Skip to main content
te

കരുതൽ കൊണ്ട് ഹൃദയം തൊടുന്നവർ - ഫൈസല്‍ പാലത്ത്

ലോക നഴ്സസ് ദിനം എല്ലാ വര്‍ഷവും മെയ് 12നാണ് ആചരിച്ചു വരുന്നത്. യുദ്ധഭൂമിയില്‍ മുറിവേറ്റും, ചേതനയറ്റും കിടക്കുന്ന മനുഷ്യ മക്കളെ നെഞ്ചോട് ചേര്‍ത്ത് വിളക്കുമേന്തി സേവന നിരതയായ ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍. മനുഷ്യത്വത്തിന്‍റെ മഹാ മാതൃകയായ ആ സഹോദരിയുടെ ഓര്‍മ്മയാണ് ഈ ദിനത്തിന്‍റെ വെളിച്ചത്തില്‍ ലോകമാകെ പടരുന്നത്.

ഈ വര്‍ഷത്തെ നഴ്സസ് ദിനാചരണത്തിന്‍റെ തീം ആയി തെരഞ്ഞെടുത്തിരിക്കുന്നത് A voice to lead - A vision for future health care എന്നതാണ്.

2019ല്‍ ചൈനയില്‍ പ്രത്യക്ഷപ്പെട്ട് ഭൂഖണ്ഡങ്ങളെ മുഴുവന്‍ ഗ്രസിച്ച കോവിഡ് മഹാമാരി സൃഷ്ടിച്ച പശ്ചാത്തലത്തില്‍ നിന്ന്കൊണ്ടാണ് ഈ വര്‍ഷം നഴ്സസ് ദിനാഘോഷവും അനുബന്ധമായ വാരാഘോഷങ്ങളും കടന്നുപോകുന്നത്. ഒന്നര വര്‍ഷം വൈറസധിഷ്ഠിത ലോകം വിറങ്ങലിച്ചു നിന്നപ്പോള്‍ മനക്കരുത്തിന്‍റെ പിന്‍ബലത്തിലും, ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചും കോടിക്കണക്കിന് മനുഷ്യര്‍ നഴ്സിങ് സമൂഹത്തിന്‍റെ കരസ്പര്‍ശം അടുത്തറിഞ്ഞു. കൂടുതല്‍ സംഹാര ശേഷിയോടെ രൂപഭേദങ്ങളിലൂടെ മുന്നേറ്റം തുടരുന്ന വൈറസിനെ ചെറുത്തു തോല്‍പിക്കുവാനുള്ള പോരാട്ടത്തില്‍ ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ചേതനയറ്റു പോയത്. അവരുടെ ആത്മാവിനു മുന്‍പില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതോടൊപ്പം കോവിഡ് പിടിപെട്ടതിനു ശേഷം മുന്‍പെങ്ങുമില്ലാത്ത ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും വേദനകള്‍ കടിച്ചിറക്കി ഉടപ്പിറപ്പുകള്‍ക്ക് വേണ്ടി കൈയൊപ്പ് പതിപ്പിച്ചു കൊണ്ടിരിക്കുന്ന ഓരോ നേഴ്സിനും വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കുവാനും നമുക്കാവേണ്ടതുണ്ട്.

