പ്രസിദ്ധ സ്പാനിഷ് മുസ്‌ലിം ജ്യോതിശ്ശാസ്ത്രജ്ഞനായിരുന്ന അബൂ ഇസ്ഹാഖ് ഇബ്‌റാഹീമു ബ്‌നു യഹ്‌യ അസ്സര്‍ഖാലി പാശ്ചാത്യ ലോകത്ത് 'അസര്‍ഖയേല്‍' ആണ്. 'ആര്‍സെക്കിലസ്' എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്. മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ നീളം അളന്നപ്പോള്‍ ടോളമിക്ക് വന്ന പിഴവ് തിരുത്തിയത് സര്‍ഖാലിയാണ്.
അല്‍ അന്തലൂസിലെ ടോളിഡോയില്‍ 1029ല്‍ ജനനം. ലോഹങ്ങളില്‍ മുദ്രണം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയിരുന്നതുകൊണ്ടു കൂടിയാണ് അദ്ദേഹം 'അസ്സര്‍ഖാലി' അഥവാ 'അല്‍നെക്കാശ്' എന്ന പേരില്‍ അറിയപ്പെട്ടത്. ജ്യോമട്രിയിലും ജ്യോതിശ്ശാസ്ത്രത്തിലും അവഗാഹം നേടിയിരുന്ന അസ്സര്‍ഖാലി പിന്നീട് കൊര്‍ഡോവയിലേക്ക് താമസം മാറിയിരുന്നു. ടോളിഡോയിലെ ഖാദി ഇബ്‌നു സഈദിന്റെ നിര്‍ദേശപ്രകാരമാണ് ഉപകരണ നിര്‍മാതാവായി സര്‍ഖാലി നിയമിക്കപ്പെടുന്നത്. ആദ്യം മറ്റു ശാസ്ത്രജ്ഞര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കലായിരുന്നു ജോലിയെങ്കിലും സര്‍ഖാലിയുടെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാക്കിയ അവര്‍ അനൗപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹത്തിന് ആവശ്യമായ ഗ്രന്ഥങ്ങളെല്ലാം എത്തിച്ചു നല്കി. രണ്ടു വര്‍ഷത്തിനു ശേഷം 1062ല്‍ സര്‍ഖാലിയും ശാസ്ത്രജ്ഞരുടെ സംഘത്തിലെ അംഗമായി. അല്പകാലത്തിനുള്ളില്‍ സ്വന്തം അധ്യാപകര്‍ക്ക് സര്‍ഖാലി മാര്‍ഗദര്‍ശിയാകുന്നതും ചരിത്രം കണ്ടു.
വാനനിരീക്ഷണത്തിനായി 'സഫീഹാഹ്' എന്ന പേരില്‍ ശാസ്ത്രീയമായി ഒരു ആസ്‌ട്രോലാബ് രൂപകല്പന ചെയ്തു അദ്ദേഹം. താരചലനങ്ങള്‍ക്കനുസരിച്ച് സൗരവ്യൂഹം ചലിക്കുന്നുവെന്നും അദ്ദേഹം സമര്‍ഥിച്ചു. സര്‍ഖാലിയെയും അല്‍ബതാനിയെയും ഉദ്ധരിച്ചുകൊണ്ടാണ് കോപ്പര്‍നിക്കസിന്റെ 'ഡീ റവല്യൂഷനിബസ് ഓര്‍ബിയം സെലസ്റ്റിയം' ഇതുസംബന്ധിച്ച വിശദീകരണങ്ങള്‍ നല്കുന്നത്. സര്‍ഖാലിയുടെ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ റായ്മണ്ട് ഓഫ് മാര്‍സിയല്‍സും ജെറാഡ് ഓഫ് ക്രിമോണയും ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.
