Skip to main content

കേരള മുസ്‌ലിംകള്‍ അധഃസ്ഥിതിയിലേക്ക്

കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ശാന്തിയും സമാധാനവും കളിയാടിയിരുന്ന സുവര്‍ണകാലഘട്ടത്തിലേക്ക് അശനിപാതം പോലെയായിരുന്നു 1498 ല്‍ പോര്‍ത്തുഗീസ് നാവികന്‍ വാസ്‌കോഡഗാമ കടന്നുവന്നത്. അതിനെത്തുടര്‍ന്ന് നൂറ്റാണ്ടുകളോളം ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും അധിനിവേശം നടത്തിയ കേരളത്തില്‍, ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലിംകള്‍ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വന്നു. കുരിശു യുദ്ധത്തിന്റെ ബാക്കിപത്രമായ മുസ്‌ലിം വിദ്വേഷവും ലോകവാണിജ്യത്തിന്റെ മേല്‍ക്കൈ കാരണം അറബികളോടുള്ള അസൂയയും സമം ചേര്‍ത്താണ് ബാഹ്യശക്തികള്‍-പാശ്ചാത്യര്‍- കേരളക്കരയില്‍ മുസ്‌ലിംകളെ അഭിമുഖീകരിച്ചത്. തത്ഫലമായി രാജാക്കന്‍മാരുടെ ഭരണ സഹകരണ വൃത്തത്തില്‍ നിന്ന് മുസ്‌ലിംകള്‍ അകറ്റപ്പെട്ടു. സാമ്പത്തിക സ്രോതസ്സായ കച്ചവടരംഗത്ത് നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ഉള്‍പ്രദേശങ്ങളില്‍ സവര്‍ണ ജന്‍മിമാരുടെ കുടിയാന്‍മാരായി നിത്യവൃത്തി കഴിച്ചിരുന്ന മാപ്പിളമാരെ ജന്‍മിമാരും ബ്രിട്ടീഷുകാരും ചേര്‍ന്ന് വീണ്ടും ദുരിതക്കയങ്ങളിലേക്ക് തള്ളിവിട്ടു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന ഈ പുകിലുകള്‍ കാരണമായി മതകീയ ചൈതന്യം കെട്ടുപോയതിനാല്‍ മുസ്‌ലിംകളുടെ മതാചരണം കേവലം ചടങ്ങുകളില്‍ ഒതുങ്ങി. ചുരുക്കിപ്പറഞ്ഞാല്‍ പതിനഞ്ചു മുതല്‍ പത്തൊന്‍പതു വരെ നൂറ്റാണ്ടുകള്‍ കേരള മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അധഃസ്ഥിതിയുടെ കാലഘട്ടമായിരുന്നു. ഇത് കേരളത്തിന്റെ മാത്രം സ്ഥിതിവിശേഷമായിരുന്നില്ല. ലോകത്തുടനീളം പാശ്ചാത്യ ശക്തികള്‍ തങ്ങളുടെ കൊളോണിയല്‍ ഭരണം അടിച്ചേല്‍പ്പിച്ച സന്ദര്‍ഭവുമായിരുന്നു അത്. ലോകത്തിന്റെ നാനാഭാഗങ്ങളിലും മുസ്‌ലിം പ്രഭാവം മങ്ങി വന്നിരുന്നു.

സാമൂഹികമായി അരികുവത്കരിക്കപ്പെടുന്നതില്‍ പരിമതമായിരുന്നില്ല കേരള മുസ്‌ലിംകളുടെ അധോഗതി. തങ്ങള്‍ ഉള്‍കൊള്ളുന്ന മതത്തിന്റെ-ഇസ്‌ലാം-പ്രതാപം (ഇസ്സത്ത്) ഉയര്‍ത്തിപ്പി ടിക്കാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇസ്‌ലാം ഏറ്റവും ശുദ്ധമായ രൂപത്തില്‍ തന്നെയാണ് കേരളക്കരയില്‍ എത്തിച്ചേര്‍ന്നത്. എങ്കിലും കാലക്രമേണ മദ്ഹബുകളുടെ വിഭാഗീയതയും സൂഫി ചിന്തകളുടെ ഫലമായുണ്ടായ ഒറ്റപ്പെടലും വിവിധ ത്വരീഖത്തുകള്‍ സ്വീകരിച്ച പ്രവര്‍ത്തകര്‍ തമ്മിലുള്ള കിടമത്‌സരവും മുസ്‌ലിംകളിലെ ഇസ്‌ലാമിക ചൈതന്യം വിനഷ്ടമാകാന്‍ കാരണമായി. തത്ഫലമായി 'മുറിവിദ്വാന്‍'മാര്‍ നയിക്കുന്ന പൗരോഹിത്യത്തിലേക്ക് മുസ്‌ലികള്‍ ആനയിക്കപ്പെട്ടു. അതിനും പുറമെ ഇവിടെ കടന്നുവന്ന ത്വരീഖത്തുകളില്‍ ചിലതെങ്കിലും ശിആ ചിന്താഗതിയുള്ളതായിരുന്നു. ശിആ ആശയങ്ങളും ആചാരങ്ങളും മുസ്‌ലിംകളില്‍ കടന്നുകൂടാന്‍ അത് നിമിത്തമായി. 

