കേരള മുസ്‌ലിംകള്‍ക്കിടയിലെ നവോത്ഥാന നാള്‍വഴികളില്‍ ജ്വലിക്കുന്ന കണ്ണിയാണ് സയ്യിദ് സനാഉല്ലാഹ് മക്തി തങ്ങള്‍. ആയുഷ്‌കാലം മുഴുവന്‍ പോരട്ടമാക്കിത്തീര്‍ത്ത അതുല്യ ജീവിതമായിരുന്നു തങ്ങളുടേത്. 'മുജദ്ദിദ്' (നവോത്ഥാന നായകന്‍) എന്ന് ഏതര്‍ഥത്തിലുംപ്രയോഗിക്കാവുന്ന പേരാണ് അദ്ദേഹത്തിന്റേത്. ബ്രിട്ടീഷുകാര്‍ ക്രൈസ്തവ മതസ്ഥാപനത്തിന് സൂത്രങ്ങള്‍ മെനഞ്ഞപ്പോള്‍, പാണ്ഡിത്യവും കര്‍മശേഷിയുംആര്‍ജവവും കൈമുതലുള്ള മക്തിതങ്ങള്‍ നാവും പേനയുമായി പ്രതിരോധം തീര്‍ത്തു.
സയ്യിദ് അഹ്മദ് തങ്ങളുടെ പുത്രനായി 1847ല്‍ വെളിയങ്കോട്ട് ജനിച്ച് 1912ല്‍ അന്തരിച്ച തങ്ങള്‍ ഒറ്റയ്ക്കു വികസിച്ച മഹാ പ്രസ്ഥാനമായിരുന്നു. അറബി, ഹിന്ദുസ്ഥാനി, പേഴ്‌സ്യന്‍, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറായി നിയോഗിച്ചെങ്കിലും 1882ല്‍ മുപ്പത്താറാം വയസ്സില്‍ ജോലി രാജിവെച്ചാണ് എഴുത്തിലേക്കും പ്രഭാഷണങ്ങളിലേക്കും തിരിഞ്ഞത്.
അറബിമലയാളം ആശയവിനിമയ മാധ്യമമായി ഉപയോഗിച്ചിരുന്ന മുസ്‌ലിം സമുദായത്തില്‍ നിന്ന് മലയാള ലിപിയില്‍ ഒന്നാമതായി രചിച്ച ഗ്രന്ഥമായി കരുതപ്പെടുന്ന 'കഠോരകുഠാരം' രചിക്കുന്നത് 1884ല്‍ ആണ്. 1892ല്‍ 'പാര്‍ക്കലീത്താ പോര്‍ക്കള'വും പ്രസിദ്ധീകരിച്ചു. ക്രിസ്തുമത പ്രചാരകരുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടുള്ള ഈ കൃതികളെ ഖണ്ഡിക്കുന്നവര്‍ക്ക് 200 രൂപ ഇനാം മക്തി തങ്ങള്‍ പ്രഖ്യാപിച്ചു. ആരും മുന്നോട്ടു വന്നില്ല. അറബി മലയാളത്തില്‍ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ അത് മിഷണറിമാര്‍ക്കും മുസ്‌ലിംകളല്ലാത്ത മലയാളികള്‍ക്കും വായിക്കാന്‍ കഴിയാത്തതു കൊണ്ടാണ് തങ്ങള്‍ മലയാള ലിപിയില്‍ പുസ്തകം ഇറക്കിയത്. മരപ്പലകയില്‍ എഴുതിപ്പഠിച്ചിരുന്ന അറബി അക്ഷര പാഠങ്ങളെ അച്ചടിച്ച് ജനങ്ങളിലേക്ക് എത്തിച്ച ആദ്യ പ്രസിദ്ധീകരണം മക്തിതങ്ങളുടെ 'തഅ്‌ലീമുല്‍ ഇഖ്‌വാന്‍' ആയിരുന്നു.
