തുര്‍ക്കി പാരമ്പര്യമുള്ള തമിഴ് മുസ്‌ലിം ജനസമൂഹമാണ് റാവുത്തര്‍മാര്‍. കച്ചവടത്തിനും മറ്റുമായി ഇവര്‍ വന്‍ തോതില്‍ തെക്കന്‍-മധ്യ കേരളത്തില്‍ കുടിയേറിപ്പാര്‍ക്കുകയായിരുന്നു. കര്‍മപരമായി ഹനഫി ചിന്താധാര പിന്തുടരുന്ന റാവുത്തര്‍ സമുദായം വിദ്യാഭ്യാസ- സാമ്പത്തിക-സാമൂഹിക രംഗങ്ങളിലെ സജീവ സാനിധ്യമാണിന്ന്.
തമിഴ് നാട്ടില്‍ ഇവര്‍ തുലുക്കര്‍ (Thulukkar) എന്നാണ് അറിയപ്പെടുന്നത്. തുര്‍ക്കി (Turki) എന്ന പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാം ഈ വിളിപ്പേര്. എന്നാല്‍ കേരളത്തിലെ 'റാവുത്തര്‍' (Rowther) എന്നത് എങ്ങനെയുണ്ടായിയെന്ന് അജ്ഞാതമാണ്.
അവരുടെ മുന്‍ഗാമികള്‍ സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമായി വാണിജ്യാവശ്യാര്‍ഥം മലയ, സിംഗപ്പൂര്‍, പാക്കിസ്താന്‍ എന്നിവിടങ്ങളില്‍ കുടിയേറിയിരുന്നു. അവിടങ്ങളില്‍ അവര്‍ പ്രബല സാമ്പത്തിക ശക്തികളാണ്.
തമിഴും മലയാളവും കലര്‍ന്ന സങ്കര ഭാഷയാണ് കേരള റാവുത്തര്‍മാരില്‍ മിക്കവതും സംസാരിക്കുന്നത്.
അല്പം ചരിത്രം
ക്രി. 1299 മുതല്‍ 1319 വരെ ഡല്‍ഹി ഭരിച്ച അലാവുദ്ദീന്‍ ഖില്‍ജി അഫ്ഗാനിയായിരു ന്നെങ്കിലും തുര്‍ക്കി വംശജനായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്താണ് കാഫൂറിന്റെ നേതൃത്വത്തില്‍ ഖില്‍ജി സൈന്യം കന്യാകുമാരി വരെ എത്തുന്നത്. മധുരയും ഇവര്‍ കീഴടക്കി. തുര്‍ക്കി വംശജനായ അലാവുദ്ദീന്റെ സൈന്യത്തില്‍ ധീരതക്കും കായബലത്തിനും പേരുകേട്ട തുര്‍ക്കി അടിമകളുണ്ടാവുക സ്വാഭാവികം.
ഈ പ്രദേശങ്ങള്‍ പിന്നീട് ഹിന്ദു രാജാക്കന്മാരുടെ കൈയിലായി. തുര്‍ക്കി സൈനികരില്‍ പലരെയും ഈ രാജാക്കന്മാര്‍ തങ്ങളുടെ അശ്വഭടന്മാരാക്കുകയും ചെയ്തു. തിരുവിതാംകൂര്‍, കായം കുളം രാജാക്കന്മാരും ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ഈ സൈനികര്‍ പിന്നീട് ഈ ഭാഗങ്ങളില്‍ തന്നെ ജീവിക്കുകയും അവിടുത്തെ സ്ത്രീകളെ വിവാഹം കഴിക്കുകയും ചെയ്തു.
യുദ്ധങ്ങളില്ലാതായപ്പോള്‍ കുടുംബം പോറ്റാന്‍ മറുവഴികള്‍ തേടി. യൂറോപ്യന്‍, അറേബ്യന്‍ വ്യാപാരികളുടെ വാണിജ്യ കേന്ദ്രങ്ങളായ തിരുനല്‍ വേലി, മധുര, തെങ്കാശി, കായം കുളം, പന്തളം, പുനലൂര്‍ എന്നിവിടങ്ങളില്‍ ചരക്കുകള്‍ വാങ്ങിയും വില്പന നടത്തിയും ഇവര്‍ ജീവിതം കരുപ്പിടിപ്പിച്ചു. ഏലം, ഇഞ്ചി, കുരുമുളക്, കശുവണ്ടി എന്നിവയിലും ഇവര്‍ കൈവെച്ചു. തമിഴ്‌നാട്-കേരള ചരക്കുപാതയായിരുന്നു ഇവരുടെ വ്യാപാരവഴി. അങ്ങനെയാണ് ഇവര്‍ കേരളത്തിലെത്തുന്നത്.
ഈ സൈനികരില്‍ ചിലരും തുര്‍ക്കിയില്‍ നിന്ന് കച്ചവടാവശ്യാര്‍ഥം കേരളം-തമിഴ്‌നാട് മേഖലകളില്‍ എത്തിയവരും ഇവിടുത്തെ ദ്രാവിഡ മുസ്‌ലിംകളുമായി ഇടപഴകി ജീവിച്ചു. ഇവരാണ് തുലുക്കര്‍ എന്ന് തമിഴ്‌നാട്ടിലും റാവുത്തര്‍ എന്ന് കേരളത്തിലും അറിയപ്പെടുന്ന സമുദായത്തിന്റെ മുന്‍ഗാമികള്‍.
കൊടുങ്ങല്ലൂരിലെത്തിയപോലെ തമിഴ്‌നാട്ടിലും ഇസ്‌ലാമിക പ്രബോധനത്തിനായി മുസ്‌ലിംകള്‍ എത്തിയിട്ടുണ്ടെന്നും അവരുടെ പിന്‍ഗാമികളാണ് റാവുത്തര്‍ (തുലുക്കര്‍) എന്നും മറ്റൊരു വീക്ഷണമുണ്ട്.
കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, പാലക്കാട് ജില്ലകളിലാണ് കേരളത്തിലെ റാവുത്തര്‍ കുടുംബങ്ങള്‍ കൂടുതലുള്ളത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി തേടിയും സര്‍ക്കാര്‍ സര്‍വീസില്‍ സേവനം ചെയ്തും ഇവര്‍ തങ്ങളുടെ ഇടം പിടിച്ചിട്ടുണ്ട്.