അടുത്ത നിമിഷം എന്തുവരും എന്ന് പ്രവചനം സാധ്യമാകാത്ത കാലഘട്ടത്തിലൂടെ നാം കടന്നു പോകുമ്പോള്‍ പ്രതിരോധം ചികിത്സയേക്കാള്‍ ഉത്തമം എന്ന ആപ്തവാക്യം അക്ഷരംപ്രതി സാക്ഷാല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെതല്ലാത്ത കാരണങ്ങളാല്‍ സകലബന്ധങ്ങളില്‍ നിന്നും വേര്‍പെട്ട് പോകുന്ന മനുഷ്യരെ സ്നേഹത്തിന്‍റെ നൂല്‍പാലത്തില്‍ ചേര്‍ത്ത് കരപറ്റിക്കുവാനുള്ള ശ്രമങ്ങളിലാണ് ഓരോ നഴ്സും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഭയപ്പാടിന്‍റെ കനലുകള്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ സമാശ്വാസത്തിന്‍റെ പുഞ്ചിരിയും തലോടലുമായും, മുട്ടില്ലാതെ വലിച്ചു വിട്ടിരുന്ന പ്രാണവായുവിന്‍റെ അളവ് ക്രമാതീതമായി ഏറ്റക്കുറച്ചിലുകള്‍ നേരിട്ടപ്പോള്‍ പ്രാണന്‍റെ കണക്ടിംഗ് ലിങ്കായും, കുടിനീരിനായി നാക്ക് നീട്ടുന്ന മനുഷ്യമക്കള്‍ക്ക് ജലകണികകള്‍ കൊണ്ട് ഉള്ളുണര്‍ത്തുന്ന ജീവനാഡിയായും, ജീവന്‍ മരണ സംഘര്‍ഷങ്ങളില്‍ ആടിയുലയുന്ന മാനവരുടെ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളിലെ നായകരായി വിവിധ ആരോഗ്യ പ്രവര്‍ത്തകരെ കോര്‍ത്തിണക്കുന്ന കണ്ണിയായും, ആശങ്കകളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന ബന്ധുജനങ്ങള്‍ക്ക് ധീരതയുടെ ശബ്ദമായും ഓരോ നഴ്സും പ്രവര്‍ത്തിച്ചു വരുന്നു. മാസ്കിന്‍റെ വീര്‍പ്പുമുട്ടലുകളും പി.പി.ഇ. കിറ്റുകളുടെ വിങ്ങലുകളും, ശാരീരികമായ അവശതകളും സഹജീവികളുടെ നൊമ്പരങ്ങള്‍ക്കിടയില്‍ അവര്‍ വിസ്മരിക്കുന്നു. 

പഠനം കഴിഞ്ഞ് വിദേശത്ത് ഉന്നത ജോലി, ഭേദപ്പെട്ട ശമ്പളം, ഉയര്‍ന്ന ജീവിത നിലവാരം എന്ന പഴയകാല സ്വപ്നങ്ങളല്ല, നില്‍ക്കുന്ന ഭൂമികയില്‍ നിലനില്‍പിന്ന് വേണ്ടി പോരാടുന്ന ജീവികളെ പ്രതീക്ഷയുടെ തുരുത്തുകളിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന പുതിയ ദൗത്യമാണ് നഴ്സുമാര്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. യോഗ്യതക്കും താല്‍പര്യത്തിനുമൊപ്പം ധീരതയും, കരുതലും കൈമുതലായുള്ളവര്‍ക്ക് മാത്രമേ മുന്നോട്ടുള്ള കാലഘട്ടത്തില്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയു.

മറ്റുള്ളവര്‍ക്കു വേണ്ടി ജീവന്‍ ബലികഴിക്കുക എന്നതിനേക്കാള്‍ വലിയ ത്യാഗമില്ല, എന്ന ആപ്തവാക്യം ഓര്‍മിച്ചുകൊണ്ട് ഒരിക്കല്‍ കൂടി നമുക്ക് കൈകോര്‍ക്കാം. നാളെയുടെ ആരോഗ്യത്തിനായി പരസ്പര സഹകരണത്തോടെ സ്വസുരക്ഷ, സാമൂഹ്യസുരക്ഷ എന്ന ലക്ഷ്യത്തിലേക്ക് ഉറച്ച ചുവടുകള്‍ വെക്കാം. വളര്‍ന്നു വരുന്ന സാങ്കേതിക വിദ്യകള്‍ രോഗീ പരിചരണത്തില്‍ സമന്വയിപ്പിക്കുവാനുള്ള മികവ് നേടുന്നതോടൊപ്പം ദൗത്യ വിജയങ്ങള്‍ക്കായി സ്വതാല്‍പര്യങ്ങള്‍ പണയപ്പെടുത്തുവാനും നഴ്സുമാര്‍ സജ്ജരാണ്.  
 
ലോകം ആരോഗ്യ മേഖലയില്‍ ചുറ്റിതിരിയുമ്പോള്‍   ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ എത്ര സമ്പാദ്യം ഉണ്ടായിട്ടും പ്രയോജനം ഉള്ളൂ എന്ന യാഥാര്‍ഥ്യം അന്വര്‍ത്ഥമാകുമ്പോള്‍, ആരോഗ്യ മേഖലയുടെ ജീവനായ നേഴ്സ്മാരുടെ ആരോഗ്യത്തിനും മാനവരാശിയുടെ സ്വസ്ഥതക്കും വേണ്ടി ഹൃദയം തൊട്ട് പ്രാര്‍ഥിക്കാം. 

Feedback