുകളില്‍ ഒതുക്കപ്പെടുമ്പോള്‍ അവരിലൂടെ സമുദായത്തിനും സമൂഹത്തിനും ഉണ്ടാവേണ്ട വളര്‍ച്ച നഷ്ടപ്പെടുന്നു എന്ന തിരിച്ചറിവ് ഉണ്ടാവണം.
സ്ത്രീ അശുദ്ധയല്ല
സ്ത്രീകളെപ്പറ്റി വളരെ മോശമായ ധാരണ വെച്ചു പുലര്‍ത്തുകയും അധമമായി പെരുമാറുകയും ചെയ്തിരുന്ന കാലത്താണ് പ്രവാചകന്‍റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മനുഷ്യന്‍റെ ജൈവ പ്രക്രിയകളെക്കുറിച്ച് ശാസ്ത്രീയമായ ഒരു ജ്ഞാനവും നേടിയിട്ടില്ലാത്ത സമൂഹം, സ്ത്രീ അധമയാണെന്ന് കണ്ടിരുന്ന അറബികള്‍, ജീവനോടെ അവരെ കുഴിച്ചുമൂടിയിരുന്ന സംസ്കാരം. ഈ സന്ദര്‍ഭത്തില്‍ സ്ത്രീയെ മാന്യമായി വീക്ഷിക്കുകയും പെരുമാറുകയും ചെയ്യാന്‍ പഠിപ്പിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ആര്‍ത്തവം പോലുള്ള ശാരീരിക പ്രത്യേകതകളെ വളരെ മാന്യമായി കൈകാര്യം ചെയ്തു.
ആര്‍ത്തവ കാലത്ത് സ്ത്രീ തൊട്ടതെല്ലാം അശുദ്ധമാകുമെന്ന് ചില സമൂഹങ്ങള്‍ ധരിച്ചുവശായിട്ടുണ്ട്. പ്രബുദ്ധ കേരളത്തില്‍ പോലും അതുണ്ടായിരുന്നു. അതോടൊപ്പം ആര്‍ത്തവ കാലത്ത് ലൈംഗികബന്ധം പോലും നടത്തുന്ന വിഭാഗവും ഉണ്ടായിരുന്നു. മേല്‍പറഞ്ഞ രണ്ട് നിലപാടും ബുദ്ധിപൂര്‍വകമോ സംസ്കാരത്തിനു യോജിച്ചതോ അല്ല. ഇസ്‌ലാം അത് മാന്യമായി കൈകാര്യം ചെയ്യുന്നു. സ്ത്രീയുടെ പ്രകൃതിയെ പരിഗണിക്കുകയും ശുദ്ധിക്ക് ഏറെ സ്ഥാനം കല്പിക്കുകയും ചെയ്യുന്നു.
ജനങ്ങള്‍ നബി(സ്വ)യോട് ഇതു സംബന്ധമായി നിരന്തരം സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നപ്പോഴാണ് "ആര്‍ത്തവത്തെപ്പറ്റി അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാകുന്നു. അതിനാല്‍ ആര്‍ത്തവ ഘട്ടത്തില്‍ നിങ്ങള്‍ സ്ത്രീകളില്‍ നിന്ന് അകന്നു നില്‍ക്കുക. അവര്‍ ശുദ്ധിയാകുന്നതുവരെ അവരെ സമീപിക്കാന്‍ പാടില്ല" (2:222) എന്ന ആയത്ത് അവതരിച്ചത്. അനന്തരം റസൂല്‍(സ്വ) ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ സംയോഗമല്ലാത്ത എല്ലാ കാര്യവും ചെയ്തുകൊള്ളുക".
ലൈംഗികത
വ്യക്തിയുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സദാചാരബന്ധിതമായ രതിവ്യാപരങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്നതിനാല്‍ സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികസംതൃപ്തിക്ക് പ്രകൃതിമതമായ ഇസ്‌ലാം മുന്തിയ പരിഗണന നല്കുന്നുണ്ട്.
സ്ത്രീയുടെയും പുരുഷന്‍റെയും ലൈംഗികചോദനകള്‍ വ്യത്യസ്ത തോതിലായിരിക്കും. സ്ത്രീകളിലെ ലൈംഗിക വികാരം സാവധാനം ചൂടുപിടിക്കുകയും വൈകിമാത്രം തണുക്കുകയും ചെയ്യുന്നതിനാല്‍ പുരുഷന്‍ അവള്‍ക്ക് ലൈംഗികോത്തേജനം ലഭിക്കുവാനുള്ള വഴികള്‍ തേടിയാവണം ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത്.
അതിനാല്‍ ലൈംഗികബന്ധത്തിലെ പ്രധാനപ്പെട്ട മൂന്ന് ഘട്ടങ്ങലായ ലിംഗയോഗി സംഭോഗം, സംഭോഗപൂര്‍വലീലകള്‍, സംഭോഗാനന്തരലീലകള്‍ എന്നിവയിലൊക്കെ പക്വവും മിതവുമായ നിര്‍ദേശങ്ങള്‍ പ്രവാചകവചനങ്ങളില്‍ വന്നിട്ടുണ്ട്.
നബി(സ്വ) പറഞ്ഞു: നിങ്ങള്‍ മൃഗങ്ങളെപ്പോലെ പെട്ടെന്ന് ചാടിക്കയറി സംഭോഗം നടത്തരുത്. ആദ്യം ഒരു ദൂതന്‍ ഇടയില്‍ പ്രവര്‍ത്തിക്കണം. അനുചരന്മാരിലൊരാള്‍ ചോദിച്ചു. അല്ലാഹുവിന്‍റെ ദൂതരേ, ആരാണാ ദൂതന്‍. നബി(സ്വ) പറഞ്ഞു: ചുംബനവും പ്രേമസല്ലാപവും.
വിവാദങ്ങള്‍ക്കു പിന്നിലെ ഉദ്ദേശ്യശുദ്ധി
കുടുംബജീവിതം ആനന്ദപൂര്‍ണമാവുന്നത് വീട്ടിനകത്തെ ആരോഗ്യകരമായ ഐക്യവും മനസ്സറിഞ്ഞ സഹകരണവും മൂലമാണ്. എന്നാല്‍ വിവരക്കേടു മൂലവും വൈയക്തിക സ്വഭാവദൂഷ്യം കൊണ്ടും ഗൃഹാന്തരീക്ഷം അസുഖകരമായിത്തീരാറുണ്ട്. ചിലപ്പോള്‍ സ്ഫോടനാത്മകവും. ഒറ്റപ്പെട്ട കേസുകള്‍ പര്‍വതീകരിച്ച്, അതില്‍ സ്ത്രീവിരുദ്ധത ആരോപിച്ച് ഒരുതരം ഫെമിനിസ്റ്റ് ചിന്ത വളര്‍ത്തിയെടുക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കാറുണ്ട്. കുടുബമെന്ന സാമൂഹികസ്ഥാപനം നശിക്കണമെന്ന ഉദ്ദേശ്യത്തിലുള്ള മനപൂര്‍വ്വമുള്ള ശ്രമങ്ങളാണ് ഇതിനു പിന്നിലെന്ന് അവര്‍ തന്നെ തുറന്നു പറയുകയും ചെയ്യുന്നു. അതിനാല്‍ ഈ വിവാദങ്ങള്‍ക്ക് അല്പായുസ്സേ കാണൂ.