Skip to main content

കേരളത്തിലെ ആദ്യ പള്ളികള്‍

മത പ്രചാരണ-പ്രബോധന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം എന്ന നിലയില്‍ പള്ളികള്‍ക്ക് അതീവ പ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെയാവാം കേരളത്തില്‍ കാലു കുത്തിയ പ്രഥമ ഇസ്‌ലാമിക പ്രബോധന സംഘം വന്നിറങ്ങിയ കൊടുങ്ങല്ലൂരില്‍ തന്നെ പള്ളി പണിതത്.

മാലിക്കുബ്‌നു ദീനാര്‍ കൊടുങ്ങല്ലൂരില്‍ (കദങ്കല്ലൂര്‍) വന്നിറങ്ങുമ്പോള്‍ കൊച്ചി രാജവംശത്തിനു കീഴിലായിരുന്നു ആ പ്രദേശം. ചേരമാന്‍ പെരുമാളിന്റെ തിട്ടൂരവുമായി മാലിക് രാജാവിനെ കാണുകയും അതിന്‍ പ്രകാരം പള്ളി നിര്‍മിക്കാന്‍ രാജാവ് സ്ഥലവും സൗകര്യവും നല്‍കുകയും ചെയ്തു.
നിര്‍മാണത്തിനാവശ്യമായ കല്ല്, മരം, വിദഗ്ധജോലിക്കാര്‍, മേല്‍നോട്ടക്കാര്‍ തുടങ്ങിയവ രെല്ലാം രാജാവ് ഏര്‍പ്പാടാക്കി. തുറമുഖത്തിനടുത്ത് തന്നെയായിരുന്നു പള്ളി. രാജാവിന്റെ അരമനയും അതിനടുത്തായിരുന്നു. പള്ളിയെ ആദരിക്കാനും അതിനു സമീപത്തു വെച്ച് ദേവാലയത്തിന് ഹിതമില്ലാതെ ഒന്നും ചെയ്യരുതെന്നും രാജാവ് കല്പന പുറപ്പെടുവിക്കുകയും ചെയ്തു. പ്രഥമ ഖാദിയായി മാലിക്കുബ്‌നു ദീനാര്‍ നിയമിക്കപ്പെടുകയും ചെയ്തു. പള്ളി നിര്‍മാണത്തിന് കാരണക്കാരനായ ചേരമാന്‍ പെരുമാളിന്റെ പേരിലാണ് ഈ മസ്ജിദ് അറിയപ്പെട്ടത്. കൊടുങ്ങല്ലൂരില്‍ പണിത ഈ പള്ളിയാണ് ഇന്ത്യയിലെ പ്രഥമ മുസ്‌ലിം പള്ളി.
ഹിജ്‌റ 21 ലാണ് (സി. ഗോപാലന്‍ നായരുടെ മലയാളത്തിലെ മാപ്പിളമാര്‍), ഹിജ്‌റ 56 ലാണ് (അറക്കല്‍ സ്വരൂപത്തിലെ ഡച്ചു രേഖ) എന്നിങ്ങനെ വ്യത്യസ്ത വീക്ഷണങ്ങളാണ് പള്ളി നിര്‍മാണ കാലത്തെക്കുറിച്ചുള്ളത്.


കൊടുങ്ങല്ലൂരിലെ പള്ളി നിര്‍മാണത്തിനു ശേഷം മാലിക്കുബ്‌നു ദീനാര്‍ മാലിക്കുബ്‌നു ഹബീബിനെ തെക്കന്‍ കൊല്ലത്തേക്കയച്ചു. അവിടെ അദ്ദേഹത്തിന്റെ തിരുവിതാങ്കൂര്‍ രാജ ദക്ഷിണ കോലത്തിരി സ്വീകരിക്കുകയും കൊല്ലത്ത് (കുലം) പള്ളി പണിയാന്‍ സൗകര്യം നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാലിക്കുബ്‌നു ഹബീബ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പള്ളികളും മുസ്‌ലിം കോളനികളും സ്ഥാപിച്ചു.
ഹേലി ദോയി (ഏഴിമല, മാടായി), ജന്‍ഫത്തല്‍ (ശ്രീകണഠപുരം), ദഹ്ഫത്തന്‍ (ധര്‍മടം), ഫന്ദനീനു (പന്തലായിനി), ശിലിശാത്ത് (ചാലിയം), കഞ്ചൂര്‍ കുത്ത് (കാസര്‍ഗോഡ്) എന്നിവിടങ്ങളിലാണ് ഈ സംഘത്തിന്റെ നേതൃത്വത്തിലും കാര്‍മികത്വത്തിലും മുസ്‌ലിം പള്ളികള്‍ ഉയര്‍ന്നതും ഇസ്‌ലാം പ്രചരിക്കപ്പെട്ടതും.

Feedback