Skip to main content

മഹമൂദ് അന്‍വരി

പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ കവി, ജ്യോതിശാസ്ത്രജ്ഞന്‍. മുഴുവന്‍ പേര് ഔഹദുദ്ദീന്‍ അലി ബ്‌നു മഹമൂദ് അന്‍വരി. 1126ല്‍ തുര്‍ക്കിസ്താനിലെ (ഇന്നത്തെ തുര്‍ക്ക്‌മെനിസ്താന്‍) അബിവാദില്‍ ജനിച്ചു. 
തൂണിലെ (ഇറാനിലെ ഇന്നത്തെ ഫിര്‍ദൗസ്) കോളെജിയറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ശാസ്ത്രവും സാഹിത്യവും പഠിക്കുന്നത്. അദ്ദേഹത്തിന്റെ കവിതകള്‍ കൂടുതലായും ശേഖരിക്കപ്പെട്ടത് കൊട്ടാര ദിവാന്‍മാര്‍ വഴിയാണ്.

അതില്‍ പ്രശംസ, സ്തുതി, ആക്ഷേപ ഹാസ്യം എന്നിവ അടങ്ങിയിരുന്നു. 'ഖുറാസാന്റെ കണ്ണീര്‍' (ടിയേഴ്‌സ് ഓഫ് ഖുറാസാന്‍) എന്ന കൃതി 1789ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ ഏറ്റവും മനോഹരമായ കൃതികളിലൊന്നായി ഇതിനെ ഗണിക്കുന്നു. പേര്‍ഷ്യന്‍ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തമായ മുഖമെന്നാണ് അന്‍വാരിയെ ദി കാംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇറാന്‍ വിശേഷിപ്പിക്കുന്നത്. 

വിശാല അര്‍ഥത്തിലുള്ള അന്‍വരിയുടെ കൃതികള്‍ അവയുടെ സാഹിത്യ ഭംഗിയോടൊപ്പം അര്‍ഥസങ്കീര്‍ണത കൊണ്ടും ശ്രദ്ധ നേടിയിരുന്നു. ഖുറാസാനിലെ സുല്‍ത്താനായ സഞ്ചാറിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തുന്ന അനവധി കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ രാജഭരണത്തിന് അനുകൂലമായിട്ടായിരുന്നു. അദ്ദേഹത്തിന്റെ കവിതാസമാഹാരത്തില്‍ ഖസ്വീദകളും ഗസലുകളും റുബാഇയാത്ത്, ഖിത്വ്ആത് തുടങ്ങിയ ചെറുകവിതകളും ഈരടികളും എല്ലാം ഉണ്ടായിരുന്നു. ക്രി.1189 ല്‍ അഫ്ഗാനിസ്താനിലെ ബല്‍ക് ഖുറാസാനില്‍ വെച്ചാണ് അന്തരിച്ചത്. 


 

Feedback