ആദ്യം പോര്‍ത്തുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും ഭരണകൂട ഭീകരത മുസ്‌ലിംകളെ ശാക്തികമായി തകര്‍ത്തു. ഭരണത്തോടൊപ്പം ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തിക്കൊണ്ടിരുന്ന പ്രചാരവേലകള്‍ മുസ്‌ലിം സമൂഹത്തെ വിശ്വാസപരമായി പിടിച്ചുലച്ചു. ഇസ്‌ലാമിനെ ഭത്‌സിക്കുകയും ക്രൈസ്തവത ഉയര്‍ത്തിക്കാട്ടുകയും ചെയ്ത പാതിരിമാരെ നേരിടാനായില്ല. മാതൃഭാഷാ പഠനത്തില്‍ നിന്നുപോലും പിന്നാക്കം പോയ മുസ്‌ലിംകളുടെ വ്യവഹാരഭാഷ 'അറബിമലയാള'മായിരുന്നു. ക്രിസ്ത്യന്‍ പാതിരിമാര്‍ ബൈബിളിന്റെ അറബിമലയാളം പതിപ്പുകള്‍ മുസ്‌ലിംകളുടെ ഇടയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. അതേസമയം വിശുദ്ധ ഖുര്‍ആന്‍ അറബിമലയാളത്തിലേക്കു പോലും വിവര്‍ത്തനം ചെയ്യാന്‍ പാടില്ല എന്ന് മുസ്‌ല്യാര്‍മാര്‍ ശഠിച്ചു.  നാനാഭാഗങ്ങളില്‍ നിന്നും പരീക്ഷണങ്ങളുടെ പദ്മവ്യൂഹത്തില്‍ അകപ്പെട്ടു പോയി മുസ്‌ലിംകള്‍. 

ഈ ദൂഷിത വലയത്തില്‍ നിന്ന് രക്ഷപ്പെടാനും ദുസ്ഥിതിയില്‍ നിന്ന് കരകേറാനും മുസ്‌ലിംകള്‍ ഏറെ പണിപ്പെട്ടു. അതിന് പല കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, മതം പഠിച്ച പണ്ഡിതന്‍മാര്‍ സമുദായത്തെ നയിക്കാന്‍ ഉണ്ടായില്ല. രണ്ട്, ഭൗതികവും സാമൂഹികവുമായ രംഗങ്ങളില്‍ കൈപിടിക്കാനാവുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. മൂന്ന്, രാഷ്ട്രീയമായി കഴിവുള്ള നേതൃത്വമുണ്ടായില്ല. നാല്, സമുദായത്തിന് മൊത്തത്തില്‍ ദിശാബോധം നല്‍കാന്‍ സംവിധാനമുണ്ടായില്ല. അഞ്ച്, മുസ്‌ലിം ആചാരങ്ങളില്‍ ബഹുഭൂരിഭാഗവും ഹൈന്ദവാചാരങ്ങളില്‍ നിന്നു ഭിന്നമായിരുന്നില്ല. ആറ്, ആദ്യകാലത്ത് ഇസ്‌ലാമിന്റെ ആദര്‍ശ സൗന്ദര്യവും സാഹോദര്യവും ഉച്ചനീചത്വമില്ലായ്മയും കണ്ട്, പിന്നാക്ക സവര്‍ണജാതികളില്‍ നിന്ന് നിരവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു. അവര്‍ പക്ഷേ, ഇസ്‌ലാം പഠിച്ചിട്ടില്ലായിരുന്നു. അവരുടെ മുന്‍ ആചാരങ്ങള്‍ക്കു പലതിനും മുസ്‌ലിം 'വര്‍ഷന്‍' ഉണ്ടായി എന്നുമാത്രം. 

ഈയൊരു ദയനീയ പശ്ചാത്തലത്തിലാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും ഇസ്‌ലാമിക ജാഗരണത്തിന്റെ-നവോത്ഥാനത്തിന്റെ-രജതരേഖകള്‍ കാണാന്‍ തുടങ്ങിയത്. ആ വെളിച്ചം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തോടെ കേരളക്കരയിലുമെത്തിച്ചേര്‍ന്നു. ഈ വെളിച്ചമാണ് പില്കാലത്ത് സമുദായം ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ കാരണമായത്. ഇന്ന് ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തുള്ള മുസ്‌ലിംകളെക്കാളും കേരളമുസ്‌ലിംകള്‍ മികവു പുലര്‍ത്താന്‍ കാരണമായത് ആ നവോത്ഥനമായിരുന്നു. 
 

Feedback