ഇമാം റാസിക്ക് ശേഷം ഇസ്‌ലാമിക ലോകത്ത് ഏറ്റവും കൂടുതല്‍ പ്രശസ്തി നേടിയ ശാസ്ത്രജ്ഞനാണ് ഇബ്‌നു സീന. ലാറ്റിന്‍ ഭാഷയില്‍ ഇദ്ദേഹം 'അവിസെന്ന'യും ഹീബ്രുവില്‍ 'ഏവന്‍സീന'യുമായാണ് അറിയപ്പെടുന്നത്. വിജ്ഞാനലോകത്തെ പണ്ഡിതജ്യോതിസ്സും രാജകുമാരനുമായ ഇദ്ദേഹത്തെ അറബികള്‍ 'അശ്ശൈഖുര്‍റഈസ്' എന്ന് വിളിച്ചു.
വൈദ്യശാസ്ത്രം, തത്വചിന്ത, ഗണിത ശാസ്ത്രം, ജ്യോതി ശാസ്ത്രം, ദൈവശാസ്ത്രം എന്നീ മേഖലകളില്‍ ഗുരുവായ ഇമാം റാസിയെപ്പോലും മറികടന്ന സിദ്ധികളുള്ള മഹാവ്യക്തിത്വം. ഹി. 370/ക്രി.വ. 980ല്‍ ബുഖാറക്കു സമിപമുള്ള അഫ്ശാനയിലാണ് ജനനം. പത്താം വയസ്സില്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. എ ഡി 976 മുതല്‍ 997 വരെ ബുഖാറയില്‍ ഭരണം നടത്തിയ 'സമാനിദ് ഖലീഫ നൂഹ്ബ്‌നു മന്‍സൂറി'ന്റെ പ്രശസ്തമായ കൊട്ടാര ലൈബ്രറി ഉപയോഗിക്കാനുള്ള സൗഭാഗ്യം ലഭിച്ചു ഇബ്‌നു സീനയ്ക്ക്. അറബി ഭാഷാ വ്യാകരണം, സാഹിത്യകൃതികള്‍, ക്ലാസിക്കുകള്‍, സംഗീതം എന്നിവയിലും അഗാധ പാണ്ഡിത്യം നേടി.
ഇരുപത്തിയൊന്നാം വയസ്സില്‍ എഴുത്തിന്റെ മേഖലയിലേക്ക് അദ്ദേഹം പ്രവേശിച്ചു. 21 ബൃഹത് ഗ്രന്ഥങ്ങളും 24 ചെറുഗ്രന്ഥങ്ങളും ഫിലോസഫി, ഗണിതശാസ്ത്രം, മെഡിസിന്‍ തുടങ്ങിയ വിഷയങ്ങളിലായി 99 പ്രബന്ധസമാഹാരങ്ങളും ഇബ്‌നു സീന രചിച്ചിരുന്നതായി അല്‍ ഖിഫ്തി എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യശാസ്ത്രത്തില്‍ ഇദ്ദേഹത്തിന്റെ 'അല്‍ ഖാനുന്‍ ഫീത്വിബ്ബ്' (കാനന്‍ ഓഫ് മെഡിസിന്‍) എന്ന ഗ്രന്ഥം പത്താം നൂറ്റാണ്ടു വരെയുണ്ടായിരുന്ന വൈദ്യശാസ്ത്രത്തിലെ മുഴുവന്‍ അറിവുകളും ഉള്‍ക്കൊള്ളുന്നതാണ്. 1593ല്‍ റോമിലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ തന്നെ ജെറാഡ് ഓഫ് ക്രിമോണ ഈ ഗ്രന്ഥം ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്തിരുന്നു. ഗ്യാലന്റെയും മജൂസിയുടെയും റാസിയുടെയുമെല്ലാം രചനകളെ നിഷ്പ്രഭമാക്കിക്കൊണ്ട് പ്രചുരപ്രചാരം നേടാന്‍ ഈ കൃതിക്ക് സാധിച്ചു. ഈ ഗ്രന്ഥം പതിനഞ്ചാം നൂറ്റാണ്ടില്‍ മുപ്പതു വര്‍ഷത്തിനുള്ളില്‍ അഞ്ചു പതിപ്പിറക്കി. ലാറ്റിനില്‍ ഇത് 'മെറ്റീരിയ മെഡിക്ക' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇംഗ്ലീഷില്‍ 'കാനന്‍ ഓഫ് മെഡിസിന്‍' എന്ന പേരിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്വാസകോശാവരണ രോഗങ്ങളെക്കുറിച്ചും ക്ഷയരോഗത്തിന്റെ സാംക്രമിക സ്വഭാവത്തെക്കുറിച്ചും വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗം പകരുന്നതിനെക്കുറിച്ചും ഈ ഗ്രന്ഥത്തില്‍ ഇബ്‌നു സീന സവിസ്തരം പ്രതിപാദിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടു വരെ ലോകത്ത്, സര്‍വ്വകലാശാലകളില്‍ ഉള്‍പ്പെടെ ആധികാരിക വൈദ്യശാസ്ത്ര വിദ്യാര്‍ഥികളുടെ വഴികാട്ടിയായിരുന്നു ഈ ഗ്രന്ഥം. 760 വ്യത്യസ്ത മരുന്നുകളെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. നാഡിയുടെ ഓരോ മിഡിപ്പിനും രണ്ട് ചലനങ്ങളും രണ്ട് വിരാമങ്ങളും ഉണ്ടെന്നും അത് ഹൃദയത്തിലും ധമനികളിലുമുള്ള ചലനങ്ങളാണെന്നും ഇബ്‌നു സീന നിരീക്ഷിച്ചു. നാഡീ സ്പന്ദനത്തിന്റെ പത്ത് സവിശേഷതകളും 22 തരം അസാധാരണ സ്പന്ദനങ്ങളും പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ്.
