Skip to main content

മുഹമ്മദ് അല്‍ ഫസാരി

എട്ടാം നൂറ്റാണ്ടില്‍ ബഗ്ദാദിലെ അബ്ബാസിയ ഖലീഫയായിരുന്ന സുല്‍ത്താന്‍ അല്‍ മന്‍സൂറിന്റെ ഭരണകാലഘട്ടത്തില്‍ ജീവിച്ചിരുന്ന മുസ്‌ലിം ഗണിത, ജ്യോതിശാസ്ത്ര പണ്ഡിതന്‍. വിഖ്യാത ജ്യോതിശാസ്ത്രജ്ഞനായ ഇബ്‌റാഹിം അല്‍ ഫസാരിയുടെ മകന്‍.  ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയ 'അല്‍സിജി'നെ ആസ്പദമാക്കി ബ്രഹ്മഗുപ്തയുടെ കാലത്ത് ഇന്ത്യയിലെ ജ്യോതിശാസ്ത്ര പണ്ഡിതന്‍മാര്‍ സംസ്‌കൃതത്തില്‍ രചിച്ച 'സിദിന്‍ത്' (പ്രബന്ധം) അറബി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താന്‍ ഖലീഫയുടെ നിര്‍ദേശപ്രകാരം പിതാവ് ഇബ്‌റഹീം അല്‍ ഫസാരിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 

ഏഴാം നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന രാജാവാണ് ബ്രഹ്മഗുപ്തന്‍. യാക്കൂബ് ബ്‌നു താരിഖ് എന്ന പണ്ഡിതനും ഇവരോടൊപ്പം ഈ ഉദ്യമത്തില്‍ പങ്കാളിയായിരുന്നു. ഏതാണ്ട് എ.ഡി. 750 ഓട് കൂടിയാണ് 'അസ് സിജ് അലാ സിന്‍ത് അല്‍ അറബ്' എന്ന പേരില്‍ ഗ്രന്ഥരചന പൂര്‍ത്തീകരിക്കുന്നത്. ഇന്ത്യന്‍ അക്കങ്ങള്‍ ഇറാനിലേക്കെത്താനുള്ള ഒരു വാഹനമായി  സിദിന്‍തിന്റെ അറബ് പരിഭാഷ സഹായിച്ചിരിക്കാമെന്നാണ് കരുതുന്നത്. ശാസ്ത്രീയമായ പല ഗ്രന്ഥങ്ങളും അറബിയിലേക്കും പേര്‍ഷ്യയിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നക്ഷത്രദൂരമാപകയന്ത്രം സ്ഥാപിക്കുന്നതിലും പിതാവിനൊപ്പം പങ്കാളിയായിരുന്നു. ഇന്ത്യ, ഗ്രീക്ക്, സസാനിയന്‍ ഗ്രന്ഥങ്ങളില്‍ നിന്നും ജ്യോതിശാസ്ത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇസ്‌ലാമിക ലോകത്ത് പരിചയപ്പെടുത്തിയതില്‍ മുഹമ്മദ് അല്‍ ഫസാരിയുടെ പങ്ക് നിസ്തുലമാണ്. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെതായുള്ള ഗ്രന്ഥരചനകള്‍ ഇന്ന് ലോകത്ത് ലഭ്യമല്ല. 

അദ്ദേഹത്തിന്റെ ജീവചരിത്രത്തെ കുറിച്ചും കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇബ്‌റഹീം ബ്‌നു ഹബീബ് അല്‍ ഫസാരിയും മുഹമ്മദ് ബ്‌നു ഇബ്‌റഹീം ബ്‌നു ഹബീബ് അല്‍ ഫസാരിയും പിതാവും മകനുമാണെന്ന കാര്യത്തിലും മധ്യകാലഘട്ടത്തിലെ ജീവചരിത്രകാരന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. എങ്കിലും രണ്ട് പേരും ജ്യോതിശാസ്ത്രജ്ഞരായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നജഫിനടുത്തുള്ള (ഇപ്പോഴത്തെ ഇറാന്‍) കൂഫയിലാണ് ഫസാരിയുടെ വംശപരമ്പരകള്‍ ജീവിച്ചിരുന്നതായി അനുമാനിക്കുന്നത്. സുല്‍ത്താന്‍ മന്‍സ്വൂറിന്റെ കൊട്ടാരത്തിലെ ജ്യോതിശാസ്ത്രജ്ഞരായിരുന്നു ഇരുവരും. പിന്നീട് ജ്യോതിശാസ്ത്രത്തെ കുറിച്ച് 'ഖാസിത ഫീ ഇല്‍മ്' എന്ന കവിത രചിച്ചു. അതേസമയം 11ാം നൂറ്റാണ്ടില്‍ അല്‍ബറൂനി മുഹമ്മദ് ഫസാരിയുടെ സിദ്ധാന്തങ്ങളെ വിമര്‍ശിക്കുന്നുണ്ട്. അല്‍ സിദിന്‍ത് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ വ്യാഖ്യാനങ്ങളില്‍ തെറ്റുകള്‍ കടന്നുകൂടിയെന്നാണ് ബിറൂനിയുടെ അഭിപ്രായം. എങ്കിലും ഗണിതശാസ്ത്രത്തില്‍ ഇദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ അപാരമായിരുന്നു. 796ലോ 806ലോ ഇറാഖില്‍ വെച്ചാണ് മുഹമ്മദ് ഫസാരി അന്തരിച്ചതെന്നാണ് നിഗമനം. 

Feedback