ഇണകളായി ജീവിക്കുക എന്നത് മനുഷ്യ പ്രകൃതമാണ്. വ്യക്തി ജീവിതത്തിലെ കേവല സുഖങ്ങള്‍ക്കപ്പുറം മനുഷ്യകുലത്തിന്റെ നിലനില്പിന്നു പോലും ഇണകളായി ജീവിക്കൽ അനിവാര്യമാണ്. രണ്ടു വ്യക്തികള്‍ക്കിടയിലെ പരസ്പര വിശ്വാസത്തോടെയുള്ള ശാരീരികവും മാനസികവുമായ ബന്ധത്തിന്‍ മേലാണ് കുടുംബം എന്ന സംവിധാനം നിലനില്‍ക്കുന്നത്. കെട്ടുറപ്പുള്ള സമൂഹത്തെ സൃഷ്ടിക്കുന്നതും, സന്തുലിതമായി മനുഷ്യരിലെ ഓരോ വിഭാഗത്തെയും നിലനിര്‍ത്തുന്നതും കുടുംബമെന്ന സമൂഹത്തിന്റെ ഈ അടിസ്ഥാന ഘടകമാണ്. ഇണകളായി ജീവിക്കുന്ന മനുഷ്യപ്രകൃതമില്ലെങ്കിൽ കുടുംബവും, കുടുംബമില്ലെങ്കില്‍ മനുഷ്യനെന്ന സാമൂഹ്യ ജീവിയും ഇല്ലെന്നര്‍ഥം. സാമൂഹ്യ ജീവി എന്ന മനുഷ്യഗുണം മാനവ ചരിത്രത്തില്‍ നിന്നും എടുത്ത് മാറ്റിയാല്‍ ഈ വികസനങ്ങളും സാങ്കേതികതകളും എല്ലാം അപ്രത്യക്ഷമാവും. മനുഷ്യന്‍ ഒരു കേവല മൃഗമായി മാറും. കുടുംബമില്ലാതെ മനുഷ്യന്റെ അതിജീവനം തന്നെ സംശയമാണ്, അതിജീവിക്കുന്നെങ്കില്‍ മൃഗതുല്യമാവുമെന്നുറപ്പ്.
ഒരേ ലിംഗത്തില്‍ വരുന്നവര്‍ക്കും ഇണകളായി ജീവിച്ചു കൂടേ എന്ന ചോദ്യമിന്ന് ധാരാളമായി കേള്‍ക്കുന്നു. ഒരാളുടെ ഇണയെ ആരാണ് തീരുമാനിക്കേണ്ടത് എന്നതാണ് ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്‌നം. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം സ്വാഭാവികമായും ഒരോ വ്യക്തിക്കുമുണ്ട്. പക്ഷേ ആ തിരഞ്ഞെടുപ്പ് പൂര്‍ണാര്‍ഥത്തില്‍ സ്വതന്ത്രമാക്കുക പ്രായോഗികമല്ല. മറ്റേതു വിഷയത്തിലെയും പോലെ ഇവിടെയും തിരഞ്ഞെടുക്കുന്നതിനെപ്പറ്റിയുള്ള ഒരു അടിസ്ഥാന വിശദീകരണത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടായിരിക്കണം തിരഞ്ഞെടുപ്പ്. ഉദാഹരണത്തിന് എന്തു കഴിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഓരോ വ്യക്തിക്കുമുണ്ട്. എന്നു വച്ച് വിഷം, കല്ല്, ഇരുമ്പ് എന്നിങ്ങനെയുള്ള ഭക്ഷ്യയോഗ്യമല്ലാത്തവ കഴിക്കാനായി തിരഞ്ഞെടുക്കാന്‍ പറ്റില്ലല്ലോ. 'ഭക്ഷ്യയോഗ്യം' എന്ന അടിസ്ഥാന വിശദീകരണത്തിന്റെ പരിധിയില്‍ വരുന്നവയില്‍ നിന്നും തിരഞ്ഞെടുക്കാനുള്ള അവകാശത്തെപ്പറ്റിയാണ് മുകളില്‍ സൂചിപ്പിച്ചത് എന്ന് വ്യക്തം. അതു പോലെ ഓരോ വ്യക്തിയും തന്റെ ഇണ ആരാവണം എന്നത് തിരഞ്ഞെടുക്കേണ്ടത് ഒരു അടിസ്ഥാന വിശദീകരണത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടായിരിക്കണം. ആ പരിധി ഏതാവണം എന്നു പറയാന്‍ മനുഷ്യന്റെ സ്രഷ്ടാവിനു മാത്രമേ സാധിക്കുകയുള്ളൂ.
