കൊളോണിയല്‍ ഭരണ മേല്‍ക്കോയ്മയില്‍ സൈനിക അടിച്ചമര്‍ത്തലുകളും മിഷനറികളുടെ ധൈഷണികാധിനിവേശവും നീണ്ടുപോയത് നിമിത്തം കേരളത്തിലെ മുസ്‌ലിംകളുടെ നില വല്ലാതെ പിന്നോട്ടടിച്ചു. മുസ്‌ലിംകള്‍ക്കിടയിലെ പേരിനു മാത്രമുള്ള നേതൃത്വമാകട്ടെ യാഥാസ്ഥിതിക മനോഭാവമുള്ള പ്രാദേശിക പണ്ഡിതന്‍മാരില്‍ നിക്ഷിപ്തമായി. സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് മുസ്‌ലിംകള്‍ അന്യം നിന്ന പോലെയായി. കോളനിവാഴ്ച ഏറെ പിടി മുറുക്കിയ മലബാറില്‍ (ഇന്നത്തെ ഉത്തര കേരളം) സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. മാതൃഭാഷയില്‍ പോലും നിരക്ഷരരായി അവര്‍ കഴിഞ്ഞു കൂടി. സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നില്ല അതിനു കാരണം. യാഥാസ്ഥിതിക സമീപനത്തിന്റെ മതവിരുദ്ധ നീക്കവും കൂടിയായിരുന്നു. മലയാളം പഠിക്കല്‍ നിഷിദ്ധമെന്നും ഇംഗ്ലീഷ് നരകത്തിലെ ഭാഷയാണെന്നും മുസ്‌ലിം സമൂഹം ധരിച്ചു വശായി. പണ്ഡിതന്‍മാര്‍ അങ്ങനെ പഠിപ്പിച്ചു.
മധ്യനൂറ്റാണ്ടുകളില്‍ ഈ അപചയം സംഭവിച്ചത് മുസ്‌ലിംകള്‍ക്കു മാത്രമല്ല, ചാതുര്‍വര്‍ണ്യമെന്ന വിശ്വാസത്തിന്റെയും ബ്രാഹ്മണ മേധാവിത്വത്തിന്റെയും ഫലമായി കേരളത്തിലെ ഈഴവാദി പിന്നാക്കക്കാരും ഹരിജനങ്ങള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന ദളിതരും ഹൈന്ദവ സമൂഹത്തില്‍ പിന്നാക്കക്കാരായി നിലകൊണ്ടു. ഐത്താചാരണം നിമിത്തം പൊതുസമൂഹത്തിലേക്കുള്ള സ്വതന്ത്രപ്രവേശം ഈ വലിയ ജനവിഭാഗത്തിന് തടയപ്പെട്ടു. ഹൈന്ദവ ദര്‍ശനങ്ങള്‍ തെറ്റായി വായിക്കപ്പെട്ടതും നേതൃത്വത്തിലിരുന്ന വരേണ്യവിഭാഗത്തിന്റെ ചൂഷണ മനസ്ഥിതിയുമാണവരെ പിന്നോട്ടു തള്ളിയത്. ഹൈന്ദവ സമൂഹത്തില്‍ താരതമ്യേന മുന്നാക്കം നിന്നിരുന്ന നായര്‍ വിഭാഗത്തിലെ അത്യാചാരങ്ങള്‍ക്ക് അതിരില്ലായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പോലും സ്ത്രീ ജനങ്ങള്‍ക്ക് അസ്തിത്വമില്ലാത്ത സാമൂഹിക വ്യവസ്ഥയായിരുന്നു നിലവിലുണ്ടായിരുന്നത്.
പതിനാലു മുതല്‍ പതിനേഴു വരെ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ നടന്ന നവോത്ഥാന (renaissance)ത്തില്‍ നിന്ന് വ്യത്യസ്തമായി, പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകള്‍ കേരളത്തിന്റെ നവോത്ഥാന കാലഘട്ടമായിരുന്നു. വിവിധ സമുദായങ്ങള്‍ക്കിടയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു കൊണ്ട് സാമൂഹിക മാറ്റങ്ങള്‍ക്കും നവജാഗരണങ്ങള്‍ക്കും വേണ്ടി നിരവധി മഹാരഥന്‍മാര്‍ കര്‍മരംഗത്തിറങ്ങിയിട്ടുണ്ട്. ശ്രീ നാരായണ ഗുരു(1854-1928), മഹാ കവി കുമാരനാശാന്‍(1873-1924), ഒയ്യാരത്ത് ചന്തുമേനോന്‍(1847-1899), വി.ടി.ഭട്ടതിരിപ്പാട് (1896-1982), അയ്യന്‍ കാളി(1863-1941), ചട്ടമ്പി സ്വാമികള്‍(1853-1924), സനാഉല്ലാ മഖ്തി തങ്ങള്‍ (1847-1912), വക്കം അബ്ദുല്‍ ഖാദര്‍ മൗലവി(1873-1932) മുതലായവര്‍ അവരില്‍ എടുത്തു പറയേണ്ടവരാണ്. ഇന്ന് ഇന്ത്യന്‍ സമൂഹങ്ങളില്‍ 'പ്രബുദ്ധ കേരളം' എന്ന് വിശേഷിക്കപ്പെടാന്‍ കാരണമായത് കഴിഞ്ഞ ഒരു നൂറ്റാണ്ടായി നടന്നുവരുന്ന സമഗ്ര ജാഗരണവും സാമൂഹിക നവോത്ഥാനവും ആയിരുന്നു.