ജ്യോതിശാസ്ത്ര രംഗത്തെ ഒരു ഇതിഹാസമായിരുന്നു നാസിറുദ്ദീന്‍ അല്‍ ത്വൂസി. ക്രിസ്തുവര്‍ഷം 1259ല്‍ 1,000 അടി നീളവും 400 അടി വീതിയുമുള്ള ഒരു വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും നിരീക്ഷണങ്ങള്‍ക്കാവശ്യമായ വിവിധ ഉപകരണങ്ങളും അതിലുണ്ടായിരുന്നു. ഈ വാനനിരീക്ഷണ കേന്ദ്രമാണ് പിന്നീട് റസാദ് ഖാനെ ഒബ്‌സര്‍വേറ്ററി എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്നത്.
മുഴുവന്‍ പേര് ഖ്വാജ മുഹമ്മദ് ബ്‌നു മുഹമ്മദ് ബ്‌നു ഹസന്‍ ത്വൂസി. 1201 ല്‍ ഖുറാസാനിലെ ത്വൂസില്‍ ശീആ കുടുംബത്തില്‍ ജനനം. ചെറുപ്പത്തിലേ പിതാവ് മരിച്ചു. സ്‌കോളര്‍ഷിപ്പോടെ പഠനം തുടര്‍ന്നു. നിഷാപൂരില്‍ പോയി ഫരീദുദ്ദീന്‍ ദമാദിന്റെ കീഴില്‍ തത്വശാസ്ത്രവും മുഹമ്മദ് ഹസിബിനു കീഴില്‍ ഗണിതശാസ്ത്രവും പഠിച്ചു. സൂഫി പണ്ഡിതനായിരുന്ന ഫരീദുദ്ദീന്‍ അത്തറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മൊസൂളില്‍ കമാലുദ്ദീന്‍ യൂനുസില്‍ നിന്ന് ഗണിതശാസ്ത്രവും ജ്യോതിശാസ്ത്രവും പഠിച്ചു.
ഗണിതശാസ്ത്രത്തിലെ ഒരു പ്രമുഖ ശാഖയായ ട്രിഗണോമെട്രി ആവിഷ്‌കരിച്ച പ്രസിദ്ധ ഗണിത ശാസ്ത്രജ്ഞനാണ് നാസിറുദ്ദീന്‍ അല്‍ ത്വൂസി. ജ്യോമെട്രിയിലും അദ്ദേഹം ധാരാളം സംഭാവനകള്‍ നല്കി. ഗണിതശാസ്ത്രത്തില്‍ യൂക്ലിഡില്‍ നിന്ന് വേറിട്ട വഴികള്‍ അവലംബിച്ചു. ട്രിഗണോ മെട്രി കണ്ടുപിടിച്ചത് ലെവി വെഞ്ചബ്‌സനോ, റെജിയോ മോണ്ടനെസോ എന്ന കാര്യം ഗണിതശാസ്ത്ര ചരിത്രകാരന്‍മാര്‍ യൂറോപ്പില്‍ വാശിയോടെ ചര്‍ച്ച ചെയ്യുമ്പോള്‍ ആ കണ്ടു പിടുത്തം നടത്തിയത് നാസിറുദ്ദീന്‍ അല്‍ ത്വൂസിയാണെന്ന് പ്രസിദ്ധ ജര്‍മന്‍ പണ്ഡിതനായ ബ്രൗണ്‍ മോള്‍ പ്രാമാണികമായി സമര്‍ഥിക്കുകയുണ്ടായി.
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ ഇദ്ദേഹം അളന്നു തിട്ടപ്പെടുത്തി. ഭൂമി സ്ഥിരമാണ് എന്ന ടോളമിയുടെ നിരീക്ഷണത്തെ അല്‍ത്വൂസി ഖണ്ഡിക്കുകയും ഭൂമി കറങ്ങുന്നുണ്ടെന്ന വാദം സമര്‍ഥിക്കുകയും ചെയ്തു. പില്‍ക്കാലത്ത് കോപ്പര്‍നിക്കസിന്റെ സൗരകേന്ദ്ര സിദ്ധാന്തവുമായി യോജിക്കുന്നതായിരുന്നു ഇത്.
13ാം നൂറ്റാണ്ടില്‍ നാസിറുദ്ദീന്‍ അല്‍ ത്വൂസിക്ക് ശേഷം അറബ് ജ്യോതിശാസ്ത്രത്തിന്റെ വളര്‍ച്ച മുരടിച്ചു. മംഗോളിയന്‍ രാജാവായിരുന്ന ചെങ്കിസ് ഖാന്‍ ഖുറാസാന്‍ കീഴടക്കുകയും ത്വൂസിയുടെ നാടായ റെയ്ത് നഗരം നശിപ്പിക്കുകയും ചെയ്തു. മുള്‍ട്ടാസിയ സര്‍വകലാശാല ഉള്‍പ്പെടെ പല സാംസ്‌കാരിക സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടപ്പോള്‍ അല്‍ ത്വൂസി ബൈത്തു ഹിക്മയിലെ അര ലക്ഷത്തോളം വരുന്ന ഗ്രന്ഥങ്ങള്‍ ശേഖരിച്ച് മറാഇല്‍ ഒരു ഗ്രന്ഥശാല സ്ഥാപിച്ചു. പിന്നീടത് നാലു ലക്ഷത്തോളം ഗ്രന്ഥങ്ങളുള്ള മികച്ചൊരു വായനശാലയായി ഉയര്‍ന്നു.
അല്‍ ത്വൂസിയുടെ ജ്യോതിശാസ്ത്ര സംഭാവനകള്‍ പരിഗണിച്ച് 1979ല്‍ ഒരു റഷ്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഒരു ഛിന്ന ഗ്രഹത്തിന് '102669 തൂസറി' എന്ന് നാമകരണം ചെയ്തു. ചന്ദ്രനിലെ 64 കി.മീ. വ്യാസമുള്ള ഒരു ഗര്‍ത്തത്തിന് 'നാസിറുദ്ദീന്‍ ഗര്‍ത്തം' എന്നും പേരിട്ടിരുന്നു. ഇറാനിലെ കെ എന്‍ ത്വൂസി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും ഇദ്ദേഹത്തിന്റെ സ്മരണാര്‍ഥം നിര്‍മിക്കപ്പെട്ടതാണ്.
അല്‍ ത്വൂസിയുടെ നൂറ്റിഅമ്പതോളം കൃതികളില്‍ 25 എണ്ണം പേര്‍ഷ്യന്‍ ഭാഷയിലും ബാക്കിയുള്ളത് അറബി ഭാഷയിലുമാണ്. ബഗ്ദാദിലെ അല്‍ ഖാസിമിയ്യയില്‍ 1274 ജൂണ്‍ 26ന് മരിച്ചു.