അജ്ഞരായ ജനസമൂഹങ്ങളെ പാട്ടിലാക്കി, വെള്ളക്കാരനോടൊപ്പം അവന്റെ മതവും ആധിപത്യത്തിന് മുതിര്‍ന്നപ്പോള്‍ കേരളമാകെ സഞ്ചരിച്ച് പ്രഭാഷണങ്ങള്‍ നടത്തി ക്രൈസ്തവ പാതിരിമാരോടെന്ന പോലെ, സമുദായത്തിലെ യാഥാസ്ഥിതികരോടും അദ്ദേഹം പടപൊരുതി. ഗ്രാമങ്ങളിലും ചെറുനഗരങ്ങളിലും ക്രിസ്തുമത പ്രചാരകര്‍ ഇസ്‌ലാമിനെയും പ്രവാചകനെയും നൃശംസിക്കുന്ന ലഘുലേഖകള്‍ പ്രചരിപ്പിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന്‍ പാവപ്പെട്ടവരെ നിര്‍ബന്ധിക്കുകയും ചെയ്തു. ഈ കാഴ്ചയാണ് മക്തി തങ്ങളെ വ്യസനത്തിലാഴ്ത്തിയത്. ആദ്യ പ്രതികരണം 'കഠോരകുഠാരം' എന്ന ഗ്രന്ഥമായിരുന്നു. ദരിദ്രരായ ജനങ്ങളെ മുതലെടുത്ത് മതം മാറ്റുന്നതിന്റെ അര്‍ഥശൂന്യതയായിരുന്നു ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
സംവാദ ശൈലിയുടെയും മത താരതമ്യ പഠനത്തിന്റെയും പ്രാരംഭം മക്തി തങ്ങളില്‍ നിന്നായിരിക്കും. ഹിന്ദുവേദങ്ങളെ സംബന്ധിച്ചും മക്തിതങ്ങള്‍ക്ക് വ്യക്തമായ ജ്ഞാനമുണ്ടായിരുന്നു. കഠോരകുഠാരത്തില്‍ ചേര്‍ത്ത 'താരതമ്യപട്ടിക'യില്‍ അക്കാര്യം വ്യക്തം. അദ്വൈത സിദ്ധാന്തത്തെ നിരൂപണം നടത്തി രചിച്ച 'ലാ മൗജൂദില്‍ ലാ പോയിന്റ്' രസകരമായ ഒരുപന്യാസമാണ്. ''നിങ്ങളുടെ പഴയതുംപുതിയതുമായ നിയമങ്ങളിലെ ഓരോ വചനങ്ങളെ ആ നിയമങ്ങളിലെ ഓരോ വചനങ്ങളെക്കൊണ്ടു തന്നെന്യായം പറഞ്ഞ് എണ്ണിയെണ്ണി ദുര്‍ബലപ്പെടുത്തി കാണിക്കുന്നതിനു എനിക്കു നല്ല ധൈര്യമുണ്ട്'' എന്ന് മക്തി തങ്ങള്‍ പറഞ്ഞത് പൂര്‍ണ ആത്മവിശ്വാസത്തോടെയായിരുന്നു.
മാതൃഭാഷ പഠിക്കാന്‍ മുസ്‌ലിംകളെ പ്രചോദിപ്പിച്ചത് മക്തി തങ്ങളായിരുന്നു. മലയാളത്തില്‍ ഗദ്യമെഴുതിയ ആദ്യത്തെ മുസ്‌ലിം മക്തിതങ്ങളാണെന്ന് ഡോ. ഗംഗാധരന്‍ സാക്ഷ്യപ്പെടുത്തുന്നു. അറബി ഒഴികെയുള്ള ഭാഷകള്‍ പഠിക്കുന്നത് പാഴ്‌വേലയാണെന്ന് സിദ്ധാന്തിച്ചവരോടും, മതപരമായി തെറ്റാണെന്ന് വിലക്കിയവരോടും അദ്ദേഹം പോരാടി. ശാസ്ത്രവും തത്വശാസ്ത്രവും യൂറോപ്പില്‍ പ്രചരിപ്പിച്ചത് മുസ്‌ലിംകളാണെന്ന് മുസ്‌ലിംകളെ ഉണര്‍ത്താന്‍ അന്നൊരു മക്തി തങ്ങള്‍ വേണ്ടിവന്നു.
മുസ്‌ലിം സമൂഹത്തിലെ യാഥാസ്ഥിതിക നേതൃത്വം എതിര്‍ത്തപ്പോള്‍ അദ്ദേഹത്തിന് പിന്തുണയായത് ഹിന്ദു സമൂഹത്തില്‍ നിന്നുള്ള ചിലരായിരുന്നു. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനുള്ള മിഷണറി ശ്രമങ്ങളെ എതിര്‍ത്തു തോല്പിച്ചതു കൊണ്ടാകാം ഇത്. ആദ്യ പത്രമായ 'പരോപകാരി' മാസിക (1888) നടത്തുന്നതിന് സഹായം നല്കിയത് ഹിന്ദു സ്‌നേഹിതന്മാരായിരുന്നു. ആറു വര്‍ഷത്തോളം അത് മുറയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്തു.
