വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുന്ന ദമ്പതിമാര്‍ തമ്മിലുള്ള യോജിപ്പ് ആണ് ബന്ധത്തിന്റെ സുദൃഢതയുടെ നിര്‍ണായക ഘടകം. ശാശ്വതമായ ഒരു ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന വിവാഹത്തിലെ യോജിപ്പിന് ആധാരം സമ്പത്തോ സൗന്ദര്യമോ കുടുംബമഹിമയോ പ്രായമോ ഒന്നുമല്ല. മതബോധവും മാനസിക പൊരുത്തവുമാണ് ഇസ്‌ലാം വിവാഹത്തിന്റെ യോജിപ്പായി ദര്‍ശിക്കുന്നത്.
നബി(സ്വ) അരുളി: ''ധനം, കുടുംബമഹിമ, സൗന്ദര്യം, മതബോധം എന്നീ നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് സ്ത്രീ വിവാഹം ചെയ്യപ്പെടാറുള്ളത്. എന്നാല്‍ നീ മതബോധമുള്ളവളെ തെരഞ്ഞെടുക്കുക. എങ്കില്‍ നീ ഐശ്വര്യവാനായി (സ്വില്‍സ്വിലത്തുസ്സ്വഹീഹ പേജ് 307).
മതനിഷ്ഠയും നല്ല സംസ്‌കാരവുമുള്ള സ്ത്രീ/പുരുഷനുമായുള്ള വൈവാഹിക ജീവിതത്തിലൂടെ മാത്രമേ കുടുംബത്തില്‍ ശാന്തി പകര്‍ന്നു കിട്ടുകയുള്ളൂ. സമ്പത്തും സൗന്ദര്യവും കുടുംബ മഹിമയും നശിച്ചുപോകാവുന്നതേ ഉള്ളൂ.
വിവാഹബന്ധത്തിലെ യോജിപ്പിനെക്കുറിച്ച് അല്ലാഹു ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ''ചീത്ത സ്ത്രീകള്‍ ചീത്ത പുരുഷന്മാര്‍ക്കും ചീത്ത പുരുഷന്മാര്‍ ചീത്ത സ്ത്രീകള്‍ക്കുമാകുന്നു. നല്ല സ്ത്രീകള്‍ നല്ല പുരുഷന്മാര്‍ക്ക്, നല്ല പുരുഷന്മാര്‍ നല്ല സ്ത്രീകള്‍ക്കും'' (24:26).