Skip to main content

ഉസ്‌ബെകിസ്താന്‍

വിസ്തീര്‍ണം : 447,400 ച.കി.മി
ജനസംഖ്യ : 32,979,000 (2017)
അതിരുകള്‍ : വടക്ക് കസാഖിസ്താന്‍, കിഴക്ക് കിര്‍ഗിസ്താന്‍, പടിഞ്ഞാറ് തുര്‍ക്കിസ്താന്‍, തെക്ക് അഫ്ഗാനിസ്താന്‍
തലസ്ഥാനം : താഷ്‌ക്കന്‍ഡ്
മതം : ഇല്ല (96% മുസ്‌ലിംകള്‍)
ഭാഷ : ഉസ്‌ബെക്ക്
കറന്‍സി : ഉസ്‌ബെകിസ്താനി സം
വരുമാന മാര്‍ഗം : പരുത്തി, പ്രകൃതി വാതകം
പ്രതിശീര്‍ഷ വരുമാനം : 6,990 ഡോളര്‍ (2017)

ചരിത്രം:

അമവി ഭരണാധികാരി വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കാലത്ത് പൗരസ്ത്യ രാജ്യങ്ങള്‍ക്കായി ഒരു വൈസ്രോയിയുണ്ടായിരുന്നു! വിശ്രുത സൈന്യാധിപനായിരുന്ന ഹജ്ജാജുബ്‌നു യൂസുഫ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ഇസ്‌ലാം പരിചയപ്പെടുത്താന്‍ യത്‌നിച്ചത് അദ്ദേഹമാണ്. ഹജ്ജാജിനു കീഴിലെ ഖുറാസാനില്‍ ഖുതൈ്വബയെ അദ്ദേഹം ഗവര്‍ണറാക്കി. ഖുതൈബ ക്രി.വ 711ല്‍ മധ്യേഷ്യയിലെത്തി മാവറാ അന്നഹ്‌റി (ട്രാന്‍സോക്‌സിയാന) ബുഖാറ, ഖുവാറസ്മ്, സമര്‍ഖന്ദ് എന്നീ പ്രദേശങ്ങള്‍ അദ്ദേഹം ജയിച്ചടക്കി.

ഇവിടത്തെ പ്രദേശവാസികള്‍ മധ്യേഷ്യന്‍ തുര്‍ക്കികളായ ബുദ്ധമതക്കാരായിരുന്നു. ഇവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കാന്‍ ഖുതൈ്വബ സംവിധാനമൊരുക്കിയതോടെ അവര്‍ കൂട്ടത്തോടെ മുസ്‌ലിംകളായി. താഷ്‌ക്കന്‍ഡില്‍ 40 അടി ഉയരമുള്ള സ്വര്‍ണ നിര്‍മിതമായ ബുദ്ധ പ്രതിമയുള്‍പ്പെടെ തങ്ങളുടെപഴയ ആരാധനാ മൂര്‍ത്തികളെ അവര്‍ തന്നെ നശിപ്പിച്ചു. ഈ സ്ഥലങ്ങളാണ് പില്ക്കാലത്ത് ഉസ്‌ബെകിസ്താന്‍, തുര്‍ക്കുമെനിസ്താന്‍ എന്നിവയായി മാറിയത്. പതിനഞ്ചാം നൂറ്റാണ്ടിലായിരുന്നു ഈ മാറ്റം. കരിങ്കടല്‍ തീരങ്ങളില്‍ ഇസ്‌ലാമെത്തിച്ച പ്രസിദ്ധ സൈനിക ജനറലായിരുന്നു ഉസ്‌ബെക് ഖാന്‍. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഉസ്‌ബെകിസ്താന്‍ എന്നപേര് നല്കിയത്.

ഉസ്‌ബെകിസ്ഥാന്‍ ഇസ്‌ലാമിന്റെ സുവര്‍ണകാലത്ത് തിളങ്ങിനിന്ന രാജ്യമാണ്. വിശ്വപ്രസിദ്ധ ഹദീസ് പണ്ഡിതനും ഗ്രന്ഥകാരനുമായ ഇമാം ബുഖാരി(റ)യുടെജന്മഗേഹമായ ബുഖാറ ഈ രാജ്യത്താണ്. ബുഖാരിയുടെ ശിഷ്യനും ഹദീസ് വിജ്ഞാന ശാഖയിലെ രണ്ടാമനുമായ ഇമാം മുസ്‌ലിമിന്റെ ജന്മനാടായ നിശാപൂരും വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഇസ്‌ലാമിക തത്വജ്ഞാനി ഇബ്‌നു സീനയുടെ ജന്മനാടായ ഖുറാസാനും ഉസ്‌ബെകിസ്താന്‍ മണ്ണില്‍ തന്നെ, ചുരുക്കത്തില്‍ ഉസ്‌ബെക്കിന് ഇസ്‌ലാമിന്റെ ഗന്ധമുണ്ട്.

2009ലെ കണക്കനുസരിച്ച് ജനസംഖ്യയുടെ 96 ശതമാനവും മുസ്‌ലിംകളാണ്. അതേസമയം, മുസ്‌ലിംകളില്‍ വ്യത്യസ്തമായ ചിന്താധാരകളും ഏകദൈവ സിദ്ധാന്തത്തിനു വിരുദ്ധമായ വിശ്വാസങ്ങളും വെച്ചുപുലര്‍ത്തുന്നവരും ഇവിടെ ധാരാളമുണ്ട്.

1917ല്‍ നടന്ന റഷ്യന്‍ വിപ്ലവത്തെ തുടര്‍ന്നാണ് ഉസ്‌ബെക്കിസ്താന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായത്. അതിനുമുമ്പ്സാര്‍ ഭരണത്തിനു കിഴിലായിരുന്നു. സോവിയറ്റ് യൂണിയന്‍ മതസ്വാതന്ത്ര്യം കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തോടെ ഉസ്‌ബെകിസ്താന്‍ സ്വതന്ത്ര റിപ്പബ്ലിക്കായി. ഷവകത് മിറോമോണോവിച്ച് ആണ് നിലവില്‍ പ്രസിഡന്‍റ്.

ഖലീഫ ഉസ്മാ(റ)ന്റെ കാലത്ത് എഴുതപ്പെട്ട ഖുര്‍ആന്‍ പ്രതികളിലൊന്ന് സൂക്ഷിക്കപ്പെട്ട താഷ്‌കന്‍ഡ് മ്യൂസിയം, ബുഖാറ, ഖുറാസാന്‍ പള്ളികള്‍ തുടങ്ങി പ്രൗഢിയുള്ള ഇസ്‌ലാമിക സ്മാരകങ്ങള്‍ എമ്പാടുമുണ്ട് ഉസ്‌ബെക്കില്‍.
 

Feedback
  • Thursday Nov 21, 2024
  • Jumada al-Ula 19 1446