ക്രിസ്താബ്ദം പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ വിവിധ കോണുക ളില്‍ തുടക്കം കുറിച്ച ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങളുടെ അലയൊലികള്‍ ഇന്ത്യയിലും എത്തിച്ചേര്‍ന്നു. അറേബ്യന്‍ ഉപദ്വീപില്‍ ഇസ്‌ലാമിക നവോത്ഥാനവുമായി രംഗത്തു വന്ന മഹാപണ്ഡിതന്‍ ശൈഖ് മുഹമ്മദ് ബ്‌നു അബ്ദില്‍ വഹ്ഹാബ് (1703-1792)ന്റെ സമകാലികനും സതീര്‍ഥ്യനുമായിരുന്ന ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി(1703-1763) ഡല്‍ഹി കേന്ദ്രമാക്കി ഉത്തരേന്ത്യയില്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അഫ്ഗാന്‍ മുതല്‍ ബര്‍മ (ഇന്നത്തെ മ്യാന്‍മര്‍)വരെ വ്യാപിച്ചു കിടന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു സിന്ധുഗംഗ സമതലം. പതിനാറാം നൂറ്റാണ്ടില്‍, മുജദ്ദിദ് അല്‍ഫ്ഥാനി എന്ന പേരിലറിയപ്പെട്ടിരുന്ന അഹ്മദ് സര്‍ഹിന്ദി (1564-1622) ദഅ്‌വത്ത് പ്രവര്‍ത്തനം കൊണ്ട് വിപ്ലവം സൃഷ്ടിച്ച പ്രദേശമായിരുന്നു ഡല്‍ഹിയും പരിസര പ്രദേശങ്ങളും. അതിന്റെ തുടര്‍ച്ചയായാണ് ശാഹ് വലിയ്യുല്ലാഹി നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ മക്കളും പേരമക്കളും ആ ദൗത്യം ഏറ്റെടുത്തു. അത് വഹാബി മൂവ്‌മെന്റ് എന്ന വലിയ മുന്നേറ്റമായി. ഉത്തരേന്ത്യയില്‍ സാമൂഹിക രാഷ്ട്രീയ രംഗങ്ങളില്‍ പോലും ഉണര്‍വ്വേകിയ വഹാബി മൂവ്‌മെന്റ് ബ്രിട്ടീഷുകാര്‍ സൈനിക ശക്തി കൊണ്ട് അടിച്ചൊതുക്കുകയായിരുന്നു. ആ മൂവ്‌മെന്റിന്റെ ബാക്കിപത്രമാണ് 1847ലെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ബ്രിട്ടീഷുകാര്‍ തന്നെ നിരീക്ഷിക്കുന്നുണ്ട്. 19ാം നൂറ്റാണ്ട് നിറഞ്ഞുനിന്ന സര്‍ സയ്യിദ് അഹ്മദ് ഖാന്‍ (1817-1898), ഇരുപതാം നൂറ്റാണ്ടില്‍ ജ്വലിച്ചു നിന്ന അല്ലാമാ ഇഖ്ബാല്‍ (1877-1938) തുടങ്ങിയവരെല്ലാം ആ മഹാമുന്നേറ്റത്തിന്റെ തുടര്‍ച്ചയില്‍ പങ്കാളികളായിരുന്നു.
