ലോകത്ത് ഏറ്റവും വിപണന സാധ്യതയും മാര്‍ക്കറ്റുമുള്ള പ്രചാരണ ആയുധമായി ജെന്‍ഡര്‍ രാഷ്ട്രീയം മാറിയിരിക്കുന്നു. ന്യൂജനറേഷന്‍ സാമൂഹ്യ സാധ്യതകളെ മുന്‍നിര്‍ത്തിക്കൊണ്ട്, ജെന്‍ഡര്‍ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന രീതിയില്‍ സമകാല രാഷ്ട്രീയ ത്തെ രണ്ടു വിഭാഗമായി പകുത്തു നിര്‍ത്താന്‍ അന്താരാഷ്ട്ര ലോബികള്‍ക്ക് സാധിച്ചിട്ടുണ്ട്. മനുഷ്യന്റെ പ്രകൃതിപരവും ജൈവശാസ്ത്രപരവുമായ വ്യത്യസ്തതകളെ പാടെ നിരസിച്ചു കൊണ്ട്, മാന സികമായി അപ്പപ്പോള്‍ തോന്നുന്ന ലൈംഗിക നിലപാടുകള്‍ക്ക് പ്രചാരം വര്‍ധിച്ചുവരുമ്പോള്‍, അതിനെ എതിര്‍ക്കുന്നവര്‍ വ്യക്തി സ്വാതന്ത്യത്തിന്റെ നിഷേധികളായി ചിത്രീകരിക്കപ്പെടുന്നു.
പുരുഷനായി സ്വയം പ്രഖ്യാപിച്ച ഒരു സ്ത്രീ ഗര്‍ഭം ധരിച്ചത് ലോകമഹാ സംഭവങ്ങളില്‍ ഒന്നായി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും ജെന്‍ഡര്‍ രാഷ്ട്രീയ ലോബിയും നന്നായി പരിശ്രമിക്കുന്നുണ്ട്. ജൈവശാസ്ത്രപരമായി ആണും പെണ്ണുമായി ജനിക്കുന്ന വ്യക്തികള്‍, തിരിച്ചും മറിച്ചും സ്വയം ഐഡന്റിഫൈ ചെയ്താലും ലൈംഗിക സ്വത്വം മാറ്റിമറിക്കാന്‍ ശ്രമിച്ചാലും, ജൈവികമായ ജെന്‍ഡറാണ് സ്ഥായിയായി നിലനില്‍ക്കുക എന്ന ശക്തമായ സന്ദേശമാണ് ട്രാന്‍സ്' ഗര്‍ഭം സമൂഹത്തിന് നല്‍കുന്നത്. മത മൂല്യങ്ങള്‍ അനുഷ്ഠിച്ചു ജീവിക്കുന്നവരും, സമൂഹത്തില്‍ ലൈംഗിക അരാജകത്വങ്ങള്‍ പാടില്ല എന്ന് ആഗ്രഹിക്കുന്നവരും കാലങ്ങളായി വിശദീകരിച്ചത് ശരി തന്നെ യാണെന്നാണ് യഥാര്‍ഥത്തില്‍ ഈ സംഭവം വ്യക്തമാക്കുന്നത്. പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയാലും സത്യത്തെ മുടി വെക്കാന്‍ ആവില്ലെന്ന സന്ദേശം കൂടി ഇവിടെ പ്രസക്തമാവുന്നു.
ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന് നിശ്ചയിക്കുന്നത് ജൈവശാസ്ത്രപരമായ കാരണങ്ങളോ ശാരീരികമായി തനിക്കും മറ്റുള്ളവര്‍ക്കും മനസ്സിലാകുന്ന വ്യത്യാസങ്ങളോ ഒന്നു മല്ലെന്നും മറിച്ച് തന്റെ മനസ്സിന് തോന്നുന്ന ചില തോന്നലുകളാണ് എന്നുമുള്ള അബദ്ധവാദം ഇന്ന് പ്രത്യേകമായ ജെന്‍ഡര്‍ രാഷ്ട്രീയമായി മാറിയിരിക്കുകയാണല്ലോ. ബാല്യകാലത്തു തന്നെ ഒരു കുട്ടി ആണ്‍ എന്നോ പെണ്‍ എന്നോ ശാസ്ത്രീയമായി മനസ്സിലാക്കാവുന്നതാണ്. ഗര്‍ഭകാലത്ത് സ്‌കാനിങ്ങ് വഴിയും (ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണയത്തിന് നിയമപരമായ വിലക്കുകള്‍ ഉണ്ട്), ജനിച്ച ശേഷം ലൈംഗികാവയവങ്ങള്‍ നിരീക്ഷണം നടത്തിയും, കൗമാരത്തില്‍ ശാരീരികമായ അവയവ വളര്‍ച്ചകള്‍ നോക്കിയും ആര്‍ക്കും ഒരു വ്യക്തി പുരുഷനാണോ സ്ത്രീയാണോ എന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ചില മാതാപിതാക്കള്‍ക്ക് ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ ആകണം എന്നുള്ള അദമ്യമായ ആഗ്രഹം കൊണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ട വസ്ത്രധാരണവും രൂപഭാവവും വരുത്തുകയും, അത്തരത്തിലുള്ള ചങ്ങാത്തങ്ങള്‍ നല്‍കുകയും, പ്രത്യേക ലിംഗത്തിന്റെ കളി തമാശകളും വിനോദങ്ങളും മാത്രം ചെയ്യിക്കുക വഴിയും ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ വഴിയുമാണ് ഒരു വ്യക്തി തന്റെ ലൈംഗിക വ്യക്തിത്വം സ്വയം നിരൂപിച്ച് എടുക്കുന്നത്. ഇടപെടലുകളിലൂടെയും കൗണ്‍സലിങ്ങ് വഴിയും ഭേദമാക്കാവുന്ന മാനസികാവസ്ഥയാണ് ഇത്. എന്നാല്‍ സമൂഹത്തിന്റെ ലൈംഗിക സദാചാരം തകര്‍ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് മതനിരാസ പ്രസ്ഥാനങ്ങളും നവ ലിബറല്‍ ചിന്താഗതിക്കാരും വളര്‍ത്തിയെടുക്കുന്ന അതീവ ഗുരുതരമായ വ്യക്തിത്വ പ്രതിസന്ധിയാണ് ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ എന്നറിയപ്പെടുന്ന സ്വന്തം ലൈംഗികത എന്താണന്ന് അറിയാത്ത തലമുറയുടെ സൃഷ്ടിപ്പ്.
ജെന്‍ഡറിന്റെ ദൈവികത
ഒരു വ്യക്തിയുടെ ജെന്‍ഡര്‍ ജീവശാസ്ത്രപരമോ മനഃശാസ്ത്രപരമോ എന്ന ചര്‍ച്ചക്ക് ഏറെ പഴക്കമുണ്ട്. ജെന്‍ഡര്‍ എന്നത് ജീവശാസ്ത്രപരം മാത്രമാണന്ന് വാദിക്കുന്നവരും ജെന്‍ഡര്‍ മനഃശാസ്ത്രപരം മാത്രമാണെന്ന് വാദിക്കുന്നവരുമായ ഇരു വിഭാഗങ്ങള്‍ വളരെ മുമ്പ് തന്നെ നില നിന്നിരുന്നു. ശരീരവും മനസ്സും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് വാദിച്ചിരുന്ന ആളുകളും നിലനിന്നിരുന്നു. ലിംഗത്വവും ലൈംഗികതയും രണ്ടും രണ്ടാണ് എന്നും അതല്ല രണ്ടും ഒന്നാണന്നും വാദിച്ച ആളുകളും ഉണ്ടായിരുന്നു. ചുരുക്കത്തില്‍ ജെന്‍ഡറും സെക്ഷ്വാലിറ്റിയും ഏറെ വിവാ ദപരമായ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്ന ഒന്നാണ്. എന്നാല്‍ അവയെല്ലാം ബൗദ്ധികവും ദാര്‍ ശനികവുമായ ചര്‍ച്ചകളായിരുന്നു. അടുത്തകാലത്താണ് അതിന്റെ പിറകില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളും സാമൂഹ്യമായ ധ്രുവീകരണങ്ങളും അവകാശവാദങ്ങളും ഉരുത്തിരിഞ്ഞു വന്നത്.
