Skip to main content

അല്‍ മഹാനി

ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്ര പണ്ഡിതന്‍. എ ഡി 820ല്‍ ഇറാനിലെ മഹാന്‍ എന്ന സ്ഥലത്താണ് ജനനമെന്ന് കരുതുന്നു. ചന്ദ്രഗ്രഹണത്തെക്കുറിച്ചും സൂര്യഗ്രഹണത്തെക്കുറിച്ചും ഗഹനമായ പഠനം നടത്തി. ഗ്രഹങ്ങളുടെ ഒത്തുചേരലിനെക്കുറിച്ച് എ ഡി 853 മുതല്‍ 866 വരെ മഹാനി നടത്തിയ നിരീക്ഷണമാണ് പിന്നീട് ഇബ്‌നു യൂനുസിലൂടെ പുറംലോകം അറിഞ്ഞത്. യൂക്ലിഡിന്റെയും ആര്‍ക്കിമിഡീസിന്റെയും ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുകയും ഇസ്ഹാഖ് ബ്‌നു ഹുന്‍യാസ് പരിഭാഷപ്പെടുത്തിയ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ മെനാലസ് ഓഫ് അലക്‌സാണ്ട്രിയയുടെ ഗോളശാസ്ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥത്തെ പരിപോഷിപ്പിക്കുകയും ചെയ്തു. 

ഗണിതശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ ആര്‍ക്കിമിഡീയന്‍ പ്രോബ്ലത്തെ പരിഹരിക്കാന്‍ വൃഥാശ്രമം നടത്തി. അവസാനം അത് ചെന്നെത്തിയത് ക്യുബിക് ഇക്യുവേഷനിലാണ്. അറബ് ലോകത്ത് ഇത് പിന്നീട് മഹാനീസ് സമവാക്യം എന്നാണ് അറിയപ്പെട്ടത്.

മഹാനിയുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഇബ്ന്‍ യൂനുസ് ജ്യോതിശാസ്ത്രത്തില്‍ രചിച്ച കൈപ്പുസ്തകമായ അല്‍ സിജ് അല്‍ ഹാകിമല്‍ കബീറില്‍ മഹാനിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇബ്‌നു യൂനുസ് ഈ ഗ്രന്ഥത്തില്‍ മഹാനിയുടെ ചില ഉദ്ധരണികളും പ്രസ്താവിക്കുന്നതായി കാണാം. 853, 866 കാലഘട്ടങ്ങളില്‍ മഹാനി നടത്തിയ വാനനിരീക്ഷണങ്ങളെക്കുറിച്ചുള്ള വിവരണമായിരുന്നു ഇതില്‍ ഏറെയും. നിര്‍ഭാഗ്യവശാല്‍ അതും നഷ്ടപ്പെട്ടുപോയിരിക്കുന്നു. മഹാനിയുടെ ജീവിത കാലത്തെ കുറിച്ച് കൃത്യമായ ഒരു വിവരം ലഭിച്ചിരുന്നത് ഈ പുസ്തകത്തില്‍ നിന്ന് മാത്രമായിരുന്നു. ചന്ദ്രഗ്രഹണത്തെ സംബന്ധിച്ചാണ് മഹാനി കൂടുതലായും നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതെന്നാണ് ഇബ്‌നു യൂനുസ് വിശദീകരിക്കുന്നത്. 

അറബ് സാഹിത്യകാരന്‍മാരെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അടങ്ങിയ ഒരു സംക്ഷിപ്ത ഗ്രന്ഥമെന്ന നിലയില്‍ ഫിഹ്‌റിസ്റ്റ് 988ല്‍ ഇബ്നുന്നദീം പ്രസിദ്ധീകരിച്ചതോടെയാണ് അല്‍ മഹാനിയെക്കുറിച്ചും ജ്യോതിശാസ്ത്രത്തില്‍ അദ്ദേഹം നടത്തിയ നിരീക്ഷണത്തെക്കുറിച്ചുമുള്ള വിവരണങ്ങള്‍ കുറച്ചെങ്കിലും പിന്നീട് ലഭ്യമായത്. അരിത്‌മെറ്റിക്കിനെക്കാളും ജ്യോതിശാസ്ത്രത്തിലാണ് മഹാനി ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഗണിതശാസ്ത്രത്തില്‍ അദ്ദേഹം നടത്തിയ പല കണ്ടുപിടിത്തങ്ങളും ജ്യോതിശാസ്ത്ര സ്വഭാവമുള്ള വ്യത്യസ്ത വിഷയങ്ങളുടെ സ്വാധീനത്തിലായിരുന്നു. 

ആള്‍ജിബ്രയില്‍ ഇദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ ആര്‍ക്കിമിഡീയന്‍ പ്രോബ്ലങ്ങളെ പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ഉമര്‍ ഖയ്യാം ആള്‍ജിബ്രയുടെ ചരിത്രപരമായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. കൂട്ടത്തില്‍ മഹാനിയുടെ ചില ഉദ്ധരണികളും അദ്ദേഹം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. 880ല്‍ ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വെച്ചാണ് മഹാനിയുടെ അന്ത്യമെന്നാണ് കരുതുന്നത്. 
 

Feedback
  • Tuesday Apr 8, 2025
  • Shawwal 9 1446