Skip to main content

വിവാഹ സത്കാരം

വിവാഹമെന്നത് ലളിതവും പവിത്രവുമായ ഒരു കര്‍മമാണ്. പുരുഷന്റെയും സ്ത്രീയുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം സന്തോഷ സന്ദര്‍ഭമായിട്ടാണ് വിവാഹത്തെ കാണുന്നത്. അതുകൊണ്ടു തന്നെ വിവാഹാനന്തരം വരന്‍ ബന്ധുമിത്രാദികള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഭക്ഷണം നല്‍കുന്നത് സുന്നത്തായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതാണ് വലീമ. ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിക്കാന്‍ ഇത് ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. നബി(സ്വ) സൈനബ്(റ)യെ വിവാഹം ചെയ്ത സന്ദര്‍ഭത്തില്‍ കുറേ പേരെ സദ്യക്ക് ക്ഷണിച്ചിരുന്നു.

ഫാത്വിമ(റ)യെ അലി(റ)ക്ക് വിവാഹം ചെയ്തു കൊടുത്തപ്പോള്‍ നബി(സ്വ) പറഞ്ഞു: വിവാഹത്തിന് സത്കാരം നിര്‍ബന്ധമാണ് (സ്വഹീഹുല്‍ ജാമിഅ്).

വിവാഹദിനത്തിലോ അതിനുശേഷമോ ഭാര്യ ഭര്‍തൃ ബന്ധത്തിനു ശേഷമോ വിവാഹസദ്യ നടത്താവുന്നതാണ്. വിവാഹ സദ്യയൊരുക്കേണ്ടത് അവരവരുടെ സാമ്പത്തിക ശേഷിയനുസരിച്ചാണ്. ആര്‍ഭാടവും ധൂര്‍ത്തും പൊങ്ങച്ചവും കൂടിക്കലര്‍ന്ന വേദികൂടിയാക്കി വിവാഹസദ്യയെ മാറ്റാന്‍ മതം അനുവാദം നല്‍കുന്നില്ല. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ) വിവാഹിതനായെന്നറിഞ്ഞപ്പോള്‍ നബി(സ്വ) പറഞ്ഞു: ഒരാടിനെ അറുത്തിട്ടെങ്കിലും സദ്യ നല്കുക ( സ്വഹീഹുല്‍ ബുഖാരി).

സാമ്പത്തികമായ കഴിവും സാധ്യതയും പരിഗണിച്ചു കൊണ്ടാണ് വലീമത്ത് നല്‍കേണ്ടതെന്ന് നബിവചനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. നബി(സ്വ) സൈനബ(റ)യെ വിവാഹം ചെയ്തപ്പോള്‍ മാംസവും റൊട്ടിയും ആണ് വിവാഹസദ്യ നല്‍കിയത് ( സ്വഹീഹുല്‍ ബുഖാരി 5168).

നബി(സ്വ) സ്വഫിയ്യ(റ)യെ വിവാഹം ചെയ്തപ്പോള്‍ ഒരുതരം ഹല്‍വ കൊണ്ട് സത്കാരമുണ്ടാക്കി (സ്വഹീഹുല്‍ ബുഖാരി 5169).

വിവാഹസദ്യ കൊണ്ട് ദരിദ്രരായ ആളുകള്‍ക്ക് ഭക്ഷണം നല്‍കുക എന്ന ഒരു ലക്ഷ്യം കൂടി നിറവേറ്റപ്പെടേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ദരിദ്രരെ ഒഴിവാക്കി സമ്പന്നരെ മാത്രം ക്ഷണിച്ചു വരുത്തിക്കൊണ്ടുള്ള വിവാഹസദ്യ ഇസ്‌ലാം നിഷിദ്ധമാക്കി. നബി(സ്വ) പറഞ്ഞു: സദ്യകളില്‍ ഏറ്റവും ചീത്തയായത് ദരിദ്രന്മാരെ ഉപേക്ഷിച്ച് ധനികരെ മാത്രം ക്ഷണിക്കുന്ന വിവാഹസദ്യയാണ്. 

ഒരു സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടിട്ട് ക്ഷണം സ്വീകരിക്കാത്തവന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും  ധിക്കരിച്ചിരിക്കുന്നു ( സ്വഹീഹ് ഇബ്‌നുഹിബ്ബാന്‍ 5305). പ്രവാചകന്റെ അനുചരന്മാര്‍ സുന്നത്ത് നോമ്പനുഷ്ഠിച്ചവരാണെങ്കില്‍ പോലും വിവാഹസദ്യയ്ക്ക് ക്ഷണിച്ചാല്‍ ക്ഷണം സ്വീകരിക്കാറുണ്ടായിരുന്നു. നബി(സ്വ) അരുളി: ഈ ക്ഷണം നിങ്ങള്‍ സ്വീകരിക്കുവിന്‍. ഇബ്‌നു ഉമര്‍(റ) വിവാഹസദ്യയിലേക്കും മറ്റുള്ള സദ്യയിലേക്കും ക്ഷണിക്കപ്പെട്ടാല്‍ നോമ്പുകാരനായിട്ടുപോലും ഹാജരാവാറുണ്ടായിരുന്നു ( സ്വഹീഹുല്‍ ബുഖാരി പേജ് 5179).

 
 

Feedback