ഉക്കാദ് ചന്തയില്‍ നിന്ന് ഖുറൈശി സമ്പന്നനായ ഹകീമുബ്‌നു ഹസാമിബ്‌നു ഖുവൈലിദ് നാനൂറ് ദിര്‍ഹമിന് വാങ്ങിയ അടിമ. ഖദീജ ബിന്‍ത് ഖുവൈലിദിന് പാരിതോഷികമായി കിട്ടുകയും, ഖദീജയുമായുള്ള വിവാഹാനന്തരം നബിയുടെ സാമീപ്യത്തിലെത്തിച്ചേരുകയും ചെയ്ത ഭാഗ്യവാന്‍. സൈദുബ്‌നു ഹാരിസ. സൈദുബ്‌നുഹാരിസയെ കാണാതായതില്‍ മാതാവ് സുഅദായും പിതാവ് ഹാരിസയും അതീവ ദു:ഖിതരായിത്തീര്‍ന്നു.
ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് ഒരു ഹജ്ജ് വേളയില്‍ ചില കുടുംബക്കാര്‍ കഅ്ബയില്‍ വെച്ച് സൈദിനെ കാണുകയും ഹാരിസയെ വിവരമറിയിക്കുകയും ചെയ്തു. മോചന ദ്രവ്യവുമായി പ്രവാചക സന്നിധിയിലെത്തിയപ്പോള്‍ 'അവന്‍ ആരുടെ കൂടെ നില്‍ക്കാനാഗ്രഹിക്കുന്നുവോ അങ്ങനെ ചെയ്യാമെന്ന തീരുമാനത്തില്‍ ഇരുകൂട്ടരുമെത്തി. സൈദുബ്‌നുഹാരിസ പിതാവിനും പിതൃവ്യന്‍ കഅ്ബിനും മുമ്പില്‍ മുഹമ്മദിനെയാണ് സ്വീകരിച്ചത് (നുബുവ്വതിനുമുമ്പാണിത്).
''ഖുറൈശികളേ! ഇവന്‍ എന്റെ മകനാണ്. എന്റെ സ്വത്തില്‍ ഇവനും ഇവന്റെ സ്വത്തില്‍ ഞാനും അനന്തരാവകാശികളായിരിക്കും., നിങ്ങള്‍ സാക്ഷി'' എന്ന പ്രവാചകന്റെ പ്രഖ്യാപനം കേട്ട് സംതൃപ്തരായ പിതാവും പിതൃസഹോദരനും മടങ്ങിപ്പോയി. സൈദുബ്‌നുഹാരിസ സൈദുബ്‌നു മുഹമ്മദായി. ദത്തെടുക്കല്‍ സമ്പ്രദായം വിലക്കുന്ന ഖുര്‍ആന്‍ വാക്യം (33:40) ഇറങ്ങുന്നതുവരെ ആ നില തുടര്‍ന്നു.
തിരുമേനി പ്രവാചകനായപ്പോള്‍, സൈദ് വിശ്വാസിയായി. പ്രവാചകനനുഭവിച്ച പ്രയാസങ്ങളി ലൊക്കെ പങ്കാളിയായി. രഹസ്യസൂക്ഷിപ്പുകാരനും വിശ്വസ്ത സേവകനുമായിത്തീര്‍ന്നു. ദൗത്യ-സൈന്യവ്യൂഹങ്ങളുടെ തലവനായി പലപ്പോഴും നിയോഗിക്കപ്പെട്ടു. സൈദിനോടുള്ള പ്രവാചകന്റെ സ്‌നേഹം നിമിത്തം സൈദുല്‍ഹുബ്ബ്, ഹിബ്ബു റസൂലില്ലാഹ് എന്നീ വിളിപ്പേരുകളുണ്ടായി.
തന്റെ പിതൃവ്യന്റെ മകളായ സൈനബ് ബിന്‍ത് ജഹ്ശിനെ നബി സൈദിന് വിവാഹം ചെയ്തുകൊടുത്തു. അടിമയെ വിവാഹം ചെയ്യുന്നത് മദീന കുടുംബക്കാര്‍ക്ക് യോജിക്കില്ല എന്ന കാരണത്താല്‍ സൈനബ് ആദ്യം അംഗീകരിച്ചിരുന്നില്ല. 'അല്ലാഹുവിനെയും പ്രവാചകനെയും ധിക്കരിച്ച് ഒരു സത്യവിശ്വാസി തന്നിഷ്ടം കാണിക്കാന്‍ പാടില്ല' എന്ന ഖുര്‍ആന്‍ ആയത്തിന്റെ അടിസ്ഥാനത്തില്‍ വിവാഹം നടന്നു. കുടുംബജീവിതം മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല, ദൗര്‍ഭാഗ്യ വശാല്‍ വിവാഹമോചനത്തിലെത്തി. പിന്നീട് സൈനബിനെ പ്രവാചകന്‍ ഇണയായി സ്വീകരിക്കുകയും ഉഖ്ബയുടെ മകള്‍ ഉമ്മുകുല്‍സൂമിനെ സൈദ് വിവാഹം ചെയ്യുകയും ചെയ്തു.
ബസ്‌റ രാജാവിനെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാന്‍ ഒരു കത്തുമായി ഹാരിസുബ്‌നു ഉമൈറിനെ അയച്ചു. അദ്ദേഹം ജോര്‍ദ്ദാന്‍ കിഴക്ക് മുഅ്തയില്‍ വെച്ച് ഗസാബിലെ നാടുവാഴിയായ ശുറഹ്ബീലുബ്‌നു അംറിനാല്‍ കൊല്ലപ്പെട്ടു. റോമക്കാരുടെ പ്രകോപനത്തിനെതിരില്‍ മുവ്വായിരം അംഗബലമുള്ള സൈന്യത്തെ പ്രവാചകന്‍ മുഅ്തയിലേക്ക് അയച്ചു. അതിന്റെ നായകന്‍ സൈദുബ്‌നുഹാരിസയായിരുന്നു. നായകന്‍ രക്തസാക്ഷിയായാല്‍ ജഅ്ഫറുബ്‌നു അബീത്വാലിബും ശേഷം അബ്ദുല്ലാഹിബ്‌നു റവാഹയും ശേഷം നിങ്ങളുടെ കൂട്ടത്തില്‍ നിന്നൊരാളും എന്നതായിരുന്നു പ്രവാചക കല്പന. ഹിര്‍ഖലിന്റെ ഒരു ലക്ഷവും അറേബ്യയിലെ ക്രിസ്ത്യാനികളായ ഒരു ലക്ഷവും ചേര്‍ന്ന് വമ്പിച്ച ശത്രുപക്ഷത്തെയാണ് സൈദിന് നേരിടേണ്ടി വന്നത്. ധീരമായി പേരാടുന്നതിനിടയില്‍ സൈദ്ബ്‌നുഹാരിസ രക്തസാക്ഷിയായി. അനിവാര്യമായി സംഭവിക്കുമായിരുന്ന നാശത്തില്‍ നിന്ന് ഖാലിദുബ്‌നുല്‍ വലീദ് മുസ്‌ലിംകളെ രക്ഷിച്ചു.
പ്രവാചകന് സൈദുബ്‌നുഹാരിസയുടെ വേര്‍പാട് വലിയ വേദനയുണ്ടാക്കി.