സത്യദര്‍ശനി, തൃശ്ശിവപേരൂര്‍ ക്രിസ്തീയ വായടപ്പ്, നബിനാണയം, തണ്ടാന്‍ കണ്ഠമാല, തണ്ടാന്റെ കൊണ്ടോട്ട ചെണ്ട, മക്തി സംവാദ ജയം, മുക്തി വിളംബരം, ജയാനന്ദഘോഷം, സുവിശേഷനാശം, അഹങ്കാരഘോഷം, പാദുവാദം പാതക പാതകം, മദ്യപാനം മിശിഹാ മതാഭിമാനം, നീതിയാലോചന ഞാന്‍ ഞാന്‍ തന്നെ, മതമതിപ്പ്, സമ്മാനക്കുറിപ്പ്, മുസ്‌ലിം ജനവും വിദ്യാഭ്യാസവും, അമേരിക്ക കണ്ടവര്‍ ആര്‍, മുസ്‌ലിംകളും മരുമക്കത്തായവും, യൂദാസോ പിലാത്തോസോ, ഖുര്‍ആന്‍ വേദവിലാസം, ക്രിസ്തീയ മനഃപൂര്‍വ മോഷണം, മുഹമ്മദ് നബി അവകാശ പോഷണം, നാരീ നരാതിചാരി, ഒരു വിവാദം, ദൈവം, പാറാനിലെ പരിശുദ്ധന്‍ അഥവാ വാഗ്ദത്ത നബി, രാജഭക്തിയും ദേശാഭിമാനവും, ഹിന്ദു-മുഹമ്മദന്‍ സംവാദം തുടങ്ങി നാല്പതോളം കൃതികളുണ്ട് മക്തി തങ്ങളുടേതായി.
ഒറ്റയാള്‍ പോരാട്ടത്തിന്റെ നാള്‍വഴികളില്‍ സ്വന്തം സമുദായത്തില്‍ നിന്നുള്‍പ്പെടെ ഒറ്റപ്പെടുത്തലുണ്ടായിട്ടും മക്തി തങ്ങള്‍ വഴിമാറി നടന്നില്ല. മക്തി മനഃക്ലേശം എന്ന കൃതിയില്‍ അദ്ദേഹം പറയുന്നു: ''തിരുവനന്തപുരത്തുള്ള ക്രിസ്തുജനം കൂടിയാലോചിച്ച് ഭയങ്കരമായ ക്രിമിനല്‍ ചാര്‍ജുകള്‍ നിര്‍മ്മിച്ച് അകപ്പെടുത്തിയതില്‍ ഇടവലം കാണാതെ വ്യാകുലചിത്തനായി പരിഭ്രമിച്ചു. ഇസ്‌ലാം ജനം അടുത്തുവരാതെയും അടുപ്പിക്കാതെയും ഒഴിഞ്ഞുമാറി മറഞ്ഞതിനാല്‍ പട്ടന്‍മാരുടെ ഭക്ഷണശാലകളില്‍ ഉണ്ടാക്കുന്ന ചോറും ചാറും വാങ്ങി ആത്മാവിനെ രക്ഷിച്ച് ആറു മാസം വ്യവഹരിച്ചു.''
അരിപ്പൊടിയോടൊപ്പം ദൈവപുത്രനെയും 'വിതരണം' ചെയ്ത് വെള്ളക്കാരന്‍ മതത്തെ മുദ്രണം ചെയ്യാനൊരുങ്ങിയപ്പോള്‍, ഇങ്ങനെയൊരു മക്തിതങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വ്യത്യസ്തമായേനെ. അദ്ദേഹം വെട്ടിതെളിയിച്ച പാതയിലൂടെയാണ് കേരള മുസ്‌ലിംകള്‍ക്കിടയില്‍ നവോത്ഥാനം കടന്നു വന്നത്. മക്തി തങ്ങളെപ്പറ്റി ഇ.മൊയ്തു മൗലവി നിരീക്ഷിക്കുന്നു 'കേരളത്തെ സംബന്ധിച്ചടത്തോളം ഒരു മുജദ്ദിദിന്റെ (പരിഷ്‌കര്‍ത്താവ്) കര്‍ത്തവ്യമാണ് മഹാനായ ആ കര്‍മയോഗി നിര്‍വഹിച്ചത്.'
1912 സെപ്തംബര്‍ 12ന് ആ ദീപം പൊലിഞ്ഞു.