ഉത്തരേന്ത്യയിലെ ഇസ്‌ലാഹീ മൂവ്‌മെന്റില്‍ നിന്ന് വെളിച്ചം കിട്ടിയ സയ്യിദ് അഹ്മദ് ദഹ്‌ലവിയും ഇസ്മാഈല്‍ ദഹ്‌ലവിയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ആലപ്പുഴയിലെത്തി. ഗുജറാത്തില്‍ നിന്നും മറ്റും വന്ന് താമസമാക്കിയ അനേകം സേട്ട് കുടുംബങ്ങള്‍ കൊച്ചിയിലും ആലപ്പുഴയിലും ഉണ്ടായിരുന്നു. സയ്യിദ് അഹ്മദും മറ്റും ഇവര്‍ക്കിടയില്‍ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിച്ചു. കൊച്ചി സേട്ടുമാരുടെ പള്ളിയില്‍ കര്‍ണാടകയിലെ ബട്കല്‍കാരനായ അബ്ദുല്‍ കരീം മൗലാന ഖാദിയും ഖത്തീബുമായിരുന്നു. അദ്ദേഹമാകട്ടെ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ ആശയാദര്‍ശക്കാരനായിരുന്നു. ഇബ്‌നു തൈമിയയുടെ അല്‍ അഖീദതുല്‍ വാസ്വിതിയ്യ, അല്‍ ഫുര്‍ഖാന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ക്ക് അദ്ദേഹം വിശദീകരണം എഴുതി. വിശുദ്ധ ഖുര്‍ആനും നബിചര്യയും ജനങ്ങളെ പഠിപ്പിക്കാന്‍ തുടങ്ങി. സ്വാതന്ത്ര്യസമര സേനാനിയും ഉത്പതിഷ്ണുവുമായിരുന്ന ഇ.മൊയ്തു മൗലവിയുടെ പിതാവ് മരക്കാര്‍ മുസല്യാര്‍ അബ്ദുല്‍ കരീം മൗലാനയുടെ ശിഷ്യനായിരുന്നു.
മലബാറിലാകട്ടെ മമ്പുറത്ത് താമസമാക്കിയ സയ്യിദ് അലവി തങ്ങള്‍ (1752-1845) ഹദര്‍ മൗത് സ്വദേശിയായിരുന്നു. അദ്ദേഹം തൗഹീദിലധിഷ്ഠിതമായ ജീവിതം നയിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമുദായത്തിനകത്തും ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ സമൂഹത്തിലും പൊരുതിയ ബാഅലവി തങ്ങള്‍ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് വിത്തു പാകിയവരില്‍ പ്രധാനിയാണ്. അതേ പാത തന്നെ കൂടുതല്‍ ശക്തിയോടെ പിന്തുടര്‍ന്ന അദ്ദേഹത്തിന്റെ മകന്‍ സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ (1824-1903) മുസ്‌ലിംകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ ജനസ്വാധീനം തിരിച്ചറിഞ്ഞ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ നാടു കടത്തുകയായിരുന്നു. മുസ്‌ലിം സമൂഹത്തില്‍ നടമായിരുന്ന അനാചരങ്ങളിലൊന്നായ നേര്‍ച്ചോത്‌സവങ്ങള്‍ക്കെതിരെ ഫദ്ല്‍ പൂക്കോയ തങ്ങള്‍ നല്‍കിയ മതവിധി (ഫത്‌വാ) പ്രസിദ്ധ ചരിത്രകാരന്‍ കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം 'മഹത്തായ മാപ്പിള ചരിത്ര'ത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങളുടെ മലയാളത്തിലുള്ള ഖുതുബയാണ് ബ്രിട്ടുഷുകാരെ ഭയപ്പെടുത്തിയിരുന്നത്. ലോഗന്റെ ഡയറിയിലും മലബാര്‍ ഗസറ്റിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളത്തെ തൊട്ടുണര്‍ത്തിയ നവോത്ഥാന പാതയില്‍ മുന്നില്‍ നടന്ന മഹാ മനീഷിയാണ് സയ്യിദ് സനാഉല്ലാഹ് മഖ്തി തങ്ങള്‍. കര്‍ണാടകയില്‍ നിന്നു വന്ന് പൊന്നാനിയില്‍ താമസമാക്കിയ (എഡി. 