മനുഷ്യന്‍ ദൈവത്തിന്റെ വിശിഷ്ടമായ ഒരു സൃഷ്ടിയാണ്. മാനസികം, ശാരീരികം എന്നിങ്ങനെ അതി സങ്കീര്‍ണമായ രണ്ടസ്തിത്വം മനുഷ്യനുണ്ട്.
തങ്ങള്‍ കുറച്ചു പുരോഗമിച്ചവരാണ്, സാങ്കേതികമായി അല്പം മികവ് ഞങ്ങള്‍ക്കുണ്ട് അത് കൊണ്ട് മനുഷ്യന്‍ എങ്ങനെയാവണം എന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാണ് എന്ന മനോഗതിയിലാണ് ചിലര്‍. എന്നാല്‍ മനുഷ്യന്റെ പരിമിതികളെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 'അല്പമല്ലാതെ അറിവില്‍ നിന്നും നിങ്ങള്‍ക്ക് നല്‍കിയിട്ടില്ല' (17:85) എന്ന ഖുര്‍ആന്‍ വചനം അറിവിലെ മനുഷ്യ പരിമിധിയെ എടുത്ത് കാണിക്കുന്നു. ഇതിന്റെ പ്രായോഗിക ഉദാഹരണങ്ങള്‍ പരിശോധിക്കാം. മനുഷ്യ ശരീരം, മനസ്സ്, ഭൂമി, ആകാശം, മറ്റു ഗോളങ്ങള്‍ എന്നിവയെപ്പറ്റി അല്പം അറിവേ നമുക്കുള്ളൂ എന്ന് നാം ഉള്‍കൊള്ളുന്നു. അറിവിന്റെ പരിമിതിക്കൊപ്പം തന്നെ അറിഞ്ഞ കാര്യങ്ങള്‍ പൂര്‍ണമായി ഗ്രഹിക്കാന്‍ പറ്റാത്ത കഴിവുകേടും മനുഷ്യനുണ്ട്. അറിഞ്ഞ, മാനസ്സിലാക്കിയ കാര്യങ്ങളെപ്പറ്റി ഫലവത്തായി ചിന്തിച്ച് മികച്ച അനുമാനത്തിലെത്താനും മനുഷ്യന് പൂര്‍ണമായി കഴിയില്ല. ഇതിനെല്ലാം പുറമേ അതി വൈകാരികനാണ് മനുഷ്യന്‍ എന്നത് കൊണ്ട് തന്നെ അവനെടുക്കുന്ന ഓരോ തീരുമാനവും സത്യത്തെക്കാള്‍ അവന്റെ വികാരത്തെയാണ് ആശ്രയിച്ചിരിക്കുക. അത് കൊണ്ടാണ് പലരുടെയും പ്രചാരണ വാക്കുകളില്‍ സ്വാതന്ത്ര്യം,അവകാശം,തുല്യത എന്നിത്യാദി വൈകാരിക പ്രയോഗങ്ങളുടെ എണ്ണം കൂടുന്നത്.
ഈ പരിമിതികളൊക്കെ ഉണ്ടെങ്കിലും മനുഷ്യന്ന് തന്റെ ജീവിതത്തിലെ ഒരുപാട് കാര്യങ്ങളില്‍ ഫലവത്തായി തീരുമാനമെടുക്കാന്‍ കഴിയും. എന്നാല്‍ അവന് താങ്ങാന്‍ കഴിയാത്ത ചില വിഷയങ്ങളുമുണ്ട്. അതില്‍ അവന് ശരിയായ ദിശ കാണിച്ചു കൊണ്ടുക്കേണ്ടത് അവനെപ്പറ്റി എല്ലാം അറിയുന്ന സ്രഷ്ടാവാണ്. ആ സ്രഷ്ടാവിന് അറിവിന്റെയോ, ഗ്രാഹ്യത്തിന്റെയോ, യുക്തിയുടെയോ, വികാരത്തിന്റെയോ പരിമിതികളില്ല. മനുഷ്യന്റെ പരിധിയില്‍ വരാത്ത വിഷയങ്ങളില്‍ അവന്‍ തീരുമാനമെടുത്താല്‍ അത് വലിയ അപകടങ്ങളുണ്ടാക്കും. ഇതെങ്ങനെയാണ് ഭാവിയില്‍ ഭവിക്കുക എന്നറിയാതെ മനുഷ്യന്‍ എടുത്ത പല തീരുമാനങ്ങളിലെയും അബദ്ധങ്ങള്‍ ലക്ഷക്കണക്കിന് പേരുടെ പതിറ്റാണ്ടുകളെയും നൂറ്റാണ്ടുകളെയും അപഹരിച്ച ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജനസംഖ്യ കുറയ്ക്കാനായി ചൈന സ്വീകരിച്ച ഒറ്റക്കുട്ടി നയം അവരുടെ സാമൂഹിക സന്തുലിതാവസ്ഥയെ ബാധിച്ച ഉദാഹരണം അവയിലൊന്ന് മാത്രം.
