വിവാഹം ഓരോ മനുഷ്യന്റെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവമാണ്. വിവാഹത്തെ പവിത്രതയോടെയും ലാളിത്യപൂര്‍വവും സമീപിക്കാനാണ് മുസ്‌ലിംകള്‍ അനുശാസിക്കപ്പെട്ടിരിക്കുന്നത്. രണ്ട് കുടുംബങ്ങള്‍ ഒന്നായിച്ചേരുന്ന സന്തോഷവേള എന്ന നിലയ്ക്ക് ബന്ധുമിത്രാദികളെയും സ്‌നേഹിതന്മാരെയും ക്ഷണിച്ച് ആഘോഷപൂര്‍വം വിവാഹം നടത്താവുന്നതാണ്. എന്നാല്‍ വിവാഹസദ്യ, വസ്ത്രധാരണം, മഹ്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ ധൂര്‍ത്ത് കടന്നുവരുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.
വിവാഹം പരസ്യപ്പെടുത്തണമെന്ന് റസൂല്‍(സ്വ) നിര്‍ദേശിച്ചിട്ടുണ്ട്. വിവാഹാനന്തരം ബന്ധുമിത്രാദികള്‍ക്കും സ്‌നേഹിതന്മാര്‍ക്കും ഭക്ഷണം നല്‍കുന്നതും സുന്നത്താണ്. വിവാഹസത്കാരം(വലീമ) ലളിതമായ തോതിലും നല്‍കാം. സാധ്യതയനുസരിച്ച് വലീമ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതാണ് നബി(സ്വ)യുടെ ചര്യ. അനസ്(റ) പറയുന്നു: സൈനബ്(റ)നെ വിവാഹം ചെയ്തപ്പോള്‍ നബി(സ്വ) സദ്യനടത്തിയതുപോലെ മറ്റൊരു ഭാര്യയുടെയും വിവാഹത്തെതുടര്‍ന്ന് സദ്യ നടത്തിയിട്ടില്ല. ജനങ്ങളെ ക്ഷണിക്കാന്‍ അദ്ദേഹം എന്നെ നിയോഗിച്ചു. ഞാന്‍ ആളുകളെ ക്ഷണിച്ചു. അവരെയെല്ലാം വിശപ്പ് തീരുന്നതുവരെ ഇറച്ചിയും റൊട്ടിയും കൊടുത്തു(സ്വഹീഹുല്‍ ബുഖാരി 4794).
സ്വഫിയ്യ(റ)യുമായുള്ള വിവാഹാനന്തരം പായസമുണ്ടാക്കിയാണ് അടുത്തുള്ളവരെ വിളിച്ച് വലീമ നല്‍കിയത്. സന്തോഷവേള എന്ന നിലയ്ക്ക് വിവാഹത്തിന് പാട്ടുപാടുന്നതും നബി(സ്വ) അനുവദിച്ചിട്ടുണ്ട്. മതദൃഷ്ട്യാ നിഷിദ്ധമായ ഒന്നും വിവാഹാഘോഷത്തിലും പാടില്ല.