Skip to main content

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡണ്ടായി ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച വ്യക്തിയെന്ന റെക്കോര്‍ഡിനുടമയാണ്  പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. 1975 സെപ്തംബര്‍ ഒന്നുമുതല്‍ 2009 ആഗസ്റ്റ് ഒന്ന് വരെ ദീര്‍ഘമായ 34 വര്‍ഷമാണ് പാണക്കാട് ശിഹാബ് തങ്ങള്‍ മുസ്‌ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന പദവിയിലിരുന്നത്. പിതാവായ പാണക്കാട് സയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെ മരണശേഷമാണ് ഇദ്ദേഹം ഈ സ്ഥാനം ഏറ്റെടുക്കുന്നത്.

പാണക്കാട് പൂക്കോയ തങ്ങളുടെയും ആഇശ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936ലാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജനിക്കുന്നത്. 1953ല്‍ കോഴിക്കോട് എം എം ഹൈസ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി പൂര്‍ത്തിയാക്കി ശിഹാബ് തങ്ങള്‍ തിരൂരിനടുത്ത തലക്കടത്തൂരും തുടര്‍ന്ന് തോടന്നൂരിലും കാനാഞ്ചേരിയിലും ദര്‍സ് പഠനം നടത്തി. പിന്നീടാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോവുന്നത്. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ 1958 മുതല്‍ 1961 വരെയും പിന്നീട് 1966 വരെ കെയ്‌റോ യൂനിവേഴ്‌സിറ്റിയിലും ഇദ്ദേഹം പഠനം നടത്തി. അവിടെ നിന്ന് 'ലിസാന്‍ അറബിക് ലിറ്ററേച്ചര്‍' ബിരുദം കരസ്ഥമാക്കി. പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശിഹാബ് തങ്ങള്‍ അറിവിന്റെയും പ്രവര്‍ത്തനത്തിന്റെയും മേഖലയില്‍ മുഴുകി.

നയതന്ത്രജ്ഞതയ്ക്കും വശ്യതയ്ക്കും പേരുകേട്ട നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അഭിപ്രായപ്രകടനങ്ങളില്‍ സംയമനവും തീരുമാനങ്ങളില്‍ വ്യക്തതയും ഈ നേതാവിന്റെ പ്രത്യേകതയായിരുന്നു. പല സന്ദര്‍ഭങ്ങളിലും സമുദായത്തിലെ ഒരു വലിയ വിഭാഗത്തെ അക്രമങ്ങളിലേക്ക് എടുത്ത് ചാടാതെ കടിഞ്ഞാണിട്ട് നിര്‍ത്താന്‍ കഴിഞ്ഞു എന്നത് ശിഹാബ് തങ്ങളുടെ വിജയമാണ്.

അദ്ദേഹത്തിന്റെ ഭാര്യ സയ്യിദ ശരീഫ ഫാത്വിമയാണ്. സുഹ്‌റ ബീവി, ഫൈറൂസ ബീവി, സമീറ ബീവി, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ മക്കളാണ്. 2009 ഓഗസ്റ്റ് ഒന്നിന് മരണപ്പെട്ടു.

Feedback