പ്രകൃതി തത്വശാസ്ത്രത്തില്‍ നിന്ന് സ്വതന്ത്രമായി ഗോളോര്‍ജതന്ത്രത്തിന് (ആസ്‌ട്രോണമിക്കല്‍ ഫിസിക്‌സ് അഥവാ ആസ്‌ട്രോഫിസിക്‌സ്) രൂപം നല്‍കിയ മുസ്‌ലിം ജ്യോതിശ്ശാസ്ത്ര പണ്ഡിതനാണ് അല്‍ഖുഷ്ജി. ഊര്‍ജതന്ത്രത്തെ ജ്യോതിശ്ശാസ്ത്ര പഠത്തിനായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് അല്‍ ഖുഷ്ജി നടത്തിയത്.
ജ്യോതിശാസ്ത്രത്തില്‍ അതുവരെ നടന്ന പഠനങ്ങളും കണ്ടുപിടിത്തങ്ങളും സമര്‍ഥിച്ചിരുന്നത് തത്വശാസ്ത്രത്തിലൂടെയായിരുന്നു. ഇതില്‍ നിന്നുള്ള മാറ്റത്തിന് തുടക്കമെന്ന നിലയിലാണ് അല്‍ ഖുഷ്ജിയുടെ കണ്ടുപിടിത്തങ്ങള്‍ ഗണിക്കപ്പെടുന്നത്. ഭൂമി ഭ്രമണം ചെയ്യുന്നുണ്ടെന്ന് തത്വശാസ്ത്രത്തിന് അപ്പുറം നിന്നുകൊണ്ട് പ്രായോഗികമായ തെളിവുകള്‍ സഹിതം സമര്‍ഥിക്കാന്‍ ഖുഷ്ജി തന്റെ പ്രബന്ധങ്ങളിലൂടെ ശ്രമിക്കുന്നു. ഭൂമിയാണ് പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവെന്നും എല്ലാ ഗ്രഹങ്ങളും ഭൂമിയെ വലം വെക്കുകയാണ് ചെയ്യുന്നതെന്നുമുള്ള ടോളമിയുടെ കണ്ടുപിടിത്തങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയായിരുന്നു അല്‍ഖുഷ്ജിയുടെ കണ്ടുപിടിത്തങ്ങള്‍ എന്ന് പറയാം. ഭൂമി സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നുണ്ടെന്ന് പിന്നീട് കോപ്പര്‍നിക്കസ് സമര്‍ഥിച്ചെങ്കിലും അതിന് മുമ്പ് തന്നെ സമാന ആശയം അല്‍ ഖുഷ്ജി പങ്കുവെച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. ഗണിതശാസ്ത്രത്തിലും ഇദ്ദേഹത്തിന് അപാരമായ വ്യുല്‍പത്തിയുണ്ടായിരുന്നു.
1403ല്‍ ഉസ്ബക്കിസ്താനിലെ സമര്‍ഖന്തിലാണ് ജനനം. പിന്നീട് തുര്‍ക്കിയില്‍ സ്ഥിരതാമസമാക്കി. മുഴുവന്‍ പേര് അലാഉദ്ദീന്‍ അലിബ്‌നു മുഹമ്മദ്. അല്‍ ഖുഷ്ജി എന്ന പേരിലും അറിയപ്പെടുന്നു. വിഖ്യാത ജ്യോതിശ്ശാസ്ത്രജ്ഞനായ ഉലൂഗ്‌ബേഗിന്റെ പ്രശസ്ത ഗ്രന്ഥമായ സിജ് ഐ സുല്‍ത്താനിലും ഇദ്ദേഹത്തിന്റെ സംഭവാനകളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ലോകത്ത് ഇന്നും അല്‍ഭുതമായി നിലനില്‍ക്കുന്ന വാനനിരീക്ഷണാലയം സമര്‍ഖന്തില്‍ സ്ഥാപിക്കുന്നതിന് ഉലൂഗ് ബേഗ് ഖുഷ്ജിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഈ നിരീക്ഷണാലയം (ഒബ്‌സര്‍വേറ്ററി) ആണ് പിന്നീട് ഉലൂഗ് ബേഗ് വാനനിരീക്ഷണാലയം എന്ന് അറിയപ്പെട്ടത്. ഉലൂഗ് ബേഗ് വധിക്കപ്പെടുന്നത് വരെ ഖുഷ്ജി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു.
