ഒരു സ്ത്രീ നബി(സ്വ)യുടെ അടുത്തുവന്ന് പറഞ്ഞു: ദൈവദൂതരേ, എന്നെ ഞാന്‍ താങ്കള്‍ക്ക് നല്‍കിയിരിക്കുന്നു. പ്രവാചകന്‍ അവളെ ഒന്നു നോക്കി. എന്നിട്ട് ദീര്‍ഘനേരം തലതാഴ്ത്തി. അപ്പോള്‍ സദസ്സിലുണ്ടായിരുന്ന ഒരാള്‍ പറഞ്ഞു: ദൈവദൂതരേ, അങ്ങ് ഇവളെ വിവാഹം ചെയ്യുന്നില്ലെങ്കില്‍ എനിക്ക് വിവാഹം ചെയ്തുതരിക. നബി(സ്വ) അയാളോടു ചോദിച്ചു: 'മഹ്ര്‍ കൊടുക്കാന്‍ നിന്റെയടുക്കല്‍ എന്തുണ്ട്?' 'എന്റെ ഈ തുണിയല്ലാതെ എന്റെയടുക്കല്‍ ഒന്നുമില്ല' എന്നായിരുന്നു അയാളുടെ മറുപടി. ''നീ പോയി ഒരു ഇരുമ്പിന്റെ മോതിരമെങ്കിലും ഉണ്ടോയെന്ന് പരതുക''. പ്രവാചകന്‍(സ്വ) പറഞ്ഞു. അങ്ങനെ അയാള്‍ പോയി. ഒന്നും കിട്ടിയില്ല. അപ്പോള്‍ നബി(സ്വ) ചോദിച്ചു. ''നീ ഖുര്‍ആന്‍ വല്ലതും പഠിച്ചിട്ടുണ്ടോ''? അദ്ദേഹം പറഞ്ഞു. ''ഉണ്ട്. ഇന്നയിന്ന സൂറത്തുകള്‍ പഠിച്ചിട്ടുണ്ട്''. നബി(സ്വ) പറഞ്ഞു. എന്നാല്‍ നിനക്കറിയാവുന്ന ഖുര്‍ആന്‍ അവള്‍ക്ക് പഠിപ്പിക്കണമെന്ന വ്യവസ്ഥയില്‍ നിനക്ക് അവളെ ഞാന്‍ വിവാഹം ചെയ്തുതന്നിരിക്കുന്നു. (ബുഖാരി പേജ് 5126, 5087).
നബി(സ്വ) തന്റെ ഭാര്യമാര്‍ക്ക് എല്ലാം മഹ്‌റായി നിശ്ചയിച്ചത് പന്ത്രണ്ടര ഊഖിയയായിരുന്നു (മുസ്‌ലിം). അതിന്റെ വിലയായി നിജപ്പെടുത്തിയിരിക്കുന്നത് 500 വെള്ളി നാണയമായിരുന്നു. സാമ്പത്തിക ശേഷിയുള്ള സ്വഹാബിവര്യന്മാര്‍ തോട്ടവും ഭൂമിയും മറ്റും നബി(സ്വ)യുടെ അനുമതിയോടുകൂടി മഹ്ര്‍ നല്‍കിയിട്ടുണ്ട്. സാബിതുബ്‌നു ഖൈസ്(റ) എന്ന പ്രവാചകശിഷ്യന്‍ ജുമൈല എന്ന സ്ത്രീയെ വിവാഹം ചെയ്തത് രണ്ട് തോട്ടങ്ങള്‍ മഹ്ര്‍ നല്‍കിയായിരുന്നു. നബി(സ്വ) സ്വഫിയ്യ(റ) യെ വിവാഹം ചെയ്തത് അവരെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കല്‍ മഹ്ര്‍ ആയി നിശ്ചയിച്ചുകൊണ്ടായിരുന്നു (സ്വഹീഹുല്‍ ബുഖാരി). വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ച സ്ത്രീ അടിമയാണെങ്കില്‍ മാത്രമാണ് അവളെ മോചിപ്പിക്കല്‍ മഹ്‌റായി നിശ്ചയിക്കാവുന്നത്.
വിവാഹസമയത്തുതന്നെ മഹ്ര്‍ എത്രയെന്ന് പറയലും അത് നല്കലുമാണ് ഉത്തമം. മഹ്ര്‍ പറയാതെ വിവാഹം കഴിച്ചാലും നിക്കാഹ് ശരിയാവുന്നതാണ്. അങ്ങനെ ഭാര്യയുമായി ബന്ധപ്പെട്ടുകഴിഞ്ഞാല്‍ മഹ്ര്‍ നല്‍കല്‍ നിര്‍ബന്ധമായി. ഇപ്രകാരം മഹ്ര്‍ നല്‍കുമ്പോള്‍ ആ കുടുംബത്തിലെ പാരമ്പര്യം നോക്കി മഹ്ര്‍ നല്‍കണമെന്നാണ് കര്‍മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായം.
ഇസ്‌ലാം മഹ്‌റിന് പരിധി നിശ്ചയിക്കുന്നില്ല. 'മാന്യമായ നിലയ്ക്ക് അവര്‍ക്ക് അവരുടെ മഹ്ര്‍ നിങ്ങള്‍ നല്‍കുവിന്‍'(4:25) എന്നതാണ് അല്ലാഹു കല്പിക്കുന്നത്. ഓരോരുത്തരുടെയും കഴിവും സാഹചര്യവും പരിഗണിച്ച് അത് നല്‍കുകയാണ് ചെയ്യേണ്ടത്.