Skip to main content

ദത്തെടുക്കല്‍

ജാഹിലിയ്യാ കാലത്ത് അറബികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടവരെ കുടുംബത്തിലേക്കും ഗോത്രത്തിലേക്കും ചേര്‍ത്തി ദത്തുപുത്രന്മാരും പുത്രിമാരുമായി പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ ദത്തെടുക്കപ്പെടുന്നവര്‍ കുടുംബത്തിലെ ഒരംഗമായി പരിഗണിക്കപ്പെട്ടുപോവുന്നു. മക്കളെപ്പോലെ അവകാശങ്ങളും ബാധ്യതകളും അവര്‍ക്ക് വകവെച്ചുകൊടുക്കുകയും ചെയ്തു. ദത്തുപുത്രന്മാരും പുത്രിമാരും ആ കുടുംബത്തിന്റെ പേരിലാണ് തുടര്‍ന്ന് അറിയപ്പെട്ടിരുന്നത്.

ഇസ്‌ലാം ഈ ജാഹിലിയ്യാ സമ്പ്രദായത്തെ നിര്‍ത്തലാക്കി. കുടുംബത്തില്‍ അന്യമായ ഒരു വ്യക്തിയെ അതില്‍ അംഗമാക്കല്‍ വ്യാജമാണ് എന്നതാണ് ഇസ്‌ലാമിന്റെ പക്ഷം. ആ കുടുംബത്തിലെ സ്ത്രീകള്‍ അയാള്‍ക്ക് വിവാഹബന്ധം പാടില്ലാത്ത അടുത്ത ബന്ധുക്കളെപ്പോലെയായിത്തീരും. യഥാര്‍ഥത്തില്‍ അവര്‍ക്ക് അയാള്‍ അന്യനുമാണ്. ദത്തെടുത്തവന്റെ ഭാര്യ അവന്റെ മാതാവല്ല. അയാളുടെ മകള്‍ അവന്റെ സഹോദരിയോ അയാളുടെ സഹോദരി അയാളുടെ അമ്മാവിയോ അല്ല. എല്ലാവരും അന്യരാണ്. 

അല്ലാഹു പറയുന്നു: ''നിങ്ങളുടെ പേരുകളോട് ചേര്‍ത്ത് പേരുവിളിച്ചുവരുന്ന സന്താനങ്ങളെ അവന്‍ നിങ്ങളുടെ മക്കളാക്കിയിട്ടില്ല. അത് നിങ്ങളുടെ ജല്പനം മാത്രം. അല്ലാഹു സത്യമാണ് പറയുന്നത്. നേര്‍മാര്‍ഗത്തിലേക്ക് വഴികാണിക്കുന്നതും അവന്‍ തന്നെയാണ്. ആ സന്താനങ്ങളെ അവരുടെ പിതാക്കളോട് ബന്ധിപ്പിച്ചുകൊണ്ട് നിങ്ങള്‍ വിളിക്കുക. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ക്കറിയില്ലെങ്കില്‍ അവര്‍ മതപരമായി നിങ്ങളുടെ സ്‌നേഹിതരും സഹോദരരുമാണ്'' (33:4,5).

അല്ലാഹു പറയുന്നു: ''അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍, കുടുംബബന്ധമുള്ളവര്‍ പരസ്പരം കൂടുതല്‍ അവകാശപ്പെട്ടവരാകുന്നു'' (8:73).

വിവാഹം നിഷിദ്ധമാക്കപ്പെട്ടവരില്‍ മക്കളുടെ ഭാര്യമാരെ സംബന്ധിച്ച പരാമര്‍ശം യഥാര്‍ഥ മക്കളുടെ പത്‌നിമാരെക്കുറിച്ചാണ്. ദത്തുപുത്രന്മാരുടെ ഭാര്യമാരെ പ്പറ്റിയല്ല. ''നിങ്ങളില്‍ ജനിച്ചുണ്ടായ നിങ്ങളുടെ ഭാര്യമാരും(4:23) എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. അതിനാല്‍ ദത്തുപുത്രന്റെ ഭാര്യയായിരുന്നവളെ വിവാഹം ചെയ്യല്‍ അനുവദനീയമാണ്. കാരണം യഥാര്‍ഥത്തിലവള്‍ അന്യനായ ഒരു മനുഷ്യന്റ ഭാര്യയായിരുന്നു. അതിനാല്‍ ദത്തുപുത്രന്‍ അവളെ വിവാഹമോചനം നടത്തിയാല്‍ അയാള്‍ക്ക് അവളെ വിവാഹം കഴിക്കുന്നതില്‍ വിരോധമില്ല.

