Skip to main content

ശറഫുദ്ദീന്‍ അല്‍ തൂസി

പന്ത്രണ്ടാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ (ഇറാന്‍) ജീവിച്ചിരുന്ന ഗണിതശാസ്ത്രജ്ഞനും ജ്യോതിശാസ്ത്ര പണ്ഡിതനുമായിരുന്നു അല്‍തൂസി. ക്യുബിക് സിദ്ധാന്തം കണ്ടുപിടിച്ചുവെന്നതിന്റെ പേരില്‍ ഒരു ഗണിതശാസ്ത്രജ്ഞന്‍ എന്ന നിലയിലാണ് അല്‍ തൂസി അറിയപ്പെടുന്നത്. എന്നാല്‍ ജ്യോതിശാസ്ത്ര രംഗത്ത് അദ്ദേഹം മികച്ച ഒരു ഉപകരണത്തിന്റെ ഉപജ്ഞാതാവായാണ് ഗണിക്കപ്പെടുന്നത്. ലീനിയര്‍ അസ്‌ട്രോലാബ് (നക്ഷത്രങ്ങളുടെ ദൂരം മനസ്സിലാക്കാവുന്ന വാനനിരീക്ഷണാലയം) കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 

ഇറാനിലെ തൂസിലാണ് ജനനം. ശറഫുദ്ദീനുല്‍ മുസാഫിര്‍ ബ്‌നു മുഹമ്മദുബ്‌നുല്‍ മുസാഫിര്‍ അല്‍ തൂസി എന്ന് മുഴുവന്‍ പേര്. മൊസൂലിലും ഹലബിലു(അലപ്പോ)മായി അക്കങ്ങളുടെ ശാസ്ത്രം, ജ്യോതിശാസ്ത്ര പട്ടിക തുടങ്ങി ഗണിതശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ അദ്ദേഹം പഠനവും പിന്നീട് അധ്യാപനവും നടത്തി. പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍ കമാലുദ്ദീന്‍ ബ്‌നു യൂനുസ് ഇദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രമുഖനാണ്. 1986ല്‍ രണ്ട് വാള്യങ്ങളിലായി റുശ്ദി റശീദ് പ്രസിദ്ധീകരിച്ച ഓവര്‍സ് മാത്തമറ്റിക്‌സ് (Oeuvrs Mathmatiques) അല്‍തൂസിയുടെ ഗണിതശാസ്ത്ര കണ്ടുപിടിത്തങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 

ലീനിയര്‍ ആസ്‌ട്രോലാബാണ് അല്‍തൂസിയുടെ ഏറ്റവും വലിയ കണ്ടുപിടിത്തം. അല്‍ അന്‍തലൂസ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നക്ഷത്രങ്ങളുടെ ദൂരവും പ്രത്യേകതകളും മനസ്സിലാക്കാന്‍ ഉതകുന്ന ഉപകരണം അക്കാലത്ത് അറബ് ലോകത്ത് ഏറെ പ്രശംസിക്കപ്പെട്ടിരുന്ന ഒന്നാണ്. ശിഷ്യനായ കമാലുദ്ദീന്‍ ബ്‌നു യൂനുസ്, തൂസിയുടെ ലീനിയര്‍ ആസ്‌ട്രോലാബിനെ പിന്നീട് വികസിപ്പിച്ചു. തുടര്‍ന്നു വന്ന അബു അലി അല്‍ മര്‍റാകുശി ലീനിയര്‍ ആസ്‌ട്രോലാബിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അത് പ്രവര്‍ത്തിപ്പിക്കേണ്ട നിര്‍ദേശങ്ങളും  വിവരിക്കുന്ന ഗ്രന്ഥം രചിക്കുകയും അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.  

ജ്യാമിതീയ ഗണിതശാസ്ത്രത്തിലും അഗാധമായ പാണ്ഡിത്യമാണ് അല്‍ തൂസിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ക്യൂബിക് സിദ്ധാന്തം ലോകത്ത് ഇന്നും ഖ്യാതിയോടെ തന്നെ നിലനില്‍ക്കുന്നുവെന്നത് അതിന് തെളിവാണ്. എ ഡി 1213 ല്‍ ഇറാനില്‍ വെച്ചാണ് അന്തരിച്ചത്.

Feedback