'ആണും പെണ്ണുമാകുന്ന രണ്ട് ഇണകളെ സൃഷ്ടിച്ചു' (53:45) എന്ന ഖുര്‍ആന്‍ വചനം ആണും പെണ്ണുമാണ് ഇണകള്‍ എന്ന് ചൂണ്ടിക്കാണിക്കുന്നു. 'സ്ത്രീകള്‍ക്ക് പുരുഷനും, പുരുഷന് സ്ത്രീയും പരസ്പരം വസ്ത്രം പോലെയാണ്' (2:187) എന്ന വചനവും ഖണ്ഡിതമായി ഈ ആശയം പങ്കുവെക്കുന്നു. ഒരേ ലിംഗത്തിലുള്ളവര്‍ തമ്മിലുള്ള ബന്ധം ഇസ്‌ലാം എതിര്‍ക്കുന്നു. ലൂത്വ് (അ) ന്റെ ജനതയുടെ സ്വവര്‍ഗ രതി എന്ന സ്വഭാവത്തെ 'നിങ്ങള്‍ക്ക് മുമ്പേ ലോകരില്‍ ഒരാളും ചെയ്തിട്ടില്ലാത്ത നീച വൃത്തി' എന്നാണ് അല്ലാഹു പരിചയപ്പെടുത്തുന്നത്. ഈ പ്രവര്‍ത്തനത്തിലൂടെ ആ ജനത അതിരു കടന്നവരായി എന്നും നാഥന്‍ പറഞ്ഞു വെക്കുന്നു (7:80,81). മാത്രമല്ല 'ലൂത്വിന്റെ സമുദായം ചെയ്ത പാപം ചെയ്യുന്നവനെ (സ്വവര്‍ഗരതി) അള്ളാഹു ശപിച്ചിരിക്കുന്നു' എന്ന് പ്രവാചകന്‍ മൂന്നു തവണ ആവര്‍ത്തിച്ചതായും ഹദീസില്‍ കാണാം (അഹ്മദ്-2915). ഇസ്‌ലാമിലെ ഇണയെ തിരഞ്ഞെടുക്കുന്നതിലെ നിബന്ധനകള്‍ ഇവിടെയും അവസാനിക്കുന്നില്ല. ആണിന് തന്റെ ഇണയായി ഏത് പെണ്ണിനേയും സ്വീകരിക്കാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നില്ല. പെണ്ണിന് തിരിച്ചും അങ്ങനെ തന്നെ. ഇവരില്‍ തന്നെ ആരോടൊക്കെ വിവാഹ ബന്ധം പാടില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (4:22,23). ഇസ്‌ലാം സ്വവര്‍ഗാനുരാഗത്തെ പൂര്‍ണമായും എതിര്‍ലിംഗാനുരാഗത്തെ (Heterosexuality) ഭാഗികമായും തടയുന്നു. എതിര്‍ലിംഗാനുരാഗമല്ല (Heterosexuality) ആരോടൊക്കെ വിവാഹ ബന്ധം ആവാമെന്ന ദൈവീക നിര്‍ദേശമാണ് ഇസ്‌ലാമിന്റെ ഈ വിഷയത്തിലെ അടിസ്ഥാനം.
ദൈവീക നിര്‍ദേശങ്ങളുടെ യുക്തി, അവന്‍ നിഷിദ്ധമാക്കിയവയിലെ പ്രശ്‌നങ്ങള്‍ എന്നിവ മുകളില്‍ പറഞ്ഞ പരിമിതികളുള്ളവനായ മനുഷ്യന് പൂര്‍ണമായും മനസ്സിലാക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ അവന് ഉള്‍കൊള്ളാന്‍കഴിയും. ഈ വിഷയത്തില്‍ സ്വവര്‍ഗരതിയിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ നമുക്ക് മുന്നിലേക്ക് തെളിഞ്ഞു വരും. അവയില്‍ ചിലത് നമുക്ക് അവലോകനം ചെയ്യാം .
1 . ഈ പ്രവര്‍ത്തനം പരിണാമത്തെ സാധൂകരിക്കുന്നില്ല .
