ഏഴാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ ബഗ്ദാദില്‍ അബ്ബാസിയ ഖലീഫയുടെ ഭരണകാലത്ത് ജീവിച്ചിരുന്ന വിഖ്യാതനായ ജ്യോതിശ്ശാസ്ത്ര പണ്ഡിതനും ഇസ്‌ലാമിക തത്വജ്ഞാനിയുമാണ് അബൂ മഅ്ശര്‍ അല്‍ ബല്‍ഖി. മുഴുവന്‍ പേര് അബൂ മഅ്ശര്‍ ജഅ്ഫര്‍ ബിന്‍ മുഹമ്മദ് അല്‍ ബല്‍ഖി. അല്‍ ഫലഖി എന്നും ഇബ്‌നു ബല്‍ഖി എന്നും അറിയപ്പെടുന്നു.
വടക്കന്‍ അഫ്ഗാനിസ്താനിലെ ഖുറാസാന്‍ പ്രവിശ്യയില്‍ പുരാതന നഗരമായ ബല്‍ഖില്‍ എ ഡി 787 ആഗസ്ത് 10നാണ് ജനിച്ചത്. പിതാവ് മുഹമ്മദ് ബിന്‍ ഉമര്‍ അല്‍ ബല്‍ഖി. ചെറുപ്പം മുതല്‍ ഹദീസ് പഠനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബല്‍ഖി 47ാം വയസ്സിലാണ് ജ്യോതിശ്ശാസ്ത്രത്തില്‍ നൈപുണ്യം നേടുന്നത്.
ഗ്രീക്ക് ചിന്തകനായ അരിസ്‌റ്റോട്ടിലിന്റെ പ്രപഞ്ച തത്വങ്ങളുടെ ആധികാരിക ഉറവിടമായി 12ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ യൂറോപ്യന്‍ പണ്ഡിതന്‍മാരും ശാസ്ത്രജ്ഞരും അവലംബിച്ചിരുന്നത് അബു മഅ്ശറിന്റെ ഗ്രന്ഥങ്ങളെയായിരുന്നുവെന്ന് റിച്ചാര്‍ഡ് ലെമെ വാദിക്കുന്നു. 12ാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടം വരെ അരിസ്‌റ്റോട്ടില്‍ സിദ്ധാന്തങ്ങളുടെ ആധികാരിക ഗ്രന്ഥങ്ങള്‍ ലാറ്റിന്‍ ഭാഷയില്‍ ലഭ്യമായിരുന്നില്ലെന്നതാണ് ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. 12ാം നൂറ്റാണ്ടിന്റെ മധ്യം വരെ അരിസ്‌റ്റോട്ടിലിനെ തത്വശാസ്ത്രത്തിന്റെ മാത്രം ഗുരുവായിട്ടാണ് ഗണിച്ചിരുന്നതെങ്കില്‍ ലാറ്റിന്‍ ഭാഷയില്‍ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പ്രചരിച്ചതോടെ ആഗോള തത്വചിന്തയുടെ പ്രത്യേകിച്ച് പ്രാപഞ്ചിക സിദ്ധാന്തങ്ങളുടെ പിതാവായി അദ്ദേഹം മാറിയെന്നതും ശ്രദ്ധേയമാണ്.
ഗ്രീക്ക്, മെസപ്പെട്ടോമിയന്‍, ഇസ്‌ലാമിക, പേര്‍ഷ്യന്‍ പണ്ഡിതന്‍മാരുടെ ചിന്തകള്‍ ബല്‍ഖിയെ ശക്തമായി സ്വാധീനിച്ചതായി കാണാം. ബല്‍ഖിയുടെ പ്രധാന കൃതിയാണ് അറബിയില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട 'കിതാബ് അല്‍ മുദ്കല്‍ അല്‍ കബീര്‍ ഇലാഇല്‍മ് അഹ്കം അന്നുജൂം'. എ ഡി 848 ല്‍ ബഗ്ദാദിലാണ് ഈ കൃതി എഴുതപ്പെട്ടതെന്ന് കരുതുന്നു. ഇന്ത്യയുമായും അബു മഅ്ശറിന് ബന്ധമുണ്ട്. ഇദ്ദേഹം ബനാറസില്‍(വാരണാസി) എത്തുകയും പത്ത് വര്‍ഷത്തോളം ജ്യോതിശ്ശാസ്ത്ര പഠനങ്ങള്‍ നടത്തുകയും ചെയ്തിരുന്നുവെന്ന് അമീര്‍ ഖുസ്‌റു വെളിപ്പെടുത്തുന്നു.
വ്യത്യസ്ത ജ്യോതിശ്ശാസ്ത്ര പട്ടികകളെ വിശദീകരിക്കുന്ന ബല്‍ഖിയുടെ ഗ്രന്ഥങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മുഹമ്മദ് ഇസ്ഹാഖ് ഇബ്നുന്നദീം തന്റെ പ്രശസ്ത ഗ്രന്ഥമായ 'അല്‍ഫിഹ്‌റിസ്റ്റ്' രചിച്ചത്. പേര്‍ഷ്യന്‍ രാജാക്കന്‍മാര്‍ ലോകത്തെ മികച്ച കൃതികള്‍ ഏത് രീതിയിലാണ് ശേഖരിച്ചതെന്നും അവ കുറ്റമറ്റ രീതിയില്‍ സംരക്ഷിക്കപ്പെട്ടതെങ്ങനെയെന്നും അല്‍ഫിഹ്‌റിസ്റ്റ് വിശദീകരിക്കുന്നുണ്ട്. ബല്‍ഖിയെ മികച്ച ഹദീസ് പണ്ഡിതനായും ഇബ്നുന്നദീം തന്റെ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു. മധ്യകാലഘട്ടത്തില്‍ ജ്യോതിശാസ്ത്ര രംഗത്തെ ആധികാരിക തത്വജ്ഞാനിയായിരുന്നു അല്‍ ബല്‍ഖിയെന്ന് ചരിത്രകാരനായ അബീ വാര്‍മുഖ് അഭിപ്രായപ്പെടുന്നുണ്ട്.
ജ്യോതിശാസ്ത്ര മേഖലയില്‍ വലിയ കണ്ടുപിടിത്തങ്ങള്‍ ഇദ്ദേഹത്തിന്റെതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ജ്യോതിശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ യുക്തിപൂര്‍വമായ കണിശതയും ബല്‍ഖി വെച്ചുപുലര്‍ത്തിയിരുന്നില്ലെന്നാണ് ഒരു വിഭാഗം ആധുനിക പണ്ഡിതരുടെ അഭിപ്രായം. എങ്കിലും ജ്യോതിഷ മേഖലയില്‍ അനേകം പ്രായോഗികമായ പഠനസഹായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
886ല്‍ 99ാമത്തെ വയസ്സിലാണ് ഇറാഖില്‍ വെച്ചാണ് മഹാനായ ആ തത്വജ്ഞാനി അന്തരിച്ചത്.