പത്തു നൂറ്റാണ്ടു മുമ്പ് കാലഗണനയെക്കുറിച്ചും ഗോള ചലനത്തെക്കുറിച്ചും വിശദമായി പ്രതിപാദിച്ച് ഗ്രന്ഥങ്ങളെഴുതിയ ഗോള ഗണിത ശാസ്ത്രജ്ഞന്‍. തത്വചിന്തകന്‍ കൂടിയായിരുന്ന ഇദ്ദേഹം ഹി. നാലാം നൂറ്റാണ്ടില്‍ ഖുറാസാനില്‍ ജീവിച്ചു. ശരിയായ പേര് മുഹമ്മദുബ്‌നുല്‍ ഹുസൈനില്‍ ഖാസിന്‍.
ബുവൈഹികളുടെ കൊട്ടാര ശാസ്ത്രജ്ഞന്‍മാരിലൊരാളായ ഖാസിന്‍, സുല്‍ത്താന്‍ റുക്‌നുദ്ദൗലയുടെ മന്ത്രി അബുല്‍ ഫദ്‌ലിബ്‌നുല്‍ അമീദിന്റെ ആശ്രിതനായിരുന്നു. അബുല്‍ഫദ്‌ലിന്റെ നിര്‍ദേശപ്രകാരം 960ല്‍ (ഹി:349) കാശാനില്‍ അദ്ദേഹം ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. സംഖ്യകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഖാസിന്‍ മുഖ്യമായും ഏര്‍പ്പെട്ടത്. ഈവിഷയത്തില്‍ ആര്‍ക്കമഡീസിന്റെ ഒരു തത്വം അദ്ദേഹം നിര്‍ധാരണം ചെയ്തു. ഘനസമീകരണം എന്നാണ് അത് അറിയപ്പെട്ടത്. 'അല്‍മസാഇലുല്‍ അദദിയ്യ' ആണ് ഗണിതശാസ്ത്രത്തില്‍ അദ്ദേഹത്തിന്റെ പ്രധാന കൃതി.
ഗോളശാസ്ത്രസംബന്ധമായി ധാരാളം പഠനഗവേഷണങ്ങള്‍ നടത്തിയ ഖാസിന്‍ പ്രസ്തുത വിഷയത്തില്‍ കനപ്പെട്ട ഒരുപാട് ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. വാനനിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന 'അല്‍ആലാതുല്‍ അജീബതുര്‍ റസ്വ്ദിയ്യ' എന്ന കൃതി പ്രസിദ്ധമാണ്. അക്ഫാനി ഇര്‍ശാദുല്‍ ഖാസ്വിദിലും ഇബ്‌നുഖല്‍ദൂന്‍ മുഖദ്ദിമയിലും പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു.
ഖാസിന്റെ 'സീജുസ്സ്വഫാഇഹ്' ദീര്‍ഘമായ ആമുഖവും നിരവധി ലേഖനങ്ങളുമടങ്ങിയ കൃതിയാണ്. ഗോളങ്ങളുടെ മുമ്പോട്ടും പിമ്പോട്ടുമുള്ള ചലനങ്ങള്‍ പ്രസ്തുത കൃതിയില്‍ വിശദമാക്കിയിട്ടുണ്ടെന്ന് അല്‍ബിറൂനി രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുല്‍ഖിഫ്ത്വിയും 'സീജുസ്സ്വഫാഇഹി'നെ പ്രശംസിച്ചിട്ടുണ്ട്. കാലഗണനാശാസ്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'അല്‍മദ്ഖലുല്‍ കബീറു ഫീ ഇല്‍മിന്നുജൂം', പ്രപഞ്ചഘടനയെക്കുറിച്ച് വിശകലനം ചെയ്യുന്ന 'സിര്‍റുല്‍ ആലമീന്‍' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ഗ്രന്ഥങ്ങള്‍. 'സിര്‍റുല്‍ ആലമീനി'ല്‍ രണ്ടു ലേഖനങ്ങളാണുള്ളത്. ആദ്യത്തേതില്‍ ഇബ്‌നുല്‍ ഹൈഥമിന്റെ പ്രപഞ്ച സങ്കല്‍പങ്ങള്‍ വലിയിരുത്തുന്നു. ടോളമിയുടെ നിഗമനങ്ങളെ ആധാരമാക്കി നടത്തിയ നിരീക്ഷണങ്ങളിലൂടെ ഭൂമിയും സൂര്യനും ചുറ്റിക്കറങ്ങുന്നത് വ്യത്യസ്ത രീതിയിലാണെങ്കിലും അവ തമ്മിലുള്ള ദൂരം ഒന്നുതന്നെയായിരിക്കുമെന്ന് ഖാസിന്‍ സമര്‍ഥിക്കുന്നു. ഭൂമിയുടെ തെക്കും വടക്കും ഭാഗങ്ങളില്‍ ഒരേ ചൂടും ഒരേ തണുപ്പുമുള്ള രണ്ടു മേലഖകളുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു നിഗമനം.
ജ്യോതിശ്ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും തല്‍പരനായിരുന്നു അദ്ദേഹം. അരിസ്‌റ്റോട്ടില്‍ രചിച്ച ഒരു ഗോളശാസ്ത്രഗ്രന്ഥത്തിന്റെ ആദ്യ ഭാഗത്തിന് അബൂസൈദില്‍ ബല്‍ഖി എഴുതിയ വ്യാഖ്യാനം ഖാസിന്ന് സമര്‍പ്പിച്ചതായി ഇബ്‌നുന്നദീമും ഇബ്‌നുല്‍ഖിഫ്ത്വിയും രേഖപ്പെടുത്തിയിട്ടുണ്ട്. തത്വശാസ്ത്രത്തില്‍ അദ്ദേഹത്തിനുള്ള താത്പര്യമാണ് ഇത് വിളിച്ചോതുന്നത്. യൂക്ലിഡിന്റെ ഗ്രന്ഥത്തിന്റെ അറബിഭാഷ്യമായ കിതാബുല്‍ ഉസ്വൂലിലെ 10ാമത്തെ ലേഖനത്തിനുള്ള വ്യാഖ്യാനം, കിതാബുന്‍ ഫില്‍അബ്ആദി വല്‍അജ്‌റാം,
മീസാനുല്‍ ഹിക്മ തുടങ്ങിയവയാണ് മറ്റു പ്രധാന ഗ്രന്ഥങ്ങള്‍.
എഡി 960ല്‍ (ഹിജ്‌റ 349) മരണപ്പെട്ടു.