ജ്യോതിശാസ്ത്ര നിരീക്ഷണ പഠനങ്ങളില്‍ സമര്‍ഥനായിരുന്ന അബ്ദു റഹ്മാന്‍ (ഇബ്‌നു ഉമര്‍) അസ്സ്വൂഫിയുടെ പേര് എ ഡി 1800 വരെ പാശ്ചാത്യലോകത്തിന് അജ്ഞാതമായിരുന്നു. നിരവധി ഗ്രഹങ്ങളും നക്ഷത്രമണ്ഡലങ്ങളും നിരന്തരമായി നിരീക്ഷിച്ച് ഇദ്ദേഹം തയ്യാറാക്കിയ 'ഹാക്കിമിസ്റ്റ്' എന്ന നക്ഷത്രപ്പട്ടിക അസ്സ്വൂഫിയുടെ മഹത്തായ സംഭാവനയാണ്. വളരെ കൃത്യതയോടെ നക്ഷത്രങ്ങളുടെ സ്ഥാനക്രമം വിവരിക്കുന്ന പുതിയൊരു കാറ്റ്‌ലോഗ് ആയിരുന്നു അത്.
ഇറാനിലെ റേയില്‍ 903 ഡിസംബര്‍ ഒന്‍പതിന് ജനനം. മുഴുവന്‍ പേര് അബ്ദു റഹ്മാന്‍ അസ്സ്വൂഫി. പ്രശസ്തരായ ഒന്‍പത് മുസ്‌ലിം ജ്യോതിശാസ്ത്രജ്ഞരില്‍ ഒരാള്‍. പേര്‍ഷ്യയിലെ ഇസ്ഫഹാനില്‍ അമീര്‍ അദുദ് അദ്ദൗലയുടെ കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. പേര്‍ഷ്യന്‍ ജ്യോതിശാസ്ത്രജ്ഞനായ അല്‍ സ്വൂഫി പാശ്ചാത്യലോകത്ത് അസോഫി എന്നാണ് അറിയപ്പെട്ടത്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സ്വൂഫി പശ്ചാത്തലത്തില്‍ നിന്നുള്ള പണ്ഡിതനായിരുന്നു അദ്ദേഹം.
നക്ഷത്രത്തിലേക്കുള്ള ദൂരം അളക്കുന്നതുമായി ബന്ധപ്പെട്ട് എഴുതിയ കിത്താബുല്‍ അമിലി ബില്‍ അസ്തുല്ലാബ്, കിത്താബ് സൂര്‍ അല്‍ കവാകിബ് അല്‍ സാബിത, ബുക് ഓണ്‍ കോണ്‍സ്റ്റലേഷന്‍ ഓഫ് ഫിക്‌സഡ് ടാസ്‌ക്‌സ് എന്നീ ഗ്രന്ഥങ്ങളില്‍ ടോളമി ഉള്‍പ്പെടുത്താത്ത നിരവധി നക്ഷത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹത്തിന് നല്‍കാന്‍ സാധിച്ചു. 1924ല്‍ സര്‍പ്പിളാകാര ഗാലക്‌സിയാണെന്ന് പാശ്ചാത്യര്‍ തിരിച്ചറിഞ്ഞ ആന്‍ഡ്രോമിഡോ ഗാലക്‌സിയെക്കുറിച്ച് സൂചന നല്കിയത് അസ്സ്വൂഫിയാണ്. നക്ഷത്രങ്ങളുടെ സ്ഥാനവലിപ്പവും തിളക്കവും നിറവും അദ്ദേഹം പ്രവചിച്ചിട്ടുണ്ടായിരുന്നു.
83ാം വയസ്സില്‍ 986 മെയ് 25ന് ഇറാനിലെ ഷിറാസില്‍ വച്ച് അസ്സ്വൂഫി ഈ ലോകത്തു നിന്ന് വിടവാങ്ങി.