ശാഹിന്‍ സെമാന്‍ മദ്‌റസയുടെ സ്ഥാപകരിലൊരാളായിരുന്നു അല്‍ ഖുഷ്ജി. ഓട്ടോമന്‍ ഖലീഫമാരുടെ കാലത്ത് വ്യത്യസ്തവും പരമ്പരാഗതവുമായ ഇസ്‌ലാമിക ശാസ്ത്രത്തെക്കുറിച്ച് പഠനം നടത്തിയിരുന്ന സ്ഥാപനമാണ് ശാഹിന്‍ സെമാന്‍ മദ്‌റസ. ഉലൂഗ് ബേഗിന്റെ വിഖ്യാത ഗ്രന്ഥമായ 'സിജ് ഐ സുല്‍ത്താനി'ലും ഇദ്ദേഹത്തിന്റെ സംഭാവനകള്‍ ഉണ്ട്. ജ്യോതിശാസ്ത്രത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ അല്‍ ഖുഷ്ജി രചിച്ചിട്ടുണ്ട്. സമര്‍ഖന്തിലെ പഠനങ്ങള്‍ക്ക് ശേഷം ഇറാനിലെ കെര്‍മനിലേക്ക് പോവുകയും ഒമാന്‍ സമുദ്രത്തിലെ കൊടുങ്കാറ്റിനെ കുറിച്ച് ഗവേഷണം നടത്തുകയും ചെയ്തു. അവിടെ വെച്ചാണ് 'ഹാലെ ഇശ്കലി ഗമ്മാര്‍ (ചന്ദ്രന്റെ വിവിധ ഘട്ടങ്ങളുടെ നിര്‍വചനം), ശര്‍ഹി തജ്‌രിദ് എന്നീ ഗ്രന്ഥങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.
1470ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്റെ നിര്‍ദേശപ്രകാരമാണ് പേര്‍ഷ്യന്‍ ഭാഷയില്‍ 'റിസാലത്ത് ദര്‍ ഹയാത്ത്' എന്ന ഗ്രന്ഥം രചിക്കുന്നത്. ഉലൂഗ് ബേഗിന്റെ ഗവേഷക വലയത്തില്‍ ഉള്‍പ്പെടുന്ന നാസിറുദ്ദീന്‍ അല്‍ തൂസിയുടെ നിരീക്ഷണാലയം ഖുഷ്ജി വികസിപ്പിക്കുകയും മെര്‍ക്കുറിയില്‍ മറ്റൊരു മാതൃക നിര്‍മിക്കുകയും ചെയ്തു. ഖുഷ്ജിയുടെ രണ്ട് ഗ്രന്ഥങ്ങള്‍ (ട്രാക്ട് ഒണ്‍ അരിത്‌മെറ്റിക്, ട്രാക്ട് ഒണ്‍ ആസ്‌ട്രോണമി) 1650ല്‍ ജോണ്‍ ഗ്രീവ്‌സ് ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജ്യോതിശ്ശാസ്ത്രത്തില്‍ അരിസ്‌റ്റോട്ടിലിസത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. ഇസ്‌ലാമിക ജ്യോതിശാസ്ത്രത്തില്‍ നിന്നും അരിസ്‌റ്റോട്ടിലിന്റെ പ്രകൃതി തത്വശാസ്ത്രത്തെ വേര്‍തിരിച്ചതും ഖുഷ്ജിയായിരുന്നു.
1474 ഡിസംബര്‍ 16ന് ഇസ്താംബൂളില്‍ വെച്ചാണ് വിഖ്യാതനായ ആ ജ്യോതിശ്ശാസ്ത്രജ്ഞന്റെ അന്ത്യം