Skip to main content

വിവാഹമോചിതയും സന്താനങ്ങളും

വിവാഹമോചിത രണ്ട് അവസ്ഥകളില്‍ ഏതെങ്കിലുമൊന്നിനേയായിരിക്കും ഭാവിജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്നത്. ഒന്ന്, പുനര്‍വിവാഹത്തിന് സാധ്യതയില്ലാതെ ജീവിക്കുക. രണ്ട്, പുനര്‍വിവാഹത്തിന് വഴിയൊരുക്കുക. വിവാഹമോചിത പുനര്‍വിവാഹം ചെയ്യപ്പെടാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ കുട്ടികളെ മാതാവിന്റെ അടുത്തുതന്നെ താമസിപ്പിക്കുകയും പിതാവ് അവര്‍ക്ക് ചെലവ് നല്‍കുകയും വേണം. പ്രായപൂര്‍ത്തിയെത്തുന്നതുവരെ മാതാവിന്റെ കൂടെത്തന്നെയാണ് കുട്ടികള്‍ താമസിക്കേണ്ടത്. മാതാവില്‍ നിന്ന് കുട്ടികളെ അടര്‍ത്തിയെടുക്കാന്‍ പിതാവിന് അവകാശമില്ല.

പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് രക്ഷിതാവിനെ തെരഞ്ഞെടുക്കുവാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നു. മാതാവിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പ്രായപൂര്‍ത്തിയെത്തിയശേഷവും മാതാവിന്റെ കൂടെ താമസിക്കണം. പിതാവിനെ തെരഞ്ഞെടുക്കുകയാണെങ്കില്‍ പിതാവിന്റെ കൂടെ ജീവിക്കാം. തെരഞ്ഞെടുക്കാന്‍ ഏറ്റവും അവകാശപ്പെട്ടത് മാതാവാണ്. അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം: ഒരു സ്ത്രീ നബി(സ്വ)യുടെ അടുത്തുവന്നു പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, എന്റെ ഈ മകന് എന്റെ അടിവയര്‍ ഒരു സംരക്ഷണപാത്രമായിരുന്നു. എന്റെ മുലകള്‍ അവന്ന് പാനപാത്രമായിരുന്നു. എന്റെ മടിത്തട്ട് അവന് മെത്തയായിരുന്നു. ഇപ്പോള്‍ അവന്റെ പിതാവ് ഇവനെ എന്നില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ ഉദ്ദേശിക്കുന്നു. അപ്പോള്‍ നബി(സ്വ) പറഞ്ഞു. നീ പുനര്‍വിവാഹം ചെയ്യുന്നതുവരെ നിനക്കാണ് അവന്റെ അവകാശം (സുനനു അബീദാവൂദ് 2276).

വിവാഹമോചിത പുനര്‍വിവാഹം ചെയ്യപ്പെട്ടാലും കുട്ടിയെ മാതാവിന്റെ കൂടെ താമസിപ്പിച്ച് പിതാവ് ചെലവ് കൊടുക്കണമെന്നാണ് ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കിത്തരുന്നത്. വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ടവരെക്കുറിച്ച് പ്രതിപാദിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ''നിങ്ങളുടെ ഭാര്യമാര്‍ക്ക് പിറന്ന നിങ്ങളുടെ സംരക്ഷണത്തിലുള്ള വളര്‍ത്തുപുത്രിമാരെയും വിവാഹം കഴിക്കുന്നത് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (4:23).

ഭാര്യയ്ക്ക് മറ്റൊരു ഭര്‍ത്താവില്‍ ജനിച്ച പുത്രിമാര്‍ നമ്മുടെ സംരക്ഷണത്തില്‍ അല്ലെങ്കിലും വിവാഹം കഴിക്കുന്നത് നിഷിദ്ധമാണ്. അപ്പോള്‍ നിങ്ങളുടെ സംരക്ഷണത്തിലുള്ളവരെന്ന് ഖുര്‍ആന്‍ പറഞ്ഞത് മാതാവ് പുനര്‍വിവാഹം ചെയ്താലും കുട്ടികള്‍ അവളുടെകൂടെത്തന്നെ ജീവിക്കുന്നതാണ് കുട്ടികളുടെ സുരക്ഷിത ജീവിതത്തിന് നല്ലത് എന്ന് ഉണര്‍ത്താനാണ്.
 

Feedback