ഈഴവ നേതാവായിരുന്ന സഹോദരന്‍ അയ്യപ്പന് ആഇശ എന്നൊരു മകളുണ്ട്. അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്ത് മണപ്പാട് കുഞ്ഞുമുഹമ്മദ് ഹാജിയുടെ ഒരു മകളുടെ പേര് ആഇശയാണ്. സുഹൃത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് അയ്യപ്പന്റെ മകള്‍ ആഇശയായത്.
നിഷ്പക്ഷ സംഘത്തില്‍ നിന്ന് ഐക്യസംഘമായും കേരള ജംഇയ്യത്തുല്‍ ഉലമയായും മുജാഹിദ് പ്രസ്ഥാനമായും കുതിച്ചുപാഞ്ഞ മഹാപ്രവാഹത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു മണപ്പാട്ട് ഹാജി എന്ന മണപ്പാടന്‍. സമ്പത്തും സമയവും സാന്നിധ്യവും കൊണ്ട് ഇതിഹാസതുല്യമായ ഒരേടിന് സ്വയം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
1889 മാര്‍ച്ച് 31ന് എറിയാട്ട് ജനനം. പടിയത്ത് മണപ്പാട്ട് ഹൈദ്രോസ് ഹാജിയുടെയും കറുകപ്പാടത്ത് അണ്ണാന്‍ചാലില്‍ ആമിനാബിയുടെയും പുത്രന്‍. കൊടുങ്ങല്ലൂരിലെ പ്രാഥമികപഠന ശേഷം പൊന്നാനി പള്ളിദര്‍സില്‍ ചേര്‍ന്നു. വിദ്യാസമ്പന്നരും പണക്കാരുമായിരുന്ന കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ക്കിടയില്‍ കുടുംബ വഴക്കുകള്‍ നിത്യകാഴ്ചയായിരുന്നു. പരിഹാരത്തെക്കുറിച്ച ചിന്തയില്‍ നിന്നാണ് ഒരു നവോത്ഥാന നായകന്റെ പിറവി. ശൈഖ് ഹമദാനി തങ്ങളെ മുന്നില്‍ നിര്‍ത്തി ഒരു യോഗം വിളിച്ചു. ഈ സമ്മേളനത്തിലാണ് 'നിഷ്പക്ഷ സംഘം' രൂപമെടുത്തത്. കുഞ്ഞുമുഹമ്മദ് ഹാജി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഭിന്നിപ്പുകള്‍പരിഹരിക്കാനും കലഹങ്ങളില്‍ ഒത്തുതീര്‍പ്പു ണ്ടാക്കാനുമുള്ള സര്‍വാംഗീകൃത സംഘമായിരുന്നു അത്. സീതി മുഹമ്മദ് സാഹിബായിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്.
സംഘത്തിന്റെ അംഗബലം നാള്‍ക്കുനാള്‍ വര്‍ധിച്ചു. കുഞ്ഞുമുഹമ്മദ് ഹാജി വീണ്ടുമൊരു യോഗം വിളിച്ചു. നിഷ്പക്ഷ സംഘത്തെ വിപുലമാക്കാനുള്ള ആലോചനായോഗമായിരുന്നു അത്. 'കേരള മുസ്‌ലിം ഐക്യസംഘം' രൂപപ്പെട്ടത് ആ യോഗത്തില്‍ വെച്ചാണ്. നിഷ്പക്ഷ സംഘത്തിന്റെ സെക്രട്ടറിയായിരുന്ന കുഞ്ഞുമുഹമ്മദ് ഹാജി തന്നെയായിരുന്നു ഐക്യസംഘത്തിന്റെയും സെക്രട്ടറി. അന്നദ്ദേഹത്തിന്മുപ്പത്തിമൂന്ന് വയസ്സ്. 1924ല്‍ ആലുവയില്‍ സംഘടിപ്പിച്ച ഐക്യസംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും ഉലമാ കോണ്‍ഫറന്‍സും ഏറെ പ്രതിസന്ധികള്‍ക്കിടയിലായിരുന്നു.
