Skip to main content

ഉലൂഗ് ബേഗ്

15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലോകത്തെ ഏറ്റവും പ്രശസ്തനായ ജ്യോതിശാസ്ത്രജ്ഞനും തിമൂറി രാജവംശത്തില്‍ പെട്ട ഏറ്റവും ശക്തനായ ഭരണാധികാരിയുമായിരുന്നു ഉലൂഗ് ബേഗ്. ജ്യോതിശാസ്ത്ര രംഗത്തെ എക്കാലത്തേയും വലിയ സംഭാവനയായ ഉസ്‌ബെകിസ്താനിലെ സമര്‍ഖന്ദിലുള്ള ഗോര്‍ഗാനി സിജ് എന്ന് പേരുള്ള വാനനിരീക്ഷണാലയം സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്. 

1394 മാര്‍ച്ച് 22ന് പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) സഞ്ചാന്‍ പ്രവിശ്യയിലെ സുല്‍ത്താനിയയിലാണ് ജനനം. പിതാമഹനും തിമൂറിയന്‍ വംശത്തിലെ കരുത്തനായ സുല്‍ത്താനായിരുന്നു. തന്റെ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പിതാമഹനൊപ്പം മധ്യേഷ്യന്‍ രാജ്യങ്ങളും ഇന്ത്യയുടെ ചില ഭാഗങ്ങളിലൂടെയും ഉലൂഗ് ബേഗ് കടന്നുപോയിട്ടുണ്ട്. പിതാവ് ഷാറൂഖിന്റെ ഭരണകാലത്താണ്, ഇപ്പോഴത്തെ അഫ്ഗാനിസ്താനിലെ ഹെറാത്ത് പ്രവിശ്യ തിമൂറിയന്‍ തലസ്ഥാനമായി മാറുന്നത്. അതുവരെ സമര്‍ഖന്ദ് ആയിരുന്നു തലസ്ഥാനം. 16ാം വയസ്സില്‍ സമര്‍ഖന്ദിലെ ഗവര്‍ണറായാണ് ഉലൂഗ് ബേഗ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. മുഴുവന്‍ പേര് മിര്‍സാ മുഹമ്മദ് തറാഗിബ്‌നു ഷാറൂഖ്.

1424നും 1429നും ഇടയില്‍ സ്ഥാപിക്കപ്പെട്ട വാനനിരീക്ഷണാലയം പിന്നീട് ഉലൂഗ് ബേഗ് വാനനിരീക്ഷണായം എന്നറിയപ്പെട്ടു. മധ്യേഷ്യയിലെ ഇസ്‌ലാമിക ലോകത്ത് ഏറ്റവും വലിയതും കൃത്യതയാര്‍ന്നതുമായ വാനനിരീക്ഷണാലയമായാണ് ഇത് ഗണിക്കപ്പെടുന്നത്. കരുത്തനായ ഭരണാധികാരിയായിരുന്ന ഉലുഗ് ബേഗ് 1417നും 1420നും ഇടയിലാണ് സമര്‍ഖന്ദിലും ബുഖാറയിലും ഉലൂഗ് ബേഗ് മദ്‌റസ സ്ഥാപിക്കുന്നത്. അക്കാലത്ത് മധ്യേഷ്യയിലെ ഏറ്റവും പ്രശസ്തമായ സാംസ്‌കാരിക വിദ്യാഭ്യാസ കേന്ദ്രമായിരുന്നു അത്. അല്‍ ഖുഷ്ജി, അബു സെയ്ദ് ഗോര്‍ഗാനി, അല്‍ മജ്‌രീദി തുടങ്ങി വിഖ്യാതരായ നിരവധി ജ്യോതിശാസ്ത്ര പണ്ഡിതര്‍ വാനഗവേഷണം നടത്തിയിരുന്നത് ഉലൂഗ് ബേഗ് വാനനിരീക്ഷണാലയത്തിലൂടെയായിരുന്നു. 

അല്‍ ഖുഷ്ജിയുടെ നേതൃത്വത്തിലാണ് ഇവിടത്തെ ഉപകരണങ്ങള്‍ കണ്ടെത്തുന്നത്. ടെലിസ്‌കോപ്പിന്റെ അഭാവം നിമിത്തം തന്റെ നിരീക്ഷണങ്ങളുടെ ആധികാരികതക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍ ഉലൂഗ് ബേഗ് വാനനിരീക്ഷണാലയത്തിന്റെ ദൂരകോണമാത്രയുടെ (വൃത്തത്തിന്റെ ആറിലൊരു ഭാഗം) ദൂരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഫക്‌റി സെക്‌സ്റ്റന്റ് എന്നാണ് ഇതറിയപ്പെട്ടിരുന്നത്. 1437 ല്‍ സിജ് ഐ സൂത്താനി എന്ന ഗ്രന്ഥത്തില്‍ 994 നക്ഷത്രങ്ങളുടെ പട്ടിക അദ്ദേഹം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മഹത്തായ നക്ഷത്രപ്പട്ടികയായാണ് ഇത് ഗണിക്കപ്പെടുന്നത്. ഭൂമിയിലെ ഉയരം കൂടിയ ചെങ്കുത്തായ ഏതെങ്കിലും ഭാഗത്തായിരുന്നു ഇത്തരം വാനനിരീക്ഷണാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നത്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും ഗണിതശാസ്ത്ര, ജ്യോതിശാസ്ത്ര പണ്ഡിതരെ തന്റെ കൊട്ടാരത്തിലേക്ക് ക്ഷണിച്ച്, വാനലോകത്തെ നിഗൂഢതകളെ കണ്ടെത്തി ലോകത്തിന് മുമ്പില്‍ വഴികാട്ടിയാവാനും ഉലുഗ് ബേഗ് എന്ന മഹാനായ ഭരണാധികാരി അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. 1437ലാണ് ഉലൂഗ് ബേഗ് നക്ഷത്രവര്‍ഷത്തിന്റെ നീളം വിശദീകരിക്കുന്നത്. ഉസ്‌ബെകിസ്താന്‍, താജികിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍, കിര്‍ഗിസ്താന്‍, അഫ്ഗാനിസ്താന്‍, തെക്കന്‍ കസാഖിസ്താന്‍ തുടങ്ങിയ രാജ്യങ്ങള്‍ 30 വര്‍ഷത്തോളം ഉലൂഗ് ബേഗിന്റെ ഭരണത്തിനു കീഴിലായിരുന്നു. 

ത്രിമാന ഗണിതം, ഭൂഗോളജ്യാമിതീയശാസ്ത്രം എന്നിവയിലും അഗാധ പാണ്ഡിത്യം ഉണ്ടായിരുന്നു. 1830ല്‍ ജോണ്‍ ഹെന്റിച്ച് മാഡ്‌ലര്‍ തന്റെ ചന്ദ്ര ഭൂപടത്തില്‍ ഒരു ചന്ദ്ര ഗര്‍ത്തത്തിന് ഉലൂഗ് ബേഗിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 1449 ഒക്‌ടോബര്‍ 27ന് അമ്പത്തിയഞ്ചാം വയസ്സിലാണ് മരണം.

Feedback