Skip to main content

അബൂ അബ്ദുല്ല അല്‍ ബത്താനി

ടോളമിയുടെ നക്ഷത്രപ്പട്ടികയിലെ അപാകതകള്‍ തിരുത്തി വിശാലമായ പുതിയ പട്ടിക തയ്യാറാക്കിയ ആദ്യത്തെ ഗോളശാസ്ത്രജ്ഞനാണ് അബൂ അബ്ദുല്ല അല്‍ ബത്താനി. അദ്ദേഹത്തിന്റെ ലോകപ്രശസ്ത ഗോളശാസ്ത്രഗ്രന്ഥമായ 'കിത്താബു സ്വിജ്' (ദി ബുക് ഓഫ് ആസ്‌ട്രോണമിക്കല്‍ ടേബ്ള്‍സ്) പന്ത്രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. 

മുഴുവന്‍ പേര് അബ്ദുല്ല മുഹമ്മദ് ബ്‌നു ജാബിര്‍ അല്‍ബതാനി. മെസപ്പൊട്ടേമിയയിലെ (ഇപ്പോഴത്തെ തുര്‍ക്കി) ഉര്‍ഫയ്ക്ക് സമീപമുള്ള ഹറാന്‍ പ്രദേശത്ത് എ ഡി 858ല്‍ ജനനം. ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിര്‍മിക്കുന്നയാളായിരുന്നു പിതാവ്. സിറിയയിലെ പ്രസിദ്ധമായ അല്‍ റഖാഅ് എന്ന പട്ടണത്തിലാണ് വാനശാസ്ത്രഗവേഷണത്തിന് തുടക്കം കുറിച്ചത്. ഉഷ്ണമേഖലാ പ്രദേശം, കാലാവസ്ഥാഭേദം, സൂര്യന്റെ ഭ്രമണ പഥം തുടങ്ങിയവയും അല്‍ബതാനിയുടെ ഗവേഷണവിഷയങ്ങളായിരുന്നു. സൗരവര്‍ഷം 365 ദിവസം, 5 മണിക്കൂര്‍, 46 മിനുട്ട്, 24 സെക്കന്റ് എന്ന് കണക്കാക്കിയതാണ് അല്‍ബത്താനിയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത്.

വളരെ സങ്കീര്‍ണമായ ചാന്ദ്ര ചലനങ്ങളെക്കുറിച്ച് അദ്ദേഹം ധാരാളം ഗവേഷണങ്ങള്‍ നടത്തി. ചന്ദ്രഗ്രഹണ ദൈര്‍ഘ്യം അളക്കാനുള്ള പുതിയ മാര്‍ഗം ആവിഷ്‌കരിച്ചു. സൗരവര്‍ഷ ദൈര്‍ഘ്യം വളരെ കൃത്യമായി കണക്കാക്കി. പാശ്ചാത്യലോകത്ത് 'അല്‍ ബാറ്റിനിയസ്' എന്ന പേരില്‍ അറിയപ്പെടുന്നു. 

കോപ്പര്‍ നിക്കസ്, തന്റെ ഗവേഷണങ്ങള്‍ക്ക് മുഖ്യമായും ആശ്രയിച്ചത് ബത്താനിയുടെ ഗ്രന്ഥങ്ങളാണ്. 'കോപ്പര്‍നിക്കന്‍ വിജ്ഞാന വിപ്ലവ'ത്തിന് തിരികൊളുത്തിയ 'ഡി റവല്യൂഷനിബസ് ഒറിബം കളക്റ്റിയം'  എന്ന ഗ്രന്ഥത്തില്‍ ഇരുപതിലേറെ ഭാഗങ്ങളില്‍ അദ്ദേഹം ബത്താനിയെ ഉദ്ധരിക്കുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്കു ശേഷം കോപ്പര്‍നിക്കസ് കണ്ടെത്തിയ അളവുകളെക്കാള്‍ കൃത്യതയാര്‍ന്നതായിരുന്നു അല്‍ബത്താനിയുടേത്. പിന്നീട് വന്ന ഗോള ശാസ്ത്രജ്ഞരായ ഗലീലിയോ, കെപ്ലര്‍, ടൈക്കോബ്രാഹി എന്നിവരില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ സ്വാധീനം ചെലുത്തിയതു കാണാം. ബത്താനിയുടെ ഗോളശാസ്ത്ര ടേബിളിന്റെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട എഫിമേരിസ് ടാബില്‍ (Ephemeris table) ഉപയോഗിച്ചുകൊണ്ടായിരുന്നു കൊളമ്പസ് ലോകസഞ്ചാരം നടത്തിയത്. കാന്തികവൃത്തത്തിന്റെ ചരിവിലെ അതി കൃത്യതയെക്കുറിച്ചും അദ്ദേഹം പഠനം നടത്തി. 

ഗോളശാസ്ത്രത്തിനു നല്കിയ സംഭാവനകള്‍ പരിഗണിച്ച് ചന്ദ്രനിലെ ഒരു ഗര്‍ത്തത്തിന് 'അല്‍ ബത്താനിയസ്' എന്ന് ശാസ്ത്രലോകം നാമകരണം ചെയ്തിട്ടുണ്ട്. 929ല്‍ മരണം.

Feedback
  • Tuesday Apr 8, 2025
  • Shawwal 9 1446