കേരള മുസ്‌ലിം ഐക്യസംഘം കര്‍മഭൂമിയില്‍ സജീവമായി നിലകൊള്ളുമ്പോള്‍ തന്നെ മറ്റൊരു മുസ്‌ലിം കൂട്ടായ്മ രൂപമെടുത്തു. 1931 ല്‍ തലശ്ശേരിയില്‍ രൂപം നല്‍കപ്പെട്ട കേരള മുസ്‌ലിം മജ്‌ലിസ് ആയിരുന്നു അത്. ഐക്യസംഘത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ രാഷ്ട്രീയ രംഗത്തും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് മജ്‌ലിസ് കണക്കുകൂട്ടി. സ്വാതന്ത്ര്യസമരം സജീവമായ കാലമായിരുന്നുവല്ലോ അത്. ഇന്ത്യയില്‍ ഭരണമാറ്റം വരികയാണെങ്കില്‍ മുസ്‌ലിംകളുടെ അവകാശ സംരക്ഷണത്തിന് ഒരു കൂട്ടായ്മ ആവശ്യമാണ് എന്ന കാഴ്ചപ്പാടാണ് മജ്‌ലിസിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. കേന്ദ്ര അസംബ്ലി മെമ്പറായിരുന്ന ജമാല്‍ മുഹമ്മദ് സാഹിബ്, ഖാന്‍ സാഹിബ്, കെ.കുഞ്ഞമ്മദ് കോയ, സി.കെ.പി, സൂപ്പിക്കുട്ടി കേയി, കെ.ഉപ്പി സാഹിബ്, സത്താര്‍ സേട്ട്, മുഹമ്മദ് അബ്ദുറഹിമാന്‍, സീതി സാഹിബ്, ഇ.മൊയ്തു മൗലവി, ബി. പോക്കര്‍ സാഹിബ്, എ.കെ.കുഞ്ഞിമായന്‍ ഹാജി തുടങ്ങിയവരാണ് മജ്‌ലിസിന് തുടക്കം കുറിച്ചവര്‍.
ഐക്യസംഘത്തിന്റെ പ്രവര്‍ത്തകര്‍ തന്നെയായിരുന്നു മജ്‌ലിസിന്റെയും മുന്നിലുണ്ടായിരുന്നത്. 1934 ല്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ അത് ഏറ്റെടുത്ത് ആ പാതയില്‍ നീങ്ങാന്‍ മജ്‌ലിസിന് ഒട്ടൊക്കെ സാധിച്ചു. പക്ഷേ, 1936 വരെ മാത്രമേ മജ്‌ലിസിന്റെ പ്രവര്‍ത്തനങ്ങള്‍ നിലനിന്നുള്ളൂ. എന്നിരുന്നാലും കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഒരു രാഷ്ട്രീയ ബോധം അങ്കുരിപ്പിക്കാന്‍ മജ്‌ലിസിനു കഴിഞ്ഞു. മാത്രമല്ല, പില്കാലത്ത് മുസ്‌ലിം രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മുസ്‌ലിം ലീഗിന്റെ രൂപീകരണത്തിനും തുടര്‍പ്രവര്‍ത്തത്തനങ്ങള്‍ക്കും ഐക്യസംഘത്തിന്റെയും മുസ്‌ലിം മജ്‌ലിസിന്റെയും പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തലമേകി.
മുസ്‌ലിം മജ്‌ലിസ് രൂപീകരിക്കപ്പെട്ട അതേ സ്ഥലത്ത്-തലശ്ശേരി-തന്നെയാണ് മലബാറിലെ ആദ്യത്തെ മുസ്‌ലിം ലീഗ് ശാഖ 1937 ല്‍ രൂപം കൊള്ളുന്നത്. ഇതേ സമയത്തു തന്നെ തിരൂരങ്ങാടിയില്‍ കെ.എം.മൗലവിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് ശാഖ രൂപീകരിക്കപ്പെട്ടു.