തത്ത്വചിന്തകന്‍, ഗണിതശാസ്ത്രജ്ഞന്‍, ഗോളശാസ്ത്ര പണ്ഡിതന്‍, അറബി ഭാഷാ വിദഗ്ധന്‍. ശരിയായ പേര് അബൂബക്ര്‍ മുഹമ്മദുബ്‌നു യഹയസ്സ്വാഇഗ്. ഇബ്‌നു ബാജ്ജ എന്നറിയപ്പെട്ടു. അവിംപേസ് (Avempace) എന്ന പേരിലാണ് യൂറോപ്പില്‍ പ്രശസ്തനായത്. 11 ാം നൂറ്റാണ്ടിന്റെ ഏകദേശം അന്ത്യത്തില്‍ സരഗോസയില്‍ ജനിച്ചു. തുജിബ് കുടുംബത്തില്‍ ജനിച്ചതിനാല്‍ തുജീബി എന്നും പേരുണ്ട്. ആദ്യകാല ജീവിതത്തെക്കുറിച്ചോ ഗുരുനാഥന്‍മാരെക്കുറിച്ചോ വിവരങ്ങള്‍ ലഭ്യമല്ല.
ഇബ്‌നുബാജ്ജയുടെ പാണ്ഡിത്യത്തെക്കുറിച്ച് ചരിത്രകാരന്‍മാര്‍ ഏകാഭിപ്രായക്കാരാണ്. തന്റെ തലാഇദുല്‍ ഇഖ്‌യാനില്‍ ഇബ്‌നുബാജ്ജയെ മതപരിത്യാഗിയെന്നാക്ഷേപിച്ച് നിശിതമായി വിമര്‍ശിച്ച ഫത്ഹുബ്‌നു ഖാഖാന്‍ പോലും അദ്ദേഹത്തിന്റെ ബുദ്ധിവൈഭവത്തെയും ജ്ഞാനവൈപുല്യത്തെയും സമ്മതിക്കുന്നു. സമകാലികരായ ചരിത്രകാരന്‍മാര്‍ ഇബ്‌നുസീനയോടാണ് അദ്ദേഹത്തെ ഉപമിച്ചത്.
സരഗോസാ ഗവര്‍ണര്‍ അബൂബക്‌റുസ്സ്വഹ്‌റാബി അദ്ദേഹത്തെ മന്ത്രിയാക്കിയിരുന്നു. അറഗോണിലെ രാജാവ് അല്‍ഫോന്‍സോ ഒന്നാമന്‍ സ്വഹ്‌റാവിയെ കീഴ്‌പ്പെടുത്തിയപ്പോള്‍ ഇബ്‌നുബാജ്ജ സെവില്ല വഴി വലന്‍സിയയില്‍ എത്തി. അവിടെ വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടു. അവിടെ നിന്ന് ഗ്രാനഡയിലേക്കും പിന്നീട് വടക്കു പടിഞ്ഞാറന്‍ ആഫ്രിക്കയിലേക്കും തിരിച്ചു. പിന്നീട് ഫാസില്‍ എത്തിച്ചേര്‍ന്ന ഇബ്‌നുബാജ്ജയെ കഴിവും പാണ്ഡിത്യവും പരിഗണിച്ച് ഗവര്‍ണര്‍ അബൂബക്ര്‍ യഹ്‌യബ്‌നു യൂസുഫബ്‌നി താശുഫീന്‍ മന്ത്രിസ്ഥാനത്തേക്കുയര്‍ത്തി. 20 വര്‍ഷം മന്ത്രി പദവയില്‍ അദ്ദേഹം തുടര്‍ന്നു.
ഇബ്‌നു ബാജ്ജയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കള്‍ മതവിരുദ്ധനായി ചിത്രീകരിച്ചു. പലകുറി അദ്ദേഹത്തിനു നേരെ വധശ്രമം നടന്നു. 1138ല്‍ ഫാസില്‍ വെച്ച് ഇബ്‌നുസുഹ്ര്‍ എന്ന പ്രശസ്ത വൈദ്യന്‍ ഇബ്‌നു ബാജ്ജയെ വിഷം കൊടുത്തു കൊല്ലുകയായിരുന്നു.
വ്യാകരണം, സാഹിത്യം, ഗണിതശാസ്ത്രം, വൈദ്യം, ന്യായശാസ്ത്രം, ജോ്യതിശാസ്ത്രം, സംഗീതം, പ്രകൃതിശാസ്ത്രം, തത്ത്വചിന്ത എന്നിവയില്‍ അസാധാരണ വ്യുല്‍പത്തിയുള്ള പണ്ഡിതനായിരുന്നു ഇബ്‌നു ബാജ്ജ. രിസാലതുല്‍ വിദാഅ്, തദ്ബീറുല്‍ മുതവഹ്ഹിദ്, അഖ്‌ലാഖ്, കിതാബുന്നബാത്, രിസാലതു ഇത്തിസ്വാലുല്‍ അഖ്‌ലി ബില്‍ഇന്‍സാന്‍, കിതാബുന്നഫ്‌സ്, രിസാലതു ഗായതില്‍ ഇന്‍സാനിയ മുതലായവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. തര്‍ദിയ എന്ന അപൂര്‍വമായ ഒരു ഗീതകവും അദ്ദേഹത്തിന്റെതായി അറിയപ്പെടുന്നു.
അരിസ്‌റ്റോട്ടില്‍ കൃതികള്‍ ഇബ്‌നു ബാജ്ജ ആഴത്തില്‍ പഠിച്ചിരുന്നു. അരിസ്‌റ്റോട്ടിലിനെപോലെ ഭൗതിക ശാസ്ത്രത്തെ ആധാരമാക്കിയാണ് ഇബ്‌നുബാജ്ജയും മനശാസ്ത്ര സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചത്. ഇബ്‌നു ബാജ്ജയുടെ അഭിപ്രായത്തില്‍ ബുദ്ധിയാണ് മനുഷ്യന്റെ ഏറ്റവും പ്രധാന ഭാഗം. ബുദ്ധിയിലൂടെ മാത്രമാണ് ശരിയായ അറിവ് ലഭിക്കുകയെന്നും അദ്ദേഹം വിവക്ഷിക്കുന്നു. ഭരണനിര്‍വഹണം, രാഷ്ട്ര തന്ത്രം തുടങ്ങിയ വിഷയങ്ങളില്‍ അനേകം ഗ്രന്ഥങ്ങള്‍ ഇബ്‌നുബാജ്ജ രചിച്ചിട്ടുണ്ടെങ്കിലും അവയില്‍ 'തദ്ബീറുല്‍ മുതവഹ്ഹിദ്' എന്ന ഗ്രന്ഥം മാത്രമേ ഗവേഷകര്‍ക്കു ലഭിച്ചിട്ടുള്ളൂ. രിസാലതുല്‍ വിദാഇല്‍ അദ്ദേഹം രാഷ്ട്രത്തിന്റെ വ്യത്യസ്ത കര്‍മ്മങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ആധ്യാത്മികതയോട് ചായ്‌വുള്ളതാണ് ഇബ്‌നു ബാജ്ജയുടെ ദര്‍ശനം. ദൈവജ്ഞാനം നേടുന്നതിന് ഗസ്സാലിയുടെ മാര്‍ഗമാണ് അഭികാമ്യം എന്ന് അദ്ദേഹം കരുതി.
1138 (ഹി:533) ല്‍ ഇഹലോകവാസം വെടിഞ്ഞു.