തലച്ചോറിലെ ദ്രവ്യത്തിന്റെ സുപ്രധാന ഘടകങ്ങളായ സെറിബ്രല്ലാര്‍വോമിസും കൗഡേറ്റ് ന്യൂക്ലിയസും കണ്ടെത്തിയത് ഇബ്‌നു സീനയാണ്. ഇദ്ദേഹത്തിന്റെ നേത്രരോഗചികിത്സാ രംഗത്തെ കണ്ടുപിടുത്തങ്ങളാണ് ആധുനിക ഓഫ്താല്‍മോളജിയുടെ അടിത്തറ. ന്യൂറോ സൈക്കോട്ടിക് അവസ്ഥകളെ വിവരിച്ചതും ഫിസിയോളജിക്കല്‍ സൈക്കോളജിയെ രോഗചികിത്സക്കായി അംഗീകരിച്ചതും ഇദ്ദേഹമാണ്. കാത്സ്യം ചാനല്‍ ബ്ലോക്ക് ചെയ്യുന്ന രീതി 1960 വരെ പാശ്ചാത്യലോകത്ത് അപരിചിതമായിരുന്നു. ഇതിന്റെ ആദ്യ പ്രയോഗം നടത്തിയത് ഇദ്ദേഹമായിരുന്നു.
ഇദ്ദേഹത്തിന്റെ മഹത്തായ കൃതികളിലൊന്നാണ് 'കിത്താബുശ്ശിഫഃ'. 'ദി ബുക്ക് ഓഫ് ഹീലിങ്' അഥവാ ചികിത്സിച്ചു ഭേദമാക്കുന്ന പുസ്തകം. പതിനെട്ടു വാല്യങ്ങളുള്ള ഈ പുസ്തകത്തില്‍ ഭൂമിശാസ്ത്രം, തത്വചിന്ത, ഗണിതം, ഖനനം, അതിഭൗതിക ശാസ്ത്രം, തര്‍ക്കശാസ്ത്രം, മനശ്ശാസ്ത്രം എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു മഹാ വിസ്മയമാണ്. മിനറല്‍ ലോകം, വെജിറ്റബ്ള്‍ ലോകം, മൃഗലോകം എന്നീ മൂന്ന് ലോകങ്ങളെ ക്രമീകൃതമായി കൈകാര്യം ചെയ്യുന്ന ആദ്യത്തെ ഗ്രന്ഥവും ഇതാണ്. കാലാവസ്ഥാ ശാസ്ത്രം, മലകളുടെ രൂപീകരണം, ഭൂകമ്പങ്ങള്‍ക്കുള്ള പങ്ക്, ഉല്‍ക്കകളുടെ ഘടന, ഭൂകമ്പങ്ങളുടെ ഉത്ഭവം, കടലുകള്‍ ഊഷരമാകാനും തിരിച്ചാകാനുമുള്ള സാധ്യത, മല മുകളിലുള്ള ഫോസിലുകള്‍, ലോഹങ്ങള്‍ രൂപപ്പെടുന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം ഇതില്‍ പ്രതിപാദിക്കുന്നു.
ഊര്‍ജ്ജതന്ത്രത്തിലെ ശക്തി, കാലം, ചലനം എന്നിവയെയും ഇബ്‌നു സീന അപഗ്രഥിക്കുന്നുണ്ട്. ലോകത്ത് ആദ്യമായി സര്‍ജറിയില്‍ അനസ്‌തേഷ്യ ഉപയോഗിച്ച് ചരിത്രം സൃഷ്ടിച്ചതും അവിസെന്ന എന്ന ഇബ്‌നു സീന തന്നെ. 1980ല്‍ യുനസ്‌കോയുടെ നേതൃത്വത്തില്‍ സോവിയറ്റ് യൂണിയന്‍ ഇബ്‌നു സീനയുടെ ആയിരം ജന്‍മവാര്‍ഷികം ആഘോഷിച്ചിരുന്നു. ശാസ്ത്രചരിത്രത്തിലെ നിഷേധിക്കാനാവാത്ത പ്രതിഭയായി ഇസ്‌ലാമിന്റെ സംഭാവനയായ ഇബ്‌നു സീന പ്രശോഭിച്ചു നില്‍ക്കുന്നു.
ഹി. 428 ക്രി.വ. 1037 ലാണ് മരണം. ഹമദാന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇന്നും അദ്ദേഹത്തിന്റെ ഖബറിടം അവിടെ കാണാം.