പത്താം നൂറ്റാണ്ടില്‍ മധ്യേഷ്യയില്‍ ജീവിച്ചിരുന്ന ജ്യോതിശാസ്ത്രജ്ഞന്‍, ഗണിതശാസ്ത്ര പണ്ഡിതന്‍. അഫ്ഗാന്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ താജികിസ്താനിലെ ഖുജന്‍ത് എന്ന സ്ഥലത്ത് എ.ഡി. 940ല്‍ ജനിച്ചു.
എ ഡി 994ല്‍ ലോകത്തിലാദ്യമായി ഇറാനിലെ 'റെ' നഗരത്തില്‍ വലിയ വാനനിരീക്ഷണാലയം (മ്യൂറല്‍ സെക്സ്റ്റന്റ്) സ്ഥാപിച്ചതിലൂടെ ലോകപ്രശസ്തനായി. ചുമരില്‍ പതിക്കാവുന്ന വലിയ ചിത്ര രൂപത്തിലായിരുന്നു ഇതിന്റെ നിര്‍മാണം. ഗ്രഹങ്ങളുടെ ഭ്രമണത്തിനനുസരിച്ച് മാറിമറിയുന്ന ധ്രുവങ്ങളുടെ കൃത്യമായ ദിശ നിര്‍ണയിക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉദാഹരണത്തിന് ഭൂമി കറങ്ങുന്നതിനനുസരിച്ചാണ് ഉത്തരധ്രുവത്തിലും ദക്ഷിണ ധ്രുവത്തിലും കാലങ്ങള്‍ (വര്‍ഷകാലം, വേനല്‍ കാലം) മാറി മാറി വരുന്നത്. ഗ്രഹങ്ങളുടെ ഭ്രമണത്തിനനുസരിച്ച് ധ്രുവങ്ങളുടെ ദിശയില്‍ വലിയ അളവില്‍ മാറ്റം സംഭവിക്കുന്നുണ്ടെന്നായിരുന്നു ഖുജന്ദിക്ക് മുമ്പുള്ള ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നത് (23 ഡിഗ്രി 32, 19).
എന്നാല്‍ ഖുജന്ദി കണ്ടുപിടിച്ച പുതിയ രീതി പ്രകാരം ഗ്രഹങ്ങളുടെ ഭ്രമണത്തിനനുസരിച്ചുള്ള ധ്രുവങ്ങളുടെ മാറ്റത്തിന്റെ സമയം ഏതാണ്ട് രണ്ട് മിനിറ്റോളം കുറവാണ്. അദ്ദേഹം സ്ഥാപിച്ച വാനനിരീക്ഷണാലയത്തിന്റെ വലിപ്പം കൊണ്ടായിരിക്കാം ഈ വ്യത്യാസം അനുഭപ്പെടുന്നതെന്നാണ് ആധുനിക ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. അല്‍ബിറൂനിയുടെ 'തഹദിത്' എന്ന ഗ്രന്ഥത്തിലും ഇതേകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അല്‍ ഖുജന്ദിയുടെ ഗവേഷണാലയത്തിന്റെ ഭാരം മൂലമാകാം സമയത്തിന്റെ കുറവ് രേഖപ്പെടുത്താന്‍ കാരണമെന്നാണ് അല്‍ബിറൂനി നിരീക്ഷിക്കുന്നത്. ആധുനിക കാലഘട്ടത്തില്‍ കൃത്യമായ സമയം നിര്‍ണയിക്കാന്‍ സാധിക്കുന്നത് ഖുജന്ദിയുടെ കണ്ടുപിടിത്തത്തിലൂടെയാണ്. സെക്കന്‍ഡുകള്‍ കണക്കാക്കി കൃത്യമായ സമയം നിര്‍ണയിക്കാന്‍ ഇദ്ദേഹത്തിന്റെ ഗവേഷണം സഹായിച്ചിട്ടുണ്ട്. പേര്‍ഷ്യയിലെ ബുവൈഹിദ് അമീറിന്റെ രാജവംശത്തിന് കീഴിലാണ് ഖുജന്ദിയുടെ കണ്ടുപിടിത്തങ്ങളിലേറെയും നടന്നതെന്നാണ് കരുതുന്നത്.
ഉത്തര,ദക്ഷിണ അയനാന്തരേഖകള്‍ക്ക് (ട്രോപ്പിക്ക്) സമീപത്തുകൂടി തുടര്‍ച്ചയായുള്ള സൂര്യന്റെ സംക്രമണത്തെ കുറിച്ചും ഖുജന്ദി തന്റെ യന്ത്രത്തിലൂടെ നിരീക്ഷിച്ചറിഞ്ഞു. വേലിയേറ്റത്തെക്കുറിച്ചും വേലിയിറക്കത്തെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചത് ഈ നിരീക്ഷണത്തിലൂടെയാണ്.
ഗണിതശാസ്ത്രത്തിലും അദ്ദേഹത്തിന്റെ നൈപുണ്യം അപാരമായിരുന്നു. 'സ്‌ഫെറിക്കല്‍ ലോ ഓഫ് സൈന്‍സ്' സിദ്ധാന്തം ആദ്യമായി കണ്ടുപിടിച്ചത് ഖുജന്ദി ആയിരുന്നുവെന്നാണ് നിഗമനം. അബു നാസര്‍ മന്‍സൂര്‍, അബു വഫാ, നാസിറുദ്ദീന്‍ അല്‍ തൂസി തുടങ്ങിയ വിഖ്യാത ഗണിതശാസ്ത്രജ്ഞര്‍ക്ക് മുമ്പാണോ ഈ കണ്ടുപിടിത്തം നടത്തിയതെന്ന കാര്യത്തില്‍ കൃത്യമായ വിവരമില്ല. ഖുജന്ദിയുടെ ജീവിതകാലത്തെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ സമകാലികനായ നാസിറുദ്ദീന്‍ അല്‍ തൂസിയുടെ പുസ്തകങ്ങളില്‍ അല്‍ ഖുജന്ദിയെ പരാമര്‍ശിക്കുന്നുണ്ട്. ഇതു പ്രകാരം കുത്ശന്ത് നഗരത്തില്‍ നിന്നാണ് ഖുജന്ദിയുടെ വരവെന്നാണ് നിഗമനം. എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ പിടിച്ചടക്കിയ സിര്‍ഡാറിയ നദിക്കരയിലെ ഒരു നഗരമാണ് കുത്ശന്ത്. മംഗോളി ഗോത്ര വര്‍ഗത്തില്‍പ്പെട്ട ഒരു ഭരണാധികാരിയായിരുന്നു ഖുജന്ദിയെന്നാണ് അല്‍ തൂസി അഭിപ്രായപ്പെടുന്നത്.