വിസ്തീര്‍ണം : 143,100 ച.കി.മി
ജനസംഖ്യ : 8,646,000 (2016)
അതിരുകള്‍ : കിഴക്ക് ചൈന, തെക്ക് അഫ്ഗാനിസ്താന്‍, വടക്കു പടിഞ്ഞാറ് ഉസ്ബകിസ്താന്‍, വടക്ക് കിര്‍ഗിസ്താന്‍
തലസ്ഥാനം : ദുഷാന്‍ബെ
മതം : ഇല്ല (98% മുസ്‌ലിംകള്‍)
ഭാഷ : താജിക്
കറന്‍സി : സൊമോനി
വരുമാന മാര്‍ഗം : പെട്രോളിയം, ഗ്യാസ്, കല്‍ക്കരി, പരുത്തി, മുന്തിരി.
പ്രതിശീര്‍ഷ വരുമാനം : 1240 ഡോളര്‍ (2016)
ചരിത്രം:
തുര്‍ക്ക്‌മെനിസ്താന്‍, ഉസ്ബകിസ്താന്‍, കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുടെ ചരിത്രം തന്നെയാണ് ഇസ്‌ലാം കടന്നുവന്ന കാര്യത്തില്‍ താജിക്കിസ്താന്റേതും. എട്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അഥവാ ക്രി.വ. 710ലാണ് ഉമയ്യ ഭരണാധികാരിയായ വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്ത് മുസ്‌ലിംകള്‍ മാവറാ അന്നഹ്ര്‍ (ട്രാന്‍സോക്‌സാനിയ) പിടിച്ചടക്കുന്നത്. താജിക്കിസ്താന്‍ ഉള്‍പ്പെടെയുള്ള, മുകളില്‍ പറഞ്ഞ അഞ്ച് റിപ്പബ്ലിക്കുകളും ട്രാന്‍സോക്‌സാനിയ വിഭജിച്ചുണ്ടായതാണ്. തുടര്‍ന്ന് രണ്ടു നൂറ്റാണ്ടുകളോളം സാമാനിയാക്കളാണ് ഈ രാജ്യങ്ങളെ നയിച്ചത്.
ഏഷ്യക്കെന്നല്ല, ലോകത്തിനു തന്നെ വെളിച്ചം പകര്‍ന്ന ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇബ്‌നുസീന തുടങ്ങിയ വിശ്രുത പണ്ഡിതരുടെ ജൂന്മഗൃഹങ്ങളായ ബുഖാറ, ഖുറാസാന്‍, സമര്‍ഖന്ദ് തുടങ്ങിയ ചരിത്ര നഗരങ്ങള്‍ താജിക്കിസ്താന്‍ ഉള്‍പ്പെടുന്ന മധ്യേഷ്യയിലാണ്.
സാര്‍ ഭരണകൂടത്തിന്റെ കൈപ്പിടിയിലും തുടര്‍ന്നുണ്ടായ റഷ്യന്‍ വിപ്ലവത്തില്‍ സോവിയറ്റ് യൂണിയനിലെ കമ്യുണിസ്റ്റ് വാഴ്ചയിലും നൂറ്റാണ്ടുകള്‍ ഈ സംസ്‌കാരം ഉറങ്ങുകയോ നശിക്കുകയോ ചെയ്തു. ഒടുവില്‍ മതബോധം ഉണര്‍ന്നപ്പോള്‍ സോവിയറ്റ്റഷ്യ തകര്‍ന്നു. അങ്ങനെ മറ്റു റിപ്പബ്ലിക്കുകളോടൊപ്പം താജിക്കിസ്താനും 1990കളില്‍ സ്വാതന്ത്ര്യത്തിന്റെ വഴിയിലെത്തി.
മതേതര ഭരണഘടന പ്രാബല്യത്തിലുള്ള രാജ്യത്ത് ഇപ്പോള്‍ 99 ശതമാനത്തോളം ജനങ്ങളും മുസ്‌ലിംകളാണ്. ഇസ്‌ലാമിക ഭരണത്തിനായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും രംഗത്തുണ്ട്. റഷ്യയും ഇറാനും പിന്തുണയ്ക്കുന്ന വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിനു രാജ്യം സാക്ഷിയായി. പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട കലഹത്തിന് 1999ലാണ് അവസാനമാകുന്നത്.
1994 മുതല്‍ ഇമോമലി റഹ്മാനാണ് താജിക് പ്രസിഡന്റ്. 2013ല്‍ നാലാം തവണയും ഇദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. അബ്ദു കോഹിര്‍ റസൂല്‍സോദയാണ് 2013 മുതല്‍ പ്രധാനമന്ത്രി (2018). ഇരുവരും രാജ്യത്തെ പ്രമുഖ കക്ഷിയായ പീപ്പ്ള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് താജികിസ്താന്‍ നേതാക്കളാണ്. ഇാജ്യത്തെ പ്രതിശീര്‍ഷ വരുമാനത്തിന്റെ 47%വും സംഭാവന ചെയ്യുന്നത് പ്രവാസികള്‍ രാജ്യത്തേക്കയക്കുന്ന പണമാണ്. 2014ല്‍ വിദേശത്തു നിന്നുള്ള പണമയപ്പിനെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ താജികിസ്താന്റേതായിരുന്നു. പൗരന്മാരില്‍ കൂടുതല്‍ പേരും റഷ്യന്‍ ഫെഡറേഷനിലാണ് തൊഴില്‍ കുടിയേറ്റം നടത്തിയിരിക്കുന്നത്.