സാമൂഹ്യ നവോത്ഥാനത്തിന് വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രാധാന്യവും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 18ാമത്തെ വയസ്സിലാണ് വീടിനടുത്ത് ഒരു പ്രൈമറി വിദ്യാലയം തുടങ്ങിയത്. അവിടെ വരുന്നവര്‍ക്കെല്ലാം ഉച്ചഭക്ഷണം സ്വന്തം വീട്ടില്‍ നിന്ന് അദ്ദേഹം നല്കി. പിന്നീട് അത് ഹൈസ്‌കൂളായി ഉയര്‍ന്നു. സര്‍ക്കാര്‍ ഏറ്റെടുത്തു, ഇന്നത് കേരള വര്‍മ ഹൈസ്‌കൂളാണ്.
കുഞ്ഞുമുഹമ്മദ് തന്റെ വീടിന് 'ഐക്യവിലാസം' എന്ന് പേരിട്ടു. മലബാര്‍ സമരത്തിലെ നേതാക്കളില്‍ പലരും ആ വീട്ടിലെ താമസക്കാരായി. വൈക്കം, മുണ്ടാര്‍ എസ്റ്റേറ്റുകളില്‍ നിന്ന് 111 ഏക്കര്‍ അദ്ദേഹം സംഭാവന ചെയ്തത് ഫാറൂഖ് കോളെജിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കാനായിരുന്നു.
കൊടുങ്ങല്ലൂരിലെ അനാഥകള്‍ക്കു വേണ്ടി സ്വന്തം സ്ഥലത്ത് യത്തീംഖാന സ്ഥാപിച്ചു. ചേരമാന്‍ മാലിക് മന്‍സില്‍ യതീംഖാന, ഫാറൂഖ്റൗദതുല്‍ ഉലൂം അറബിക് കോളെജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളെജ്, അരീക്കോട്സല്ലമുസ്സലാം അറബിക് കോളെജ്, വടുതല നദ്‌വത്തുല്‍ മുജാഹിദീന്‍ സ്ഥാപനങ്ങള്‍, ഇവയുടെയെല്ലാം സാമ്പത്തിക സ്രോതസ്സ് ഹാജിയായിരുന്നു. സഹോദര സമൂഹങ്ങള്‍ക്കും അത്താണിയായിരുന്നു അദ്ദേഹം.
മലയാളത്തിലെ ജുമുഅ ഖുത്വ്ബയും സ്ത്രീകളുടെ പള്ളി പ്രവേശവും നടപ്പിലാക്കണമെന്ന് ശഠിച്ചിരുന്ന അദ്ദേഹം പിതാമഹന്‍സ്ഥാപിച്ച മാടവന മുഹ്‌യിദ്ദീന്‍ പള്ളി തന്നെ അതിനായി തെരഞ്ഞെടുത്തു. കൊച്ചി ലെജിസ്ലേറ്റീവ്കൗണ്‍സിലിലേക്ക് 1952ല്‍ മുസ്‌ലിം പ്രതിനിധിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
കൊടുങ്ങല്ലൂരില്‍ നിന്ന് ഐക്യസംഘം പ്രസിദ്ധീകരിച്ച 'അല്‍ഇര്‍ശാദ്' അറബി മലയാള മാസികയുടെ പത്രാധിപരും 'ഐക്യം' മലയാള മാസികയുടെ ഉടമസ്ഥനും അദ്ദേഹമായിരുന്നു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ 'അല്‍അമീന്‍' പത്രത്തിന്റെ ഡയറക്ടര്‍ കുഞ്ഞുമുഹമ്മദ് ഹാജിയായിരുന്നു. ഭക്ഷണം, മനുഷ്യന്‍ എന്നീ രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.
1959 സപ്തംബര്‍ 6ന് അന്തരിക്കുമ്പോള്‍, പാറിപ്പടര്‍ന്ന നവോത്ഥാന മുന്നേറ്റങ്ങളെ കണ്ണുനിറയെ അദ്ദേഹത്തിന് കാണാനുണ്ടായിരുന്നു.