മനുഷ്യന്റെ ശരീരപ്രകൃതി, ജീവശാസ്ത്രപരമായ പ്രത്യേകത, മാനസികമായ സന്തുലിതാവസ്ഥ, ലൈംഗികതയെ നിശ്ചയിക്കുന്ന വിവിധ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍, സംഭവിക്കുന്ന ചില വ്യാകരണ പിശകുക ളാണ് ലൈംഗിക വ്യക്തിത്വത്തെ നശിപ്പിക്കുന്നത്. ജൈവശാസ്ത്ര ലൈംഗികതക്കപ്പുറം മാനസിക വൈകല്യം മൂലം തോന്നുന്ന എതിര്‍ ലൈംഗിക സ്വത്വതാത്പര്യമുള്ള ആളുകള്‍ക്ക് സംഘടിക്കാനുള്ള സാഹചര്യം ഇന്ന് സമൂഹ മാധ്യമങ്ങള്‍ നിര്‍ലോഭം നല്‍കിക്കൊണ്ടേയിരിക്കുന്നുണ്ട്. ഈ അവസ്ഥയെ ഗൗരവത്തോടെ നിരീക്ഷിക്കുകയും തങ്ങളുടെ മക്കളും അടുത്തവരും ഇത്തരം മാനസികാവസ്ഥയിലേക്ക് എത്തിപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രതപ്പെടേണ്ടതുണ്ട്.
അധാര്‍മികം
കേരളത്തിലെ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന ട്രാന്‍സ് പുരുഷന്റെ ഗര്‍ഭധാരണം യഥാര്‍ഥത്തില്‍ ചില സാമൂഹ്യവിഷയങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയാണ് ചെയ്യുന്നത്.
ട്രാന്‍സ്‌മെന്‍ കാറ്റഗറിയിലേക്ക് മാറിയെന്നവകാശപ്പെട്ട സ്ത്രീയാണ് ഇപ്പോള്‍ ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും. തന്റെ സ്തനങ്ങളും തലമുടിയും മുറിച്ചുമാറ്റുകയും പുരുഷ വേഷം ധരിക്കുകയും ചെയ്ത സ്ത്രിയാണത്.
വിശ്വാസങ്ങളുടെ ഭാഗമായോ, ആചാരങ്ങളുടെ ഭാഗമായോ ചെയ്യുന്ന ലിംഗാഗ്ര പരിഛേദത്തെ മനുഷ്യത്വരഹിതം എന്നും അധാര്‍മികമെന്നും ക്രൂരമെന്നും ചിത്രീകരിച്ച് വിശ്വാസികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ സ്വയം പുരുഷനാണെന്ന് വിചാരിച്ച് തന്റെ ബാഹ്യമായ സ്‌ത്രൈണ അവയവങ്ങള്‍ മുറിച്ചുകളയുന്നത് പരിഷ്‌കാരമായിട്ടാണ് വിലയിരുത്തുന്നത്. ആരോഗ്യപരമായി ഗുണമുള്ളതും വൃത്തിക്കും ശുദ്ധിക്കും ഏറെ നല്ലതുമായ ലിംഗാഗ്ര ചര്‍മം നീക്കം ചെയ്യുന്ന ചേലാകര്‍മം അതിക്രൂരമായ ബാലപീഡനമാണെന്നും നിരോധിക്കണം എന്നുമൊക്കെ അഭിപ്രായപ്പെടുന്ന ആളുകള്‍ ആണിനെ പെണ്ണാക്കാനും പെണ്ണിനെ ആണാക്കാനും ചെയ്യുന്ന അപകടകരമായ ശസ്ത്രക്രിയകളെ എതിര്‍ക്കാതിരിക്കുകയും ഒരുവേള സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്.
