പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളമുസ്‌ലിംകള്‍ക്കിടയില്‍ ആരംഭം കുറിച്ച നവോത്ഥാന ചിന്തകള്‍ ഒറ്റപ്പെട്ടതും പണ്ഡിതന്‍മാരായ വ്യക്തികളില്‍ കേന്ദ്രീകൃതവുമായി രുന്നു. ഏതൊരു സംരംഭവും ജനകീയമായ കൂട്ടായ്മകള്‍ ഉണ്ടായാല്‍ മാത്രമേ തഴച്ചു വളരൂ. മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഒരു കൂട്ടായ ശ്രമവും ആ കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്നില്ല. അവിടവിടെയായി ഒറ്റപ്പെട്ട കൂട്ടായ്മകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മുസ്‌ലിംകളുടെ ഉയിര്‍ത്തെഴുന്നേല്‍പ് ആരംഭിച്ചത്. പക്ഷേ അത് വളരെ മന്ദഗതിയിലായിരുന്നു. അവയില്‍ പലതിനും തുടര്‍ച്ചയോ വളര്‍ച്ചയോ ഉണ്ടായില്ല.
വക്കം അബ്ദുല്‍ ഖാദിര്‍ മൗലവി മുന്‍കൈയെടുത്ത് സ്ഥാപിച്ച തിരുവിതാംകൂര്‍ മുസ്‌ലിം സഭയും(1910) ചിറയിന്‍കീഴ് താലൂക്ക് മുസ്‌ലിം സഭയും അദ്ദേഹത്തിന്റെ സമകാലികന്‍ കൂടിയായ മാഹിന്‍ ഹമദാനി ആലപ്പുഴയില്‍ രൂപം നല്‍കിയ ലജ്‌നത്തുല്‍ ഇസ്‌ലാം സഭയും (1915) ഇത്തരത്തിലുള്ള കൂട്ടായ്മകളുടെ തുടക്കമായിരുന്നു. എന്നാല്‍ യാഥാസ്ഥിതികരായ മുസ്‌ലിം സമുദായത്തിന്റെ ഭാഗത്തു നിന്നുമുണ്ടായ ശക്തമായ എതിര്‍പ്പു മൂലം മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. കൊച്ചിയില്‍ സ്ഥാപിതമായ മുസ്‌ലിം എഡ്യുക്കേഷന്‍ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടതും ഇക്കാലത്തു തന്നെ. ഇതേ കാലത്ത് കൊല്ലത്ത് ധര്‍മപോഷിണി എന്ന ഒരു പ്രസ്ഥാനം ഉടലെടുത്തു. മലബാര്‍ ഭാഗത്ത് മഖ്ദൂം പണ്ഡിത കുടുംത്തിന്റെ ആസ്ഥാനമായ പൊന്നാനിയില്‍ മഊനത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചത് 1900 ലാണ്. അതിന്റെയും പത്ത് വര്‍ഷം മുന്‍പായി കോഴിക്കോട്ടെ വിജ്ഞാന കുതുകിള്‍ ചേര്‍ന്ന് ഹിമായത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചിരുന്നു (1889). അതിന്റെ മുന്നോടിയായി 'ധര്‍മതാരക' എന്ന സ്‌ക്വാഡ് രൂപീകരിച്ച് ബോധവത്ക്കരണം തുടങ്ങിയിരുന്നു. 1911 ല്‍ തലശ്ശേരിയില്‍ ഇംദാദുല്‍ ഇസ്‌ലാം സഭ നിലവില്‍ വന്നു.
ഉപരിസൂചിത സംഘങ്ങള്‍ രൂപീകരിക്കപ്പെട്ടത് വൈജ്ഞാനിക താത്പര്യത്തോടെയും ധൈഷണിക കാഴ്ച്ചപ്പാടോടെയുമായിരുന്നു. എന്നാല്‍ കേരളത്തില്‍ ആദ്യമായി ഇസ്‌ലാം എത്തിച്ചേര്‍ന്ന കൊടുങ്ങല്ലൂരില്‍ 1922 ല്‍ 'നിഷ്പക്ഷസംഘം' രൂപം കൊണ്ടത് മറ്റൊരു തരത്തിലാണ്. കൊടുങ്ങല്ലൂരിലെ പ്രധാനികളായ തറവാട്ടുകാര്‍ തമ്മില്‍ വഴക്കും തമ്മിലടിയും പതിവായ സാഹചര്യത്തില്‍ അവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് നിഷ്പക്ഷസംഘം ഉണ്ടായത്. പതിനൊന്ന് പ്രമുഖരെ ഉള്‍പ്പെടുത്തി മാഹിന്‍ ഹമദാനിയുടെ അധ്യക്ഷതയില്‍ സംഘം നിലവില്‍ വന്നു. കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞ ഈ സംരംഭത്തിന് ഏറെ പ്രചാരം സിദ്ധിച്ചു. കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്ന ഇ.കെ മൗലവി, കെ.എം മൗലവി തുടങ്ങിയ പണ്ഡിതന്‍മാരുടെ സഹകരണം കൂടിയായപ്പോള്‍ ഉദ്ദിഷ്ട ലക്ഷ്യം സഫലീകൃതമായിത്തുടങ്ങി. ഈ അനുകൂലാവസ്ഥ സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്രചോദനമേകി. അങ്ങനെയാണ് നിഷ്പക്ഷസംഘം എന്ന പേരു മാറ്റി ഐക്യസംഘം എന്നാക്കുകയും പ്രവര്‍ത്തനങ്ങള്‍ കേരളാടിസ്ഥാനത്തില്‍ വിപുലീകരിക്കു കയും ചെയ്യാന്‍ ശ്രമമാരംഭിച്ചത്. 1922 ല്‍ കേരള മുസ്‌ലിം ഐക്യസംഘം നിലവില്‍ വന്നു. തിരുവിതാംകൂര്‍, തിരുകൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നു 'രാജ്യ'ങ്ങളായി കിടന്നിരുന്ന മലയാളക്കരയെ ഒന്നായിക്കണ്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച ആ ദീര്‍ഘദര്‍ശനം എത്ര ചിന്താര്‍ഹമാണ്. ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെടുന്നത് 1956 ലാണ്.