ഇസ്‌ലാം സമാഗതമായ ഘട്ടത്തില്‍ അറേബ്യന്‍ സമൂഹത്തില്‍ ദത്തെടുക്കല്‍ സമ്പ്രദായം വ്യാപകമായി നിലനിന്നിരുന്നു. ഇസ്‌ലാമിനു മുമ്പ് നബിയുടെ ദത്തുപുത്രനായിരുന്നു സൈദുബ്‌നു ഹാരിസ. ജാഹിലിയ്യാ കാലത്ത് അറബികള്‍ നടത്തിയ യുദ്ധത്തില്‍ പിടിക്കപ്പെട്ട കുട്ടിയായിരുന്ന സൈദുബ്‌നുഹാരിസയെ ഹകീംബ്‌നു ഹിശാം തന്റെ പിതൃസഹോദരി ഖദീജക്കുവേണ്ടി വിലയ്ക്കുവാങ്ങി. പിന്നീട് നബി(സ്വ) അവരെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ സൈദിനെ തിരുമേനിക്ക് ദാനം ചെയ്തു.
പിന്നീട് അദ്ദേഹത്തിന്റെ പിതാവും പിതൃസഹോദരനും നബിയോട് സൈദിനെ ആവശ്യപ്പെട്ടപ്പോള്‍ തിരുമേനി ഇഷ്ടമുള്ളവരെ സ്വീകരിച്ച് ഒപ്പം പോകാന്‍ സൈദിന് സ്വാതന്ത്ര്യം നല്‍കി. സൈദ് നബി(സ്വ)യെ തെരഞ്ഞെടുത്തു. അപ്പോള്‍ നബി അയാളെ മോചിപ്പിക്കുകയും സമൂഹത്തെ സാക്ഷിയാക്കി പുത്രനാക്കുകയും ചെയ്തു. സൈദുബ്‌നു മുഹമ്മദ് എന്ന് പോലും അറിയപ്പെടാന്‍ തുടങ്ങി. അടിമകളുടെ കൂട്ടത്തില്‍ ആദ്യം ഇസ്‌ലാം സ്വീകരിച്ചത് അദ്ദേഹമായിരുന്നു.

അന്യന്റെ മകനാണെന്ന് അറിഞ്ഞുകൊണ്ട് കുട്ടിയെ തന്റെ മകനായി പ്രഖ്യാപിച്ചു. കുടുംബാംഗമാക്കിയും അനന്തരാവകാശമടക്കമുള്ള എല്ലാ അവകാശങ്ങളും നല്‍കിയും കുടുംബത്തില്‍ സ്വന്ത്രനായി ഇടപഴകാനനുവദിക്കുമ്പോള്‍ വന്നുഭവിക്കുന്ന ദാമ്പത്യബന്ധങ്ങളുടെ നിരോധന നിയമവിധികള്‍ ബാധകമായിട്ടുള്ള ദത്തു സമ്പ്രദായമാണ് ഇസ്‌ലാം നിരാകരിച്ചിട്ടുള്ളത്. എന്നാല്‍ അനാഥനോ ഉപേക്ഷിക്കപ്പെട്ടവനോ ആയ കുട്ടിയെ ഒരാള്‍ സ്വപുത്രനെപ്പോലെ വാത്സല്യപൂര്‍വം സംരക്ഷിച്ച് വളര്‍ത്തുന്നത് ഇസ്‌ലാം നിഷിദ്ധമാക്കിയ ദത്ത് സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്നില്ല.

സൈദിന്റെ ഭാര്യയായിരുന്നു സൈനബ്. പക്ഷെ ആ ദാമ്പത്യം സ്വരച്ചേര്‍ച്ചയില്ലാതെ പിരിയേണ്ടി വന്നു. സൈദ് ത്വലാഖ് ചൊല്ലിയ സൈനബിനെ പിന്നീട് നബി(സ്വ) വിവാഹം കഴിച്ചു. ഇതൊരു വിപ്ലവമായിരുന്നു. ഒരു സമൂഹം വെച്ചുപുലര്‍ത്തിയിരുന്ന തെറ്റായ വി്വശാസം നബി സ്വന്തം പ്രവൃത്തി കൊണ്ട് തിരുത്തുകയായിരുന്നു. ഭരണസമ്പ്രദായം വിലക്കിയതു പോലെ വളര്‍ത്തു മക്കളുടെ ഭാര്യമാരെ വിവാഹമോചന ശേഷം വിവാഹം കഴിക്കുന്നതിന് വിരോധമില്ല എന്ന പാഠമായിരുന്നു ഈ സംഭവം.
 

Feedback