സ്‌ത്രൈണഗര്‍ഭം ശാസ്ത്രനേട്ടമെന്നോ?
ബയോളജിക്കലി സ്ത്രീയായ വ്യക്തി ഗര്‍ഭം ധരിക്കുന്നത് ശാസ്ത്രത്തിന്റെ അഭിമാനകരമായ നേട്ടം ആണെന്ന് കൊട്ടിഗ്‌ഘോഷിക്കാന്‍ ചെറിയ രൂപത്തിലുള്ള ചര്‍മസൗഭാഗ്യമൊന്നും പോര.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പ്രഗ്നന്‍സി ശാസ്ത്രത്തിന്റെ മഹത്തായ നേട്ടമായി അവതരിപ്പി ച്ചുകൊണ്ട് സചിത്ര ഫീച്ചറുകളും ഫോട്ടോ ആല്‍ബങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ട ചില സത്യങ്ങളുണ്ട്. ട്രാന്‍സ്മാന്‍ ഗര്‍ഭം എന്ന് ചിത്രീകരിക്കുന്ന വിവാദ വിഷയത്തില്‍ ഗര്‍ഭിണിയായത് സ്ത്രീ തന്നെയാണ്. ജൈവശാസ്ത്രപരമായി സ്ത്രീയായിക്കൊണ്ടും സ്‌ത്രൈണമായ അവയവങ്ങളോടും കൂടി ജീവിക്കുന്ന വ്യക്തിയാണ് ഗര്‍ഭം ധരിച്ചത്. മനുഷ്യപ്പിറവിയുടെ ഒന്നാം തീയതി മുതല്‍ കോടാനുകോടി സ്ത്രീകള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ഗര്‍ഭം ധരിക്കുക എന്നത്. അത് തന്നെയാണ് ഈ സ്ത്രീയും ചെയ്തത്. അത് കൊണ്ടുതന്നെ അതില്‍ യാതൊരു അതിശയോക്തിയോ അത്ഭുതമോ ഇല്ല. കൊട്ടിഘോഷിക്കപ്പെടേണ്ട എന്തെങ്കിലും ശാസ്ത്രനേട്ടവും ഇതിലില്ല. വാടക ഗര്‍ഭം എന്ന രൂപത്തില്‍ പോലും ചിത്രീകരിക്കാന്‍ ആവാത്ത സ്ഥിതിയാണിത്.
പെണ്ണായി ജനിച്ച് ആണായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി പെണ്‍ സ്വത്വം തന്നെയാണ് തന്റേ തെന്ന് വ്യക്തമാക്കുകയാണ് ഈ പ്രസവത്തിലൂടെ ചെയ്തിരിക്കുന്നത്.
