വിവാഹം ചെയ്തുകൊടുക്കേണ്ട ബാധ്യത വലിയ്യിന് ഉണ്ടെങ്കിലും തന്റെ രക്ഷാകര്‍തൃത്വത്തിലുള്ളവളെ അവളുടെ സമ്മതവും ഇഷ്ടവും പരിഗണിച്ചുകൊണ്ടു മാത്രമേ വിവാഹം ചെയ്തു കൊടുക്കാന്‍ അയാള്‍ക്ക് അധികാരമുള്ളൂ. കാര്യങ്ങള്‍ അവളുമായി കൂടിയാലോചിച്ച് സമ്മതമാരായണം. അതിനുശേഷമേ വിവാഹമെന്ന തീരുമാനത്തിലെത്താവൂ. കന്യകയാണെങ്കില്‍ ലജ്ജയോ പ്രായക്കുറവോ മൂലം അവള്‍ മൗനം ദീക്ഷിച്ചേക്കാം. അതൃപ്തി പറഞ്ഞിട്ടില്ലെങ്കില്‍ മൗനം സമ്മതമായി കണക്കാക്കണമെന്ന് നബി(സ്വ) പഠിപ്പിച്ചു. ഇബ്‌നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: വിധവയുടെ കാര്യം തീരുമാനിക്കാനുള്ള അധികാരം അവള്‍ക്കു തന്നെയാണ്, വലിയ്യിനല്ല. കന്യകയെ വിവാഹം ചെയ്തുകൊടുക്കുമ്പോള്‍ അവളുടെ സമ്മതം തേടേണ്ടതാണ്. അവളുടെ മൗനം, സമ്മതമായി കണക്കാക്കാം (സുനനുത്തിര്‍മിദി 1132).
ഇഷ്ടമില്ലാത്ത വിവാഹത്തിന് സ്ത്രീയെ നിര്‍ബന്ധിക്കരുത്. അനിഷ്ടം പ്രകടിപ്പിച്ചിട്ടും അത് പരിഗണിക്കാതെ വിവാഹം ചെയ്തുകൊടുത്താല്‍ അവര്‍ക്ക് കാര്യബോധമുണ്ടാകുമ്പോള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ സ്വാതന്ത്ര്യം ഇസ്‌ലാം നല്‍കുന്നുണ്ട്. നബി(സ്വ) പറഞ്ഞു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ഒരു യുവതി നബി(സ്വ)യുടെ അടുത്തുവന്ന് തന്റെ അനുമതികൂടാതെ പിതാവ് തന്നെ വിവാഹം ചെയ്തുകൊടുത്തതായി ആവലാതിപ്പെട്ടു. ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ നബി(സ്വ) അവള്‍ക്ക് സ്വാതന്ത്ര്യംകൊടുത്തു (സുനനു അബീദാവൂദ് 2098).
വിധവയെ പുനര്‍വിവാഹത്തിന് പരിഗണിക്കുകയാണെങ്കില്‍ അവളോട് സമ്മതം ആരായുകയും അവള്‍ അത് തുറന്നുപറയുകയും വേണം. പുനര്‍വിവാഹത്തിന് അവള്‍ ഒരുക്കമല്ലെങ്കില്‍ വിവാഹത്തിന് നിര്‍ബന്ധിക്കരുത്. വിവാഹമോചിതയാണെങ്കില്‍ ആദ്യഭര്‍ത്താവിനെ തന്നെ അവള്‍ ആഗ്രഹിക്കുകയോ പൂര്‍ണമായും വിവാഹജീവിതത്തില്‍ നിന്ന് വിട്ടുനില്ക്കാന്‍ തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അവളോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുകയും അവളുടെ പൂര്‍ണ സമ്മതപ്രകാരം വിവാഹം ചെയ്തുകൊടുക്കുകയുമാണ് വേണ്ടത്. ഇതൊന്നും പരിഗണിക്കാതെയാണ് അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ വലിയ്യ് തീരുമാനിച്ചതെങ്കില്‍ വിവാഹമോചനം നേടാന്‍ അവള്‍ക്ക് അവകാശമുണ്ട്.
രക്ഷിതാക്കള്‍ക്ക് പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ സ്വതന്ത്രാധികാരമില്ല. ഒരിക്കല്‍ ഒരു സ്ത്രീ പ്രവാചകന്റെ അടുക്കല്‍ വന്ന് ഇപ്രകാരം പറഞ്ഞു. 'എന്റെ പിതാവ് അദ്ദേഹത്തിന്റെ സഹോദരപുത്രന് ഞാന്‍ മുഖേന അദ്ദേഹത്തിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍വേണ്ടി എന്നെ വിവാഹം ചെയ്തുകൊടുത്തു. അപ്പോള്‍ പ്രവാചകന്‍ അവള്‍ക്ക് സ്വയം തീരുമാനിക്കാനുള്ള അധികാരം നല്‍കി. ആ വിവാഹം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ പിതാവിന്റെ ചെയ്തി ഞാന്‍ സമ്മതിച്ചിരിക്കുന്നു. അങ്ങയുടെ അടുക്കല്‍ ഞാന്‍ പരാതിയുമായി വന്നത് വിവാഹക്കാര്യത്തില്‍ പിതാക്കള്‍ക്ക് സ്വതന്ത്രാധികാരമില്ലെന്ന് മറ്റു സ്ത്രീകളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു' (സുനനു ഇബ്‌നുമാജ 1947).