1800) സയ്യിദ് മുഹമ്മദ് സഖാഫ് തങ്ങളുടെ പൗത്രനാണ് സനാഉല്ലാഹ് മക്തി തങ്ങള്‍ (1847-1912). ക്രൈസ്തവ പാതിരിമാര്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സഹായത്തോടെ ക്രിസ്തീയത പ്രചരിപ്പിക്കുകയും ഇസ്‌ലാമിനെ ഭത്‌സിക്കുകയും ചെയ്തു കൊണ്ട് വന്‍ പ്രചാരണങ്ങള്‍ നടത്തിയിരുന്ന കാലം. അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിംകളില്‍ ഒരു പണ്ഡിതനും തയ്യാറാവാത്ത സന്ദര്‍ഭത്തില്‍ മക്തി തങ്ങള്‍ രംഗത്തു വരികയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗം (സാള്‍ട്ട് ഇന്‍സ്‌പെക്ടര്‍) രാജിവെച്ച് ദഅ്‌വത്ത് രംഗത്ത് സജീവമായി. മുസ്‌ലിംകള്‍ക്കിടയിലാകട്ടെ അജ്ഞതയും അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തി വാഴുകയായിരുന്നു. പ്രഭാഷണം വഴിയും 'സത്യപ്രകാശം', 'പരോപകാരം' മുതലായ പ്രസിദ്ധീകരണങ്ങള്‍ വഴിയും മക്തി തങ്ങള്‍ മുസ്‌ലിംകളെ ധൈഷണികമായി ഉണര്‍ത്തി. ക്രൈസ്തവയ്‌ക്കെതിരെ അദ്ദേഹം രചിച്ച കൃതികള്‍ക്ക് മറുപടി പറയാന്‍ പാതിരിമാര്‍ അശക്തരായിരുന്നു, അന്നും ഇന്നും.
1922ല്‍ മരണപ്പെട്ട വടുതലക്കാരന്‍ മാഹിന്‍ ഹമദാനിയുടെ ഇസ്‌ലാമിക പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രമാണ് ആലപ്പുഴ ലജ്‌നത്തുല്‍ ഇസ്‌ലാം സംഘവും അവിടത്തെ സ്ഥാപനങ്ങളും.
പത്തൊന്‍പാതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ തിരുവിതാംകൂറില്‍ ഉയര്‍ന്നു വന്ന പ്രകാശ ഗോപുരമായിരുന്നു വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി (1873-1932). തിരുവിതാം കൂര്‍ രാജകൊട്ടാരത്തിലെ ദുര്‍ഭരണത്തിനെതിരെയും മുസ്‌ലിം സമുദായത്തിലെ അന്ധവിശ്വാസങ്ങള്‍ ക്കെതിരെയും ഒന്നിച്ചു പടപൊരുതിയ മഹാനായിരുന്നു വക്കം മൗലവി. പത്രപ്രസിദ്ധീകരണ ങ്ങളായിരുന്നു അദ്ദേഹത്തിന്റെ ആയുധം. സ്വദേശാഭാമാനി പത്രം വിശ്വപ്രസിദ്ധമാണ്. ഈജിപ്തില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന 'അല്‍ മനാര്‍' അറബി മാസികയും അതിന്റെ പ്രസാധകന്‍ മുഹമ്മദ് റഷീദ് റിദാ(1865-1935)യുമായിരുന്നു വക്കം മൗലവിയുടെ ആദര്‍ശ വഴികാട്ടി. റശീദ് റിദായുമായി മൗലവി നിരന്തരം ബന്ധപ്പെട്ടിരുന്നു. വക്കംമൗലവിയുടെ ലേഖനങ്ങള്‍ അല്‍മനാറില്‍ ഈജിപ്തിലും റശീദ് റിദായുടെ ചിന്തകള്‍ കേരളത്തിലും വെളിച്ചം കണ്ടു.
ചുരിക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉത്തരേന്ത്യയിലും മുസ്‌ലിംകള്‍ക്കിടയിലുണ്ടായ ജാഗരണമാണ്, കേരളത്തിലെ മുസ്‌ലിം സമൂഹത്തെ മതപരമായും ഭൗതികമായും പുരോഗതിയിലേക്കെത്തിച്ച നവോത്ഥാന പാതയിലേക്ക് നയിച്ചത്.