1955ലെ ഹിന്ദു വിവാഹ നിയമപ്രകാരം ഭാര്യയ്‌ക്കോ ഭര്‍ത്താവിന്നോ വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാവുന്ന ന്യായമാകുന്ന കാരണങ്ങള്‍ താഴെ പറയുന്നവയാണ്. ഒന്ന്, വ്യഭിചാരം അഥവാ പരസ്ത്രീ ബന്ധം, പരപുരുഷ ബന്ധം. രണ്ട്, ജീവന് അപകടകരമായതും മനസ്സിനോ ശരീരത്തിനോ ഹാനികരമായിട്ടുള്ളതുമായ വിധം ക്രൂരമായ പെരുമാറ്റം പങ്കാളിയുടെ ഭാഗത്തുനിന്നുണ്ടാവുക. മൂന്ന്, ചികിത്സാതീതമായ മാനസിക രോഗം. നാല്, ഭാര്യയോ ഭര്‍ത്താവോ ഹിന്ദുമതം ഉപേക്ഷിക്കുക. അഞ്ച്, തുടര്‍ച്ചയായി ഏഴു വര്‍ഷക്കാലം ഒരു വ്യക്തിയെക്കുറിച്ച് അയാള്‍ ജീവിച്ചിരിക്കുമെങ്കില്‍ സാധാരണഗതിയില്‍ അറിയാമായിരുന്ന ആളുകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക. ആറ്, രണ്ടു വര്‍ഷത്തിലേറെക്കാലം ഉപേക്ഷിച്ചുപോവുക.
ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചിതരായവര്‍ക്കും വിധവകള്‍ക്കും പുനര്‍വിവാഹം കഴിക്കാം. എന്നാല്‍ വിവാഹമോചിതരായവര്‍ അപ്പീല്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അപ്പീല്‍ തീരുമാനമെടുക്കുന്നതുവരെയോ അപ്പീല്‍ കൊടുത്തിട്ടില്ലെങ്കില്‍ തീരുമാനമെടുക്കാനുള്ള കാലാവധി കഴിയുന്നതുവരെയോ കാത്തിരിക്കണം. സ്വയം ചെലവ് നടത്താന്‍ സ്വത്തോ വരുമാനമോ ഇല്ലാത്ത ഏതൊരു ഹിന്ദു ഭാര്യയ്ക്കും ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെടാം. ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ അച്ഛന് വരുമാനമുണ്ടെന്നും വിധവയ്ക്ക് സ്വയം സംരക്ഷണത്തിന് വകയൊന്നും ഇല്ലെന്നും വരികയാണെങ്കില്‍ ഭര്‍ത്താവിന്റെ അച്ഛനില്‍ നിന്നും ജീവനാംശം അവകാശപ്പെടാവുന്നതാണ്.
ഹിന്ദു വിവാഹ നിമയപ്രകാരം തുടര്‍ച്ചയായി ഒരു കൊല്ലക്കാലം വേര്‍പിരിഞ്ഞ് താമസിച്ചശേഷം തുടര്‍ന്നും ഒരുമിച്ച് ജീവിക്കാന്‍ സാധ്യമല്ലെന്ന് രണ്ടുപേരും തീരുമാനിച്ചാല്‍ ഉഭയസമ്മതപ്രകാരം കോടതി മുമ്പാകെ വിവാഹമോചനം തേടാം. എന്നാല്‍ ഹര്‍ജി സമര്‍പ്പിച്ച് ആറു മാസത്തിനുശേഷമേ വിവാഹബന്ധം വേര്‍പെടുത്തിക്കൊണ്ട് കോടതി തീര്‍പ്പ് കല്പിക്കൂ. ഈ ആറ് മാസ കാലാവധി വീണ്ടുവിചാരത്തിനുള്ള സമയപരിധിയാണ്. അതിനിടയ്ക്ക് ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ ഇതില്‍ നിന്ന് പിന്തിരിയാന്‍ അവകാശമുണ്ട്. പരസ്പര സമ്മതപ്രകാരമുള്ള വിവാഹമോചനം ഹൈന്ദവ വിശ്വാസപ്രകാരം നിയമസാധുതയുള്ളതാണ്.
ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹമോചനത്തിനുള്ള കാരണങ്ങളാല്‍ തന്നെ ദമ്പതികള്‍ വേര്‍പെട്ടു താമസിക്കുകയാണെങ്കില്‍ ഒരു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയിട്ടു മാത്രമേ കോടതി മുഖേന വിവാഹമോചനം പ്രാബല്യത്തില്‍ വരികയുള്ളൂ. ഒരു വര്‍ഷകാലയളവ് ദമ്പതികള്‍ക്കിടയില്‍ മാനസാന്തരമുണ്ടായി പരസ്പരം യോജിക്കാനുള്ള ഇടവേളയാണ്. യോജിക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിച്ച് തീര്‍പ്പു കല്പിക്കേണ്ടതാണ്.