ലൈംഗിക ആകര്‍ഷണം മാറുന്നില്ല
ലിബറല്‍ ജെന്‍ഡര്‍ വാദികള്‍ അവകാശപ്പെടാറുള്ളത് ജെന്‍ഡര്‍ എന്നത് ഓരോ വ്യക്തിയും തീരുമാനിക്കുന്നതാണ് എന്നായിരുന്നു. സ്വാഭാവികമായും അവരുടെ പ്രകൃതിപരമായ തേട്ടം അതാണ് എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ അങ്ങനെയല്ല എന്നാണ് ഇപ്പോള്‍ ഉണ്ടായ 'അപൂര്‍വ ഗര്‍ഭവും ചില ക്രിമിനല്‍ കുറ്റങ്ങളോട് ബന്ധപ്പെട്ടു കൊണ്ടുള്ള സംഭവങ്ങളും സുചിപ്പിക്കുന്നത്. എതിര്‍ലിംഗത്തെ കാമചിന്തകളോടെ സമീപിക്കുന്നതും ഒളിഞ്ഞു നോക്കുന്നതും, ലൈംഗിക കുറ്റകൃത്യമാണ്. താന്‍ സ്ത്രീ ആണെന്ന് ഐഡന്റിഫൈ ചെയ്തതിനുശേഷം വനിതാ ജയിലില്‍ ശിക്ഷിക്കപ്പെട്ട ട്രാന്‍സ്‌വുമണ്‍, സഹതടവുകാരായ സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയ സംഭവം അടുത്ത കാലത്താണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ പ്രമാദമായ ട്രാന്‍സ്മാന്‍ ഗര്‍ഭത്തിലും, ലൈംഗിക വേളയില്‍ ഇവര്‍ രണ്ടുപേരും ജൈവശാസ്ത്രപരമായ ലൈംഗിക താല്‍പര്യമാണ് പ്രകടിപ്പിച്ചത് എന്നത് തന്നെ പ്രകൃതിപരമായി അവര്‍ അവരുടെ ജന്മ ലിംഗത്തില്‍ തന്നെയാണെന്ന സത്യമാണ് വ്യക്തമാക്കുന്നത്.
സമൂഹം ജാഗ്രത പുലര്‍ത്തണം
കൗമാരക്കാരെ ലക്ഷ്യം വെച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലുടെ ജെന്‍ഡര്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങളെ ക്കുറിച്ച് ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ ലൈംഗിക ന്യൂനപക്ഷം എന്ന അഡ്രസ്സില്‍ അനുകമ്പ പിടിച്ചുപറ്റാന്‍ ശ്രമിക്കുകയും പിന്നീട് അതൊരു രാഷ്ട്രീയമായി വളരുകയും ആ വിഭാഗത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാന്‍ ശ്രമിക്കു കയും ചെയ്യുന്നത് ഗുരുതരമായ സമൂഹ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വിവാഹത്തിനു ശേഷം കുട്ടികളെ വളര്‍ത്താന്‍ താല്പര്യം ഇല്ലാത്ത അച്ഛന്‍ താന്‍ പെണ്ണായി മാറിയിരിക്കുന്നു എന്നും മക്കളുടെ ബാധ്യത തനിക്കില്ലെന്നും പ്രഖ്യാപിക്കുന്ന കേസുകള്‍ വര്‍ധിച്ചു വരികയാണ്. പ്രസവിച്ച ശേഷം താന്‍ പുരുഷന്‍ ആണെന്നും മക്കളെ വളര്‍ത്തുകയോ പരിപാലിക്കുകയോ ചെയ്യേണ്ടത് തന്റെ ബാധ്യതയല്ലെന്നും കാണിച്ചുകൊണ്ട് കേസ് കൊടുത്ത മാതാവും അറിയപ്പെടുന്നത് ട്രാന്‍സ് പുരുഷന്‍ എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ സമൂഹത്തില്‍ മുഴുവന്‍ അരക്ഷിതാവസ്ഥ വളര്‍ത്താനും ബാധ്യതകളില്‍ നിന്ന് ഒളിച്ചോടാനും ഇരട്ടത്താപ്പ് കാണിക്കാനുമാണ് ഈ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഈ വിഷയത്തില്‍ മത സാമൂഹ്യ സംഘടനകളും സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യം വെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വിഭാഗങ്ങളും ഒരുമിച്ച് ചേര്‍ന്നുകൊണ്ടുള്ള പ്രചാരണങ്ങളാണ് സംഘടിപ്പിക്കേണ്ടത്. അല്ലാത്തപക്ഷം മനുഷ്യസമൂഹത്തിന്റെ തന്നെ നിലനില്‍പ്പിനെ ഗുരുതരമായി ബാധിക്കുന്ന സാമൂഹ്യ പ്രതിസസിയായി ഇത് മാറാനിടയുണ്ട്.