മനുഷ്യകുലം ഇന്നേ വരെ മാനസ്സിലാക്കിയിട്ടുള്ളത് സ്ത്രീക്ക് പുരുഷനും പുരുഷന് സ്ത്രീയും ആവണം ഇണ എന്നതാണ്. പരിണാമത്തിലൂടെ സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും നിലനില്‍ക്കുന്ന ഒരു ജീവിയുടെ ജൈവീക തിരഞ്ഞെടുപ്പ് തെറ്റാവാനുള്ള സാധ്യത നന്നേ ദുര്‍ലഭമാണ്. തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ അവന്റെ നിലനില്‍പ്പ് തന്നെ ഇത്തരം തിരഞ്ഞെടുപ്പുകളിലാണ് ആശ്രയിച്ചിരിക്കുന്നത്. പരിണാമസിദ്ധാന്ത പ്രകാരം ഒരു ജീവിയുടെ പ്രധാന ജീവിത ലക്ഷ്യം അടുത്ത തലമുറയെ ഉത്പാദിപ്പിക്കുക എന്നതാണ്. അതിനു വിരുദ്ധമായി നിലനില്‍ക്കുന്നവയെല്ലാം ജീവയുടെ അതിജീവനത്തെ ബാധിക്കുന്ന തടസ്സങ്ങളാണ്.
2. ഇണയെ പൂര്‍ണ സ്വാതന്ത്ര്യത്തോടെ ഒരോരുത്തരും തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് അനിയന്ത്രിതവും തത്ഫലമായി സമൂഹത്തിന് അപകടവുമാവും.
സ്വവര്‍ഗരതിക്ക് വേണ്ടി വാദിക്കുന്നവര്‍ പ്രധാനമായും മുന്നോട്ടു വെക്കാറുള്ളത് തങ്ങള്‍ക്ക് താല്പര്യം തോന്നുന്നവരെ ഇണയായി സ്വീകരിക്കാനുള്ള അവകാശം ലഭിക്കണം എന്നാണ്. ഇവിടെ പ്രധാന പ്രശ്‌നമുദിക്കുന്നത് ഇണയുടെ അടിസ്ഥാന വിശദീകരണം ഏത് വരെ നീട്ടും എന്നിടത്താണ്. ജെന്റര്‍ പൊളിറ്റിക്‌സ് മുന്നോട്ടുവെക്കുന്ന LGBTQIA+ വിഭാഗത്തിലെ ഒത്തിരി അക്ഷരങ്ങള്‍ നിലകൊള്ളുന്നത് ഇത്തരം 'വൈവിധ്യമാര്‍ന്ന' ലൈംഗികാഭിനിവേശങ്ങള്‍ക്ക് വേണ്ടിയാണ്. ഒരേ ലിംഗത്തിലുള്ളവര്‍ പരസ്പരം ബന്ധം സ്ഥാപിക്കുന്ന സ്വവര്‍ഗരതിയില്‍ തുടങ്ങി അത് പലതിലേക്കും നീങ്ങും. എല്ലായിടങ്ങളിലും അടിസ്ഥാന വാദം 'തങ്ങളുടെ ഇണയെ തങ്ങള്‍ തീരുമാനിക്കും' എന്നത് തന്നെ. എന്നാല്‍ ഈ വാദത്തില്‍ നിന്നും ഉടലെടുക്കുന്ന ആവശ്യങ്ങള്‍ ഇവിടെ പരിമിതമല്ല. നമ്മുടെ സമൂഹം ഇന്ന് ധാര്‍മികമായി തെറ്റാണ് എന്ന് വിശ്വസിക്കുന്ന മാതാപിതാക്കളും മക്കളും, സഹോദരങ്ങള്‍ പരസ്പരവുമുള്ള ലൈംഗിക ബന്ധമായ 'അഗമ്യഗമനവും', മൃഗരതിയും, ശവരതിയും, സെക്‌സ് ഡോളുകളുമായുള്ള ബന്ധവുമടക്കം എല്ലാ വൈകൃതങ്ങളും ഇത്തരം ആവശ്യങ്ങളില്‍ പെടും. തങ്ങളുടെ രാജ്യത്തില്‍ നിയമപരമല്ലാത്തത് കൊണ്ട് ശവരതിക്ക് വേണ്ടി മാത്രം അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ പോലുമുണ്ട് പാശ്ചാത്യരില്‍. ജപ്പാന്‍ പോലുള്ള രാജ്യങ്ങളില്‍ ഭാര്യ മരണപ്പെട്ടത് പോലെ അതിവൈകാരികമായി തങ്ങളുടെ സെക്‌സ് ഡോളിനെ യാത്ര അയക്കുന്ന വ്യക്തികളും ഒട്ടും ചുരുക്കമല്ല.