ചാന്ദ്രമാസപ്രകാരമുള്ള ദിവസങ്ങളുടെ എണ്ണം അറിയാനും രാത്രിയിലെയും പകലിലെയും മണിക്കൂറുകള്‍ കണക്കാക്കാനും കഴിയുന്ന ഒരു ജലഘടികാരം നിര്‍മിച്ചത് സര്‍ഖാലിയാണ്. ടോളിഡോയില്‍ നിര്‍മിച്ച ഈ ജലഘടികാരം 1135 വരെ പ്രവര്‍ത്തിച്ചിരുന്നു. എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാന്‍ അല്‍ഫോന്‍സോ ആറാമന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഘടികാരം വിഘടിപ്പിച്ചു. എന്നാല്‍ പിന്നീട് അത് ആര്‍ക്കും പഴയ രൂപത്തില്‍ ഘടിപ്പിക്കാനായില്ല. ഏറ്റവും സങ്കീര്‍ണവും സൂക്ഷ്മവുമായ ആസ്‌ട്രോലാബ് നിര്‍മിച്ചതും അദ്ദേഹമാണ്. പാശ്ചാത്യലോകത്ത് കൂടുതല്‍ അറിയപ്പെട്ടത് അദ്ദേഹം തയ്യാറാക്കിയ ടോളിഡന്‍ ടേബിളുമായി ബന്ധപ്പെട്ടാണ്. അദ്ദേഹത്തിന്റെ ടേബ്ള്‍ അടിസ്ഥാനമാക്കിയാണ് പിന്നീട് യൂറോപ്പില്‍ നിലവില്‍ വന്ന പല ടേബിളുകളും തയ്യാറാക്കപ്പെട്ടത്.
ഏഴും എട്ടും നൂറ്റാണ്ടുകള്‍ക്കു ശേഷം അല്‍ അന്തലൂസിന്റെ വൈജ്ഞാനിക തലസ്ഥാനമായി ടോളിഡോയെ മാറ്റിയത് അദ്ദേഹമാണ്. ചോസര്‍ തന്റെ ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്ന 'അര്‍സക്കിലെസ്' അസ്സര്‍ഖാലിയാണ്. 1085ല്‍ കാസ്റ്റൈല്‍ ക്രിസ്ത്യന്‍ രാജാവ് അല്‍ഫോന്‍സോ ആറാമന്‍ ടോളിഡോ കീഴടക്കിയപ്പോള്‍ അസ്സര്‍ഖാലിക്കും കൂടെയുള്ളവര്‍ക്കും രാജ്യം വിട്ടു പോകേണ്ടി വന്നു. ലോകം കണ്ട പ്രസിദ്ധ ശാസ്ത്രജ്ഞരിലൊരാളായ സര്‍ഖാലിയുടെ മരണം കൊര്‍ഡോവയില്‍ വച്ചാണെന്നും മൂറിലെ അഭയാര്‍ഥി ക്യാംപില്‍ വച്ചാണെന്നും രണ്ടഭിപ്രായമുണ്ട്.
പിന്നീടു വന്ന പ്രസിദ്ധ ശാസ്ത്രജ്ഞരായ ഇബ്‌നു ബജ്ജാ (അവെംപെയ്‌സ്), ഇബ്‌നു തുഫൈല്‍(അബൂബേസര്‍), ഇബ്‌നു റുശ്ദ്(അവര്‍റോസ്), ഇബ്‌നുല്‍ കമ്മാദ്, ഇബ്‌നു അല്‍ ഹൈം അല്‍ ഇഷ്ബില്‍, നൂറുദ്ദീന്‍ അല്‍ ബിത്‌റൂജി(അല്‍പെട്രാജിയസ്) തുടങ്ങിയവരെയെല്ലാം സര്‍ഖാലിയുടെ ഗവേഷണങ്ങള്‍ സ്വാധീനിച്ചിരുന്നു. സൂര്യചന്ദ്രന്‍മാരുടെയും ഗ്രഹങ്ങളുടെയും സ്ഥാനം കണക്കാക്കുന്നതിനായുള്ള രണ്ട് ഉപകരണങ്ങളുടെ നിര്‍മാണത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ അല്‍ഫോന്‍സോ പത്താമന്‍ രാജാവിന്റെ നിര്‍ദേശപ്രകാരം ഈ ഗ്രന്ഥങ്ങള്‍ സ്പാനിഷ് ഭാഷയിലേക്ക് (ലിബ്രോസ് ഡി ലാസ് ലാമിനാസ് ഡി ലോസ് വില്‍ പ്ലാനറ്റാസ്) വിവര്‍ത്തനം ചെയ്യപ്പെട്ടു.