Skip to main content

ഇബ്‌റാഹിം അല്‍ ഫസാരി

എട്ടാം നൂറ്റാണ്ടില്‍ ബഗ്ദാദിലെ അബ്ബാസിയ ഖലീഫയായിരുന്ന സുല്‍ത്താന്‍ അല്‍ മന്‍സൂറിന്റെ ഭരണകാലഘട്ടത്തില്‍ (എ ഡി 754/775) ജീവിച്ചിരുന്ന മുസ്‌ലിം ഗണിത ശാസ്ത്രജ്ഞനും ജ്യോതിശ്ശാസ്ത്ര പണ്ഡിതനുമാണ് ഇബ്‌റാഹീം അല്‍ ഫസാരി. മുഴുവന്‍ പേര് അബൂ ഇസ്ഹാഖ് ഇബ്‌റാഹീമുബ്‌നു ഹബീബ് ബ്‌നു സുലൈമാനുബ്‌നു സമൂറബ്‌നു ജുന്‍താബ്. അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ബ്‌നു ഇബ്‌റാഹീം അല്‍ ഫസാരിയും പ്രശസ്തനായ ജ്യോതി ശാസ്ത്രജ്ഞനായിരുന്നു. 

ഭാരതീയ-യവന ഗോളശാസ്ത്ര വിവരങ്ങള്‍ അറബികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതില്‍ അദ്വിതീയ സ്ഥാനമുള്ള ആളാണ് ഫസാരി. നക്ഷത്രദൂര മാപക യന്ത്രം ആദ്യമായി നിര്‍മിക്കുന്നത് ഇബ്‌റാഹീം അല്‍ ഫസാരിയുടെ നേതൃത്വത്തിലാണ്. നക്ഷത്രദൂര മാപകയന്ത്ര(ആസ്‌ട്രോലാബ്)വുമായി ബന്ധപ്പെട്ട അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 'അല്‍ സിജി'നെ ആസ്പദമാക്കി ഇന്ത്യയിലെ ജ്യോതിശ്ശാസ്ത്ര പണ്ഡിതന്‍മാര്‍ സംസ്‌കൃതത്തില്‍ രചിച്ച 'സിദിന്‍ത്' (പ്രബന്ധം) അറബിക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം ഇബ്‌റാഹീം അല്‍ ഫസാരിയും മകന്‍ മുഹമ്മദും ചേര്‍ന്നാണ് ശ്രമം ആരംഭിച്ചത്. യഅ്കൂബ് ബ്‌നു താരിഖ് എന്ന പണ്ഡിതനും ഇവരോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കാളിയായിരുന്നു. ഏതാണ്ട് എ ഡി 750ഓട് കൂടിയാണ് അല്‍ സിജ് അലാ സിന്‍ത് അല്‍ അറബ് എന്ന പേരില്‍ ഗ്രന്ഥ രചന പൂര്‍ത്തീകരിക്കുന്നത്. ഇന്ത്യന്‍ അക്കങ്ങള്‍ ഇറാനിലേക്കെത്താനുള്ള ഒരു വാഹനമായി സിദിന്‍തിന്റെ അറബ് പരിഭാഷ സഹായിച്ചിരിക്കാമെന്നാണ് കരുതുന്നത്. ഖാസിത എന്ന കവിത രചിച്ചതും അല്‍ ഫസാരിയാണ്. 777ലാണ് അദ്ദേഹത്തിന്റെ മരണം.


 

Feedback