ഞങ്ങള്‍ക്ക് ലൈംഗിക താത്പര്യം തോന്നുന്നത് ഞങ്ങളുടെ അടുത്ത ബന്ധുക്കളോടും, ശവങ്ങളോടും, മൃഗങ്ങളോടും, സെക്‌സ് ഡോളുകളോടും ആണ് എന്ന് പറയുന്നവരെ അതില്‍ നിന്നും പിന്നോട്ട് കൊണ്ട് വരാന്‍ എന്ത് മാനദണ്ഡമാണ് സ്വവര്‍ഗാനുരാഗത്തിനു വേണ്ടി നിലകൊള്ളുന്നവരുടെ കയ്യിലുള്ളത്?. രണ്ടു പേരുടെയും അടിസ്ഥാന വാദം ഒന്നാണല്ലോ. ഇത് സമൂഹത്തെ വലിയ അരാജകത്വത്തിലേക്ക് നയിക്കും. തീര്‍ച്ച.
3. കുടുംബം എന്ന സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തിന് വിരുദ്ധമാണ് ഈ പ്രവര്‍ത്തനം
മനുഷ്യ സമൂഹത്തിലെ കുടുംബത്തിന്റെ പ്രാധാന്യം തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു. ബാല്യം, കൗമാരം, യുവത്വം, വാര്‍ധക്യം എന്നിങ്ങനെ മനുഷ്യന്റെ ഓരോ ഘട്ടങ്ങളിലും അവന് കുടുംബം അനിവാര്യമാണ്. കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന യുവാക്കളിലെയും യുവതികളിലെയും വിഷാദവും, വൃദ്ധരിലെ ഒറ്റപ്പെടലും, കുട്ടികളിലെ അക്രമോത്സുകതയും തുടങ്ങി ഒത്തിരി പ്രശ്‌നങ്ങള്‍ കുടുംബത്തിന്റെ സാമൂഹ്യ പ്രാധാന്യം പറഞ്ഞുതരുന്നു. ഈ കുടുംബമുണ്ടാവുന്നത് പ്രത്യുല്പാദനത്തിലൂടെ മക്കളും, പേരമക്കളും ജനിക്കുമ്പോഴാണ്. ആ സാധ്യത സ്വവര്‍ഗ രതിയില്‍ ഇല്ലാതാവുന്നു.
4. അനിയന്ത്രിതമായ ലൈംഗിക ബന്ധങ്ങള്‍ അമിതമായ രോഗവ്യാപനത്തിന് കാരണമാകുന്നു. ഇത് മനുഷ്യ സമൂഹത്തിന്റെ ആരോഗ്യത്തെയും നിലനില്പ്പിനെയും ബാധിക്കുന്നു.
ആണ്‍ സ്വവര്‍ഗാനുരാഗികളില്‍ ലൈംഗികരോഗംപടരാനുള്ള സാധ്യത എതിര്‍ലിംഗാനുരാഗികളെക്കാള്‍ ഒത്തിരി മടങ്ങ് അധികമാണ് എന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. ചില പഠനങ്ങളില്‍ അത് പതിനെട്ടു മടങ്ങാണ് എന്ന് പോലും പറയുന്നു. AIDS അടങ്ങുന്ന ലൈംഗികരോഗങ്ങൾ സമൂഹത്തില്‍ പടരുന്നതിന്റെ ഭവിഷ്യത്തിനെപ്പറ്റി കൂടുതല്‍ പറയേണ്ടതില്ലല്ലോ. മാത്രമല്ല 2022 ല്‍ ബ്രിട്ടനില്‍ (യു.കെ) റിപ്പോര്‍ട്ട് ചെയ്ത കുരങ്ങു പനി പൂര്‍ണമായും ആണ്‍ സ്വവര്‍ഗാനുരാഗികളിലായിരുന്നു. ഇത്തരം രോഗവ്യാപനങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ നിയമപ്രകാരം പോലും സ്വവര്‍ഗാനുരാഗികളുടെ രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
ഇത് മാത്രമല്ല സ്വവര്‍ഗരതിയുടെ തുടര്‍ച്ചയില്‍ വരുന്ന അഗമ്യഗമനം, മൃഗരതി, ശവരതി തുടങ്ങിയ മറ്റു രതി വൈകൃതങ്ങളില്‍ ലൈംഗിക രോഗം വ്യാപിക്കാനുള്ള സാധ്യത ഇതിനേക്കാള്‍ കൂടുതലാണ്.
5. മിഥ്യാ ശാസ്ത്രങ്ങള്‍ കൊണ്ട് വന്ന് ഈ കര്‍മത്തെ വിശിഷ്ടവത്കരിക്കുന്നു. മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികിത്സക്കുള്ള അവകാശം നിഷേധിക്കുന്നു.
ലോകത്തിലെ ഏറ്റവും ആധികാരികമായ മനശാസ്ത്ര കൂട്ടായ്മ 'അമേരിക്കന്‍ സൈക്കാര്‍ട്ടിക് അസോസിയേഷന്‍' (APA) പുറത്തിറക്കുന്ന മാനസിക വൈകല്യങ്ങളെ പറ്റിയുള്ള മാന്വല്‍ DSM (Diagnostics and Statistical Manual of Mental Disorders) ഒന്നും രണ്ടും പതിപ്പുകളില്‍ സ്വവര്‍ഗരതിയെ മാനസിക വൈകല്യമായിട്ടായിരുന്നു എണ്ണിയിരുന്നത്. എന്നാല്‍ പിന്നീട് സ്വവര്‍ഗ രതി ഇതേ DSM ന്റെ തുടര്‍പ്പതിപ്പുകളില്‍ മാനസിക വൈകല്യങ്ങളുടെ നിരയില്‍ നിന്നും എടുത്തു മാറ്റപ്പെട്ടു. അത് പക്ഷെ നാം ആരും വിചാരിക്കുന്നത് പോലെ ഏതെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല . മറിച്ച് ഗേ ആക്റ്റിവിസ്ടുകളുടെ സമരത്തിന്റെ ഫലമായി APA അംഗങ്ങള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിന്റെ തുടര്‍ച്ചയിലാണ് ആ മാറ്റം. മെഡിക്കല്‍ ആയ ഒരു വിഷയത്തിന്റെ തീരുമാനം പഠനങ്ങളുടെ അഭാവത്തില്‍ നടക്കുന്നത് ഈ കാര്യത്തില്‍ മാത്രമേ കാണാന്‍ സാധിക്കൂ.
മാനസിക വൈകല്യമടങ്ങുന്ന രോഗാവസ്ഥകള്‍ അനുഭവിക്കുന്നവരുടെ അവകാശമാണ് ചികിത്‌സിക്കപ്പെടുക എന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ആ അടിസ്ഥാന അവകാശം പോലും ഈ വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. രോഗമായി അംഗീകരിക്കാന്‍ പോലും തയ്യാറാവുന്നില്ല, പിന്നെ എങ്ങനെ ചികിത്സ നടക്കും..? മെഡിക്കല്‍ രംഗത്ത് ഏറ്റവും കൂടുതല്‍ വിവേചനം നേരിടുന്നത് ഈ വിഭാഗം ആളുകളാണ് എന്ന് നമുക്ക് മനസ്സിലാക്കാം. ചികിത്സാ സംവിധാനങ്ങളില്‍ പുരോഗതി ഉണ്ടാവാന്‍ കൂടുതല്‍ അന്വേഷണങ്ങളും പഠനങ്ങളും നടക്കുന്നതിനെ പോലും ജെന്റര്‍ പോളിറ്റിക്‌സിന്റെ വക്താക്കള്‍ തടയുന്നു.
മനുഷ്യര്‍ സ്വവര്‍ഗരതി പ്രകടിപ്പിക്കാന്‍ പല കാരണങ്ങളുമുണ്ട്. പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഭൂരിഭാഗം സ്വവര്‍ഗാനുരാഗികളും ബാല്യത്തില്‍ ഒരേ ലിംഗത്തിലുള്ള മുതിര്‍ന്നവരില്‍ നിന്നും ലൈംഗിക പീഡനം അനുഭവിച്ചവരാണ് എന്നതാണ്. സ്വവര്‍ഗരതി ജനിതകമായി സംഭവിക്കുന്നതാണെന്നും അത്തരക്കാര്‍ എത്തിച്ചേരുന്ന നിര്‍ബന്ധിതമായ അവസ്ഥയാണ് അത് എന്നും പറയുന്ന ചില പഠനങ്ങള്‍ മുന്നേ സൂചിപ്പിച്ചത് പോലെ കെട്ടിച്ചമച്ച് ചിലര്‍ കൊണ്ട് വന്നിരുന്നു. അവ ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ഇന്ന് വരെയുള്ള പഠനങ്ങളിലൊന്നും സ്വവര്‍ഗാനുരാഗം ജനിതകമാണ് (Genetically determined) എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഭാവിയില്‍ അങ്ങനെ സംഭവിക്കില്ല എന്നും പറയുക സാധ്യമല്ല.
ഈ വിഭാഗം ആളുകള്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളില്‍ ഒന്ന് അവരെ ജെന്റര്‍ പോളിറ്റിക്‌സ്, കയറില്ലാതെ കെട്ടിയിടുന്നു എന്നതാണ്. സ്വവര്‍ഗതാല്പര്യം തോന്നുന്നവര്‍ അതിനെ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടത് എന്നും, ആ പ്രവര്‍ത്തനത്തിലാണ് വിപ്ലവമുള്ളത് എന്നും ചെറുപ്പം മുതലേ ഈ ആശയക്കാര്‍ പഠിപ്പിക്കുന്നു. മോചനമില്ലാത്ത വിധം അവരുടെ ചിന്തയെ മാറ്റിയെടുക്കുന്നു. ചികിത്സിക്കണമെന്ന് ആഗ്രഹിച്ചാല്‍ തന്നെ ചികിത്സിക്കാനുള്ള മാര്‍ഗങ്ങള്‍ ഇല്ലാതാവുന്ന ദുരവസ്ഥയിലേക്ക് അവരെ തള്ളി വിടുന്നു. ലഭ്യമായ ചികിത്സകള്‍ ചെയ്യുന്നത് പോലും 'ഹോമോഫോബിക്' എന്ന ചാപ്പ കുത്തിക്കൊണ്ട് തടഞ്ഞിരിക്കുകയാണ് പല രാജ്യങ്ങളും.
സ്വവര്‍ഗരതി സ്വാഭാവികമാണ് എന്നു പറയാന്‍ ചിലര്‍ പ്രകൃതിയിലെ സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്ന മറ്റു ജീവികളെ ഉദാഹരിക്കാറുണ്ട്. അവര്‍ മനസ്സിലാക്കേണ്ടത് ഈ വാദം അപ്പീല്‍ റ്റു നേച്ച്വര്‍ എന്ന ന്യായ വൈകല്യമാണ് (Logical Fallacy). മറ്റൊരു ജീവി ഒരു പ്രവര്‍ത്തനം ചെയ്യുന്നു എന്നത് നമുക്ക് അത് ചെയ്യാം എന്നതിന്റെ തെളിവല്ല. ഓരോ ജീവികളും അവരുടെതായ പ്രത്യേകതകളില്‍ ജീവിക്കുന്നവരാണ്. ചിലന്തികളില്‍ ചിലത് തന്റെ ഇണയെ ഭക്ഷിക്കുന്നു. അത് ചൂണ്ടിക്കാട്ടി നമുക്ക് ഭക്ഷിക്കാന്‍ കഴിയില്ലല്ലോ.
മുകളില്‍ സൂചിപ്പിച്ച ഈ കാരണങ്ങള്‍ കൊണ്ടല്ല ഇസ്‌ലാം സ്വവര്‍ഗരതിയെയും മറ്റു രതി വൈകൃതങ്ങളെയും എതിര്‍ക്കുന്നത്. അതിന്റെ കാരണം എല്ലാം അറിയുന്ന സ്രഷ്ടാവിന്റെ കല്പനയാണ്. ആ കല്പനക്ക് പിന്നിലെ യുക്തിയായി ഇക്കാരണങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഇവക്കു പുറമെയും സാധൂകരിക്കുന്ന കാരണങ്ങള്‍ ഉണ്ടാവാം. നമ്മുടെ പരിമിതമായ യുക്തിക്കും അറിവിനും അവയിലേക്കെത്താന്‍ ഇതു വരെ കഴിഞ്ഞില്ലെന്ന് മാത്രം.
ഈ വിഷയത്തിലെ അവസാന ചോദ്യം ഒരാള്‍ക്ക് തന്റെ ലിംഗത്തിലുള്ളവരോട് മാത്രമേ താല്പര്യം തോന്നുന്നുള്ളൂവെങ്കില്‍ അയാളോടുളള ഇസ്‌ലാമിന്റെ സമീപനമെന്താണ് എന്നതാണ്?
ഇസ്‌ലാം സ്വവര്‍ഗാനുരാഗത്തെ 'നോര്‍മല്‍' ആയി പരിഗണിക്കുന്നില്ല എന്ന് മുന്‍ വിശദീകരണങ്ങളില്‍ നിന്നും വ്യക്തമാണല്ലോ. അസാധാരണമായ അവസ്ഥയായതു കൊണ്ട് തന്നെ കൗണ്‍സലിംഗ് അടങ്ങുന്ന ലഭ്യമായ ചികിത്സക്ക് വിധേയരാവുകയാണ് ഇത്തരക്കാര്‍ പ്രാഥമികമായും വേണ്ടത്. ആധുനിക സാങ്കേതിക യുഗത്തിലും പൂര്‍ണമായി ഫലവത്താവുന്ന ചികിത്സാ രീതി ഈ രോഗത്തിന് മാത്രം ഇല്ല എന്നതിന്റെ ഉത്തരവാദികള്‍ നേരത്തെ പറഞ്ഞ ജെന്റര്‍ പൊളിറ്റിക്‌സിന്റെ വക്താക്കളാണ്. ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറഞ്ഞ് അവര്‍ ഈ ന്യൂനപക്ഷത്തെ വഞ്ചിക്കുകയാണ്.
സ്വവര്‍ഗാനുരാഗം ജനിതകമാണ് എന്ന് ഇതുവരെ തെളിയിച്ചിട്ടില്ല എന്ന് മുന്നേ സൂചിപ്പിച്ചല്ലോ. ഇനി ജനിതകമാണെങ്കിലും അല്ലെങ്കിലും ആ പ്രവര്‍ത്തനം ഇസ്‌ലാമില്‍ നിഷിദ്ധമാണ്. ദൈവ കല്‍പ്പന മാത്രമാണ് ഇസ്‌ലാമില്‍ പരിഗണനക്കര്‍ഹം, ജനിതകം എന്നത് അവിടെ ഒരു ഘടകമേ അല്ല. പുരുഷനെ സംബന്ധിച്ച് ധാരാളം സ്ത്രീകളോട് ശാരീരിക താല്പ്പര്യം തോന്നുകയും അവരോടെല്ലാം ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള ജൈവീക ചോതന ഉണ്ടാവുകയും ചെയ്യാറുണ്ട്. പക്ഷെ അത് പ്രാവര്‍ത്തികമാക്കിയാല്‍ അവന്‍ വ്യഭിചാരം എന്ന വലിയ തെറ്റ് ചെയ്തവനും ശിക്ഷാര്‍ഹനുമായി. ഈ രണ്ടിടങ്ങളിലും ആഗ്രഹവും ചിന്തയും അവനിലേക്ക് സ്വാഭാവികമായി വരുന്നതാവാം. അതില്‍ അവര്‍ക്ക് തെറ്റില്ല. എന്നാല്‍ ആ ചിന്തക്കനുസരിച്ച് പ്രവര്‍ത്തിക്കല്‍ പരിധി ലംഘിക്കലാണ്. ഈ ചിന്ത അവന്‍ ഒരു പരീക്ഷണമായി കണ്ട് ക്ഷമിക്കുകയും അവ മാറ്റിയെടുക്കാനുള്ള പരിഹാരങ്ങള്‍ തേടുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിക രീതി. ഇഹലോകമെന്നത് ഇസ്‌ലാമിക വീക്ഷണപ്രകാരം മനുഷ്യനുള്ള പരീക്ഷണ കേന്ദ്രമാണ്. ഓരോ വ്യക്തിക്കും ഓരോ തരത്തിലായിരിക്കും പരീക്ഷണങ്ങള്‍. ചിലര്‍ക്ക് സുഖങ്ങളാണെങ്കില്‍ മറ്റു ചിലര്‍ക്ക് ദുഃഖങ്ങളാവും. രണ്ടവസ്ഥയിലും സ്വതാല്പര്യങ്ങള്‍ക്കപ്പുറം തനിക്കെല്ലാം നല്‍കിയ സ്രഷ്ടാവിനു വേണ്ടി അവന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കലാണ് മനുഷ്യധര്‍മം. അപ്പോഴേ അവന്‍ തന്നെ പൂര്‍ണമായും നാഥനിലേക്ക് സമര്‍പ്പിച്ച മുസ്‌ലിം ആവുന്നുള്ളൂ. അങ്ങനെ സമര്‍പ്പിക്കുന്നവരുടെ എല്ലാ താല്പര്യങ്ങളും പൂര്‍ണാര്‍ഥത്തില്‍ പരിഗണിക്കുന്ന പരലോകം അവനെ കാത്തിരിക്കുന്നുണ്ട് എന്ന വാഗ്ദാനത്തില്‍ നമുക്ക് മനസ്സിലാക്കേണ്